തൃശൂര്‍: ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് വിയ്യൂര്‍ ജയിലിലേക്ക് കൊണ്ടുവന്ന പ്രതികളെ ജയില്‍ അധികൃതര്‍ മര്‍ദ്ദിച്ചെന്ന പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം കമ്മീഷന്റെ ഇന്‍വെസ്റ്റിഗേഷന്‍ സംഘത്തിലെ ചീഫ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ ഡിഐജി എസ്.ശ്രീജിത്ത് വിയ്യൂര്‍ ജയിലിലെത്തി പ്രതികളുടെ മൊഴിയെടുത്തു. പ്രതികള്‍ക്ക് മര്‍ദ്ദനമേറ്റിരുന്നോ എന്നതാണ് അന്വേഷിക്കാന്‍ കമ്മീഷന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വിയ്യൂരിലേക്ക് മാറ്റിയ ടി.പി.കേസിലെ പ്രതികളുടെ ശരീരത്തില്‍ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അവ എങ്ങിനെ വന്നു എന്ന് അന്വേഷിക്കാന്‍ കമ്മീഷന് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ടി.പി.കേസ് പ്രതികളെ ജയിലില്‍ ചെന്നു കണ്ട സംസ്ഥാന മനുഷ്യാവകാശ കമ്മീഷനംഗം ആര്.നടരാജന് തന്നെയാണ് മര്‍ദ്ദനത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഡിഐജിയോട് നിര്‍ദ്ദേശിച്ചതും.
ഈ മാസം ആറിന് ജയിലില്‍ സന്ദര്‍ശനം നടത്തിയ ശേഷം ജയില്‍ സൂപ്രണ്ടിനോട് മെഡിക്കല്‍ റിപ്പോര്‍ട്ട് സഹിതം കമ്മീഷന്റെ അടുത്ത സിറ്റിംഗില്‍ നേരിട്ട് ഹാജരാകാന്‍ മനുഷ്യാവകാശ കമ്മീഷനംഗം ആര്.നടരാജന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം തൃശൂര്‍ പിഡബ്ല്യുഡി റസ്റ്റ്ഹൗസില്‍ നടന്ന കമ്മീഷന് സിറ്റിംഗില്‍ സൂപ്രണ്ടിന്റെ അഭാവത്തില്‍ ജയില്‍ സൂപ്രണ്ടിന്റെ ഇന്‍ചാര്‍ജുള്ള ജയിലര്‍ ബാബുരാജാണ് കമ്മീഷന് മുമ്പാകെ ടി.പി.കേസിലെ പ്രതികളുടെ മെഡിക്കല്‍-ഹോസ്പിറ്റല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
പ്രതികളെ മര്‍ദ്ദിച്ചെന്ന ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് കമ്മീഷന് സ്വമേധയാ കേസെടുത്തിരുന്നു. പ്രതികളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പരിശോധിച്ചതിന്റെ ഇഎന്‍ടി, ഓര്‍ത്തോ, ജനറല്‍, സര്‍ജിക്കല്‍ ഡിപ്പാര്‍ട്ടുമെന്റുകളുടെ മെഡിക്കല്‍ റിപ്പോര്‍ട്ടും ജയിലില്‍ നടന്ന സംഭവങ്ങളുടെ റിപ്പോര്‍ട്ടും കമ്മീഷന് ജയില്‍ അധികൃതര്‍ കൈമാറിയിട്ടുണ്ട്. രണ്ടു മാസത്തിനകം കമ്മിഷന് അന്വേഷണ റിപ്പോര്‍ട്ട് നല്‍കാനാണ് ഉത്തരവിട്ടിട്ടുള്ളത്. എന്നാല്‍ ശ്രീജിത്തിനെ അന്വേഷണത്തില്‍ നിന്ന് മാറ്റണമെന്ന് ആര്‍എംപി ആവശ്യപ്പെട്ടിരുന്നു. പ്രതികളിലൊരാളായ സിപിഎം നേതാവ് കുഞ്ഞനന്ദനുമായി ശ്രീജിത്തിന് അടുത്തബന്ധമാണെന്ന് ആര്‍എംപി ആരോപിക്കുന്നു. അതിനാല്‍ ശ്രീജിത്തിനെ പ്രതികള്‍ക്ക് മര്‍ദ്ദനമേറ്റതുമായി ബന്ധപ്പെട്ട സംഭവം അന്വേഷിക്കുന്നതില്‍ നിന്ന് മാറ്റണമെന്നായിരുന്നു ആര്‍എംപിയുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: