തിരുവനന്തപുരം: സര്‍വ്വകലാശാലയെ മികവിന്റെ കേന്ദ്രമാക്കുകയും വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത പഠനത്തിനുള്ള സാഹചര്യമൊരുക്കുകയും ചെയ്യുകയാണ് തന്റെ പ്രഥമപരിഗണനയെന്ന് കേരളാ സര്‍വ്വകലാശാല വൈസ്ചാന്‍സലര്‍ ഡോ.പി.കെ.രാധാകൃഷ്ണന്. വിദ്യാര്‍ത്ഥികളെ സഹായിക്കാനുള്ള സ്ഥാപനമാണ് സര്‍വ്വകലാശാല. കോഴ്സുകള്‍ സമയത്തിന് തീര്‍ക്കുകയും പരീക്ഷ കൃത്യമായി നടത്തുകയും വേണം. പരീക്ഷാ ഫലങ്ങള്‍ കൃത്യസമയത്ത് പുറത്തുവരാത്തതിനാല്‍ ഉന്നത പഠനം പലപ്പോഴും വിദ്യാര്‍ത്ഥികള്‍ക്ക് പ്രശ്നമാകുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വൈസ്ചാന്‍സലറായി സ്ഥാനമേറ്റ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഡോ.രാധാകൃഷ്ണന്.
കേരളാ സര്‍വ്വകലാശാലയ്ക്ക് നാക് അക്രഡിറ്റേഷന് ഇനിയും ലഭ്യമായിട്ടില്ല. അതു നേടിയെടുക്കാന്‍ കൂട്ടായ പരിശ്രമം അത്യാവശ്യമാണ്. പാഠ്യപദ്ധതി കാലാനുസൃതമായി പരിഷ്കരിക്കണം. ഓരോ ദിവസവും പുതിയ സാങ്കേതിക വിദ്യകളും അറിവുകളും ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. അതിനനുസരിച്ച് പാഠ്യപദ്ധതി പരിഷ്കരിക്കേണ്ടതുണ്ട്. പാഠ്യപദ്ധതി പരിഷ്കരണത്തിനും സമഗ്രമാക്കലിനും കൂടുതല്‍ മുന്‍ഗണന നല്‍കുമെന്ന് വൈസ്ചാന്‍സലര്‍ പറഞ്ഞു.
നിലവിലെ സാഹചര്യത്തില്‍ സര്‍വ്വകലാശാലയുടെ ഗവേഷക വിഭാഗം ഐഐടി നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ പെട്ടെന്ന് കഴിയില്ല. അത്രയും സൗകര്യങ്ങള്‍ നമുക്കിവിടെയില്ല. ഗവേഷണത്തിനും മറ്റുമായി പുറത്തുള്ള സര്‍വ്വകലാശാലകളിലേക്ക് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ കേരളത്തില്‍ നിന്ന് പോകുന്നതും ഇക്കാരണത്താലാണ്. ഇവരെ തിരികെ നമ്മുടെ സര്വ്വകലാശാലകളിലെത്തിക്കണമെങ്കില് ഇവിടെയുള്ള സര്‍വ്വകലാശാലകള്‍ മികവിന്റെ കേന്ദ്രങ്ങളാകണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ രാവിലെ 10ന് സര്‍വ്വകലാശാല ആസ്ഥാനത്തെത്തി ഡോ.രാധാകൃഷ്ണന് വിസിയുടെ ചുമതല ഏറ്റെടുത്തു. കഴിഞ്ഞ 16 വര്‍ഷങ്ങളായി എംജി സര്‍വ്വകലാശാലയിലെ സ്കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സസില്‍ അധ്യാപകനായിരുന്നു അദ്ദേഹം. ഒന്നരക്കൊല്ലമായി കേരള സര്‍വ്വകലാശാലയ്ക്ക് വൈസ്ചാന്‍സലര്‍ ഉണ്ടായിരുന്നില്ല. പ്രൊ വൈസ്ചാന്‍സലര്‍ വീര മണികണ്ഠനാണ് വീസിയുടെ ചുമതല വഹിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: