തിരുവനന്തപുരം: സോളാര്‍ കേസിലെ പ്രതി സരിത.എസ്.നായര്‍ കേസുകളിലെല്ലാം ജാമ്യം നേടി പുറത്തിറങ്ങിയത് മന്ത്രിമാരടക്കം ഉന്നതരായ പലരുടെയും ഉറക്കം കെടുത്തും. ജയിലില്‍ ഉണ്ടായിരുന്ന സരിതയേക്കാള്‍ പ്രശ്നക്കാരി ജയിലിനു പുറത്തുള്ള സരിതയാണെന്നതാണ് പലരുടെയും ഭയം. പുറത്തു വന്ന ശേഷം സരിതയുടെ ആദ്യ പ്രതികരണവും പലരെയും ഉന്നംവച്ചുള്ളതായിരുന്നു.
തനിക്ക് സംസാരിക്കാനുണ്ടെന്നും രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ അതുണ്ടാകുമെന്നുമാണ് അവര്‍ പറഞ്ഞത്. ഉന്നതരെക്കുറിച്ച് തനിക്ക് പറയാനുള്ള കാര്യങ്ങള്‍ പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തി ‘ബ്ലാക്ക്മെയില്‍’ ചെയ്യുകയാകും അവരുടെ തന്ത്രം. ജയിലില്‍ കിടന്നും സരിത ചെയ്തിരുന്നതും അതുതന്നെയാണ്. ജയിലിനു പുറത്തിറങ്ങിയപ്പോള്‍ മാധ്യമങ്ങളെ കാണാന്‍ കൂടുതല്‍ സൗകര്യം അവര്ക്കുണ്ടായിരിക്കുകയാണ്. വരും ദിവസങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ സരിതയില്‍ നിന്നെന്തെങ്കിലും വീണുകിട്ടാന്‍ ശ്രമം നടത്തും. ലോകസഭാ തെരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ സോളാര്‍കേസും സരിതയും കൂടുതല്‍ സജീവമാകും.
എട്ടുമാസത്തിനു ശേഷമാണ് സരിത ജയില്‍ മോചിതയാകുന്നത്. സോളാര്‍ പവര്‍പ്ലാന്റുകള്‍ സ്ഥാപിക്കാമെന്നും തമിഴ്നാട്ടില്‍ കാറ്റില്‍ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കുന്നതിന് വിന്‍ഡ് പവര്‍ മില്ലുകള്‍ സ്ഥാപിച്ചു നല്‍കാമെന്നും വാഗ്ദാനം നല്കി സ്ഥാപനങ്ങളിലും വ്യക്തികളിലും നിന്ന് കോടികള്‍ തട്ടിച്ച കേസിലാണ് കഴിഞ്ഞ വര്‍ഷം ജൂണില്‍ സരിതയെയും ഭര്‍ത്താവ് ബിജുരാധാകൃഷ്ണനെയും അറസ്റ്റ് ചെയ്തത്. പെരുമ്പാവൂര്‍ സ്വദേശിയില്‍ നിന്ന് 40.5 ലക്ഷം രൂപ തട്ടിച്ച കേസിലായിരുന്നു ആദ്യ അറസ്റ്റ്. പിന്നീട് സംസ്ഥാനത്തെ വിവിധ കോടതികളിലായി 46 കേസുകള്‍ ഇവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തു. സോളാര്‍ അഴിമതിക്കേസില്‍ ഏഴുകോടിയുടെ തട്ടിപ്പാണ് നടന്നതെന്നാണ് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞത്. എന്നാല്‍ പരാതി പറയാനാകാത്ത നിരവധി പേര് കോടിക്കണക്കിനു രൂപ ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്. സരിതയും ബിജുരാധാകൃഷ്ണനും ചേര്‍ന്ന് തട്ടിച്ച പണം എവിടെയെന്ന് കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ലെന്നതും പോരായ്മയാണ്.
സോളാര്‍ കേസ് സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ചതിന്റെ പ്രധാന കാരണം സരിത നായരുടെ സാന്നിധ്യമാണ്. ചുരുങ്ങിയ കാലം കൊണ്ട് സരിത കേരളത്തില്‍ ഗ്ലാമര്‍ താരമായി. സര്‍ക്കാരിന്റെ പ്രതിഛായയെ കാര്യമായി ബാധിച്ച സോളാര്‍ കേസ് ഉമ്മന്‍ചാണ്ടിയുടെ പതനത്തിനും കാരണമാകുമെന്ന ഘട്ടത്തിലെത്തിയിരുന്നു. മുഖ്യമന്ത്രിക്കും കേന്ദ്ര, സംസ്ഥാന മന്ത്രിമാര്‍ക്കും സരിതയുമായി ബന്ധമുണ്ടെന്ന വാര്‍ത്തകള്‍ പുറത്തു വന്നു. ചില കേന്ദ്രമന്ത്രിമാരും സംസ്ഥാന മന്ത്രിമാരും സരിതയുമായി വിമാനയാത്ര നടത്തിയതിന്റെയും സുഖവാസ കേന്ദ്രങ്ങളില്‍ എത്തിയതിന്റെയും വിവരങ്ങളും പുറത്തായി. സരിതയുടെ പല തട്ടിപ്പുകള്‍ക്കും മുഖ്യമന്ത്രിയുടെ ഓഫീസ് കൂട്ടുനിന്നു. മുഖ്യമന്ത്രിയുടെ വിശ്വസ്തര്‍ അറസ്റ്റിലുമായി. മന്ത്രിമാരും രാഷ്ട്രീയനേതാക്കളും എല്ലാം സംശയത്തിന്റെ നിഴലിലാണ് ഇപ്പോഴും. സരിത മജിസ്ട്രേറ്റിനു നല്കിയ മൊഴിയെകുറിച്ചും അവരെഴുതിയ കത്തിനെക്കുറിച്ചുമുള്ള അഭ്യൂഹങ്ങളും ഇനിയും അവസാനിച്ചിട്ടില്ല. ജയിലില്‍ വച്ചെഴുതിയ കത്തില്‍ കേന്ദ്രസംസ്ഥാന മന്ത്രിമാരുടെ പേരുകളുണ്ടെന്നു പ്രചരിച്ചിരുന്നു. സരിത സത്യസന്ധമായി മനസ്സു തുറന്നാല്‍ കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ സംഭവങ്ങളുടെ സത്യസ്ഥിതി ജനങ്ങള്ക്കറിയാനാകും.
എന്നാല്‍ ജയിലിനുള്ളില്‍ നിന്നു പുറത്തുവരാന്‍ അവരെ സഹായിച്ചത് ആരോപണ വിധേയരായ ഉന്നതര്‍ തന്നെയാണെന്നാണ് കരുതേണ്ടത്. സരിതയും അവരുമായി ഉണ്ടാക്കിയ ഉടമ്പടിയുടെ അടിസ്ഥാനത്തിലായിരുന്നു അത്. കേസുകളില്‍ നിന്ന് ജാമ്യം നേടാന്‍ 12.85 ലക്ഷത്തോളം രൂപ വിവിധ കോടതികളിലായി കെട്ടിവച്ചിട്ടുണ്ട്. ജയിലില്‍ കിടന്ന ഇവര്‍ക്ക് ഈ പണം നല്കിയതും ഉന്നതരാണെന്ന സൂചനയുണ്ട്. ജയിലില്‍ കിടന്ന് വിലപേശിയ സരിത പുറത്തു വന്നും അതു തന്നെ ആവര്‍ത്തിക്കും. തനിക്ക് പലതും പറയാനുണ്ടെന്ന് പുറത്തിറങ്ങിയ ഉടനെ അവര്‍ പ്രതികരിച്ചതും അതിനാലാണ്. സരിതയുടെ വായ തുറപ്പിക്കാതിരിക്കുക എന്നതാണ് പലരുടെയും ലക്ഷ്യം. അവരുമായി വില പേശി വായ അടച്ചു വയ്ക്കാന്‍ സരിത തയ്യാറാകുകയും ചെയ്യും.
ആര്.പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: