കൊച്ചി: മാതാ അമൃതാനന്ദമയിക്കെതിരായ വിവാദ പരാമര്‍ശങ്ങളടങ്ങിയ പുസ്തകം പിന്‍വലിക്കണമെന്ന് വിശ്വഹിന്ദുപരിഷത്ത് അന്താരാഷ്ട്ര സെക്രട്ടറി ജനറല്‍ ചമ്പത് റായി ആവശ്യപ്പെട്ടു. പുസ്തകമെഴുതിയ വിദേശ വനിതയെക്കുറിച്ച് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം. കൊച്ചിയില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രകൃതിദുരന്തങ്ങളിലുള്പ്പെടെ അമൃതാനന്ദമയീമഠം നടത്തിയ സേവനപ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. അമൃതാനന്ദമയീ മഠത്തിനെതിരെ നടക്കുന്ന അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമാണ് പുസ്തകമെന്നും ചമ്പത്ത് റായ് പറഞ്ഞു. ഹിന്ദുസമൂഹത്തെ അപമാനിക്കാനുള്ള നീക്കമാണ് ഇതിന് പിന്നില്‍. സേവനപ്രവര്‍ത്തനങ്ങള്‍ തങ്ങളുടെ മാത്രം അവകാശമാണെന്ന് കരുതുന്ന ചിലരാണ് ഇതിന് പിന്നില്‍. സമൂഹത്തില്‍ ഹിന്ദു-ക്രിസ്ത്യന്‍ വേര്‍തിരിവ് സൃഷ്ടിക്കാന്‍ നടത്തുന്ന ശ്രമങ്ങളാണ് ഇത്തരം നീക്കങ്ങള്‍ക്ക് പിന്നിലെന്നും ചമ്പത്ത് റായ് പറഞ്ഞു.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ജാതിക്കും മതത്തിനും അതീതമായി രാഷ്ട്രത്തിനായി എല്ലാവരും സമ്മതിദാനാവകാവശം വിനിയോഗിക്കണം. രാജ്യത്ത് മോദി തരംഗമെന്ന പേരില്‍ നടക്കുന്നത് ദൈവത്തിന്റെ തരംഗമായാണ് താന്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാമജന്മഭൂമിയില്‍ ക്ഷേത്രനിര്‍മ്മാണത്തെ അനുകൂലിക്കുന്ന ഒരു പാര്‍ലമെന്റാണ് വിഎച്ച്പി ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ മുസ്ലിങ്ങള്‍ക്ക് രക്തബന്ധമുള്ളത് ബാബറുമായല്ല; രാമനുമായാണെന്നും ചമ്പത്ത് റായ് പറഞ്ഞു. രാജ്യത്തെ ജനസംഖ്യ അനുപാതത്തിലുണ്ടാകുന്ന മാറ്റം ആശങ്കാജനകമാണ്. ഹിന്ദുസമൂഹത്തിന്റെ ജനസംഖ്യാനുപാതം ആശങ്കാജനകമാംവിധം കുറയുന്നുവെന്നും ചമ്പത്ത് റായ് ചൂണ്ടിക്കാട്ടി. വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.മോഹനന്, എറണാകുളം ജില്ലാ പ്രസിഡന്റ് എസ്.ജെ.ആര്.കുമാര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: