ഷാര്‍ജ: കരുത്തരായ ദക്ഷിണാഫ്രിക്കയും മുന്‍ ചാമ്പ്യന്മാരായ ഓസ്ട്രേലിയയും അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു.
ഷാര്‍ജയില്‍ നടന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ ഒമ്പത് വിക്കറ്റ് പരാജയപ്പെടുത്തിയാണ് ദക്ഷിണാഫ്രിക്ക അവസാന നാലില്‍ ഇടംപിടിച്ചത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന് 49.5 ഓവറി ല്‍ 197 റണ്‍സിന് ഓള് ഔട്ടായി. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 39.2 ഒാവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സെടുത്തു. പുറത്താകാതെ 105 റണ്‍സ് നേടിയ അയ്ഡന്‍ മാര്ക്ക്റാമിന്റെയും കിര്ഫിന് ക്രിസ്റ്റോഫല്സിന്റെയും (56 നോട്ടൗട്ട്) മികച്ച പ്രകടനമാണ് ദക്ഷിണാഫ്രിക്കക്ക് തകര്‍പ്പന്‍ വിജയവും സെമിബെര്‍ത്തും സമ്മാനിച്ചത്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന് നിരയില്‍ 61 റണ്‍സെടുത്ത നാസിര്‍ ജമാലാണ് ടോപ്സ്കോറര്‍. 36 റണ്‍സെടുത്ത ഉസ്മാനന് ഖാനിയും 30 റണ്‍സെടുത്ത ഇഷനുള്ളയും ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും മറ്റുള്ളവര്‍ക്കൊന്നും മികച്ച ഇന്നിംഗ്സ് കളിക്കാന്‍ കഴിഞ്ഞില്ല. ദക്ഷിണാഫ്രിക്കക്ക് വേണ്ടി ജസ്റ്റിന് ഡില് നാല് വിക്കറ്റുകള്‍ വീഴ്ത്തി.
ദുബായില്‍ നടന്ന മറ്റൊരു ക്വാര്‍ട്ടര്‍ ഫൈനലില്‍ വെസ്റ്റിന്‍ഡീസിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഓസ്ട്രേലിയ സെമിയില്‍ പ്രവേശിച്ചത്. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് 49.5 ഓവറില്‍ 208 റണ്‍സിന് പുറത്തായി. വിന്‍ഡീസ് നിരയില്‍ 160 പന്തില്‍ നിന്ന് 14 ബൗണ്ടറികളും 6 സിക്സറുമടക്കം 143 റണ്‍സെടുത്ത നിക്കോളാസ് പൂരന് മാത്രമാണ് തകര്‍പ്പന്‍ പ്രകടനം നടത്തിയത്. 20 റണ്‍സെടുത്ത ജെറോം ജോണ്‍സും 10 റണ്‍സെടുത്ത ജെര്‍മി സൊളൊസാനോയും മാത്രമാണ് നിക്കോളാസിന് പുറമെ വിന്‍ഡീസ് നിരയില്‍ രണ്ടക്കം കടന്നത്. ഓസ്ട്രേലിയക്ക് വേണ്ടി ഗ്വെ വാല്‍ക്കര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ മാത്യു ഷോര്‍ട്ടും (52), ജെറോണ്‍ മോര്‍ഗനു (55), ജെയ്ക് ഡൊരാന് (49 നോട്ടൗട്ട്) എന്നിവരുടെ മികച്ച ബാറ്റിംഗിന്റെ കരുത്തിലാണ് 46.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സെടുത്താണ് വിജയം സ്വന്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: