തൃശൂര്‍: പകിട സിനിമ കണ്ട് സുമതിയുടെ കണ്ണു നിറഞ്ഞൊഴുകി, തനിക്ക് എന്നെന്നേക്കുമായി നഷ്ടമായ മകള്‍ സൗമ്യയുടെ ഓര്മ്മക്കണ്ണീരായിരുന്നു തുടക്കത്തില്‍. പിന്നെ അത് ആശ്വാസക്കണ്ണീരായി. തേങ്ങിക്കൊണ്ട് സുമതി പറഞ്ഞു “ഞാനും ആഗ്രഹിച്ചത് അവന്റെ നാശമാണ്. ബിജുമേനോന് അത് യാഥാര്‍ത്ഥ്യമാക്കുമ്പോള്‍ ശരിക്കും സന്തോഷക്കണ്ണീരാണ് വന്നത്.”
ട്രെയിന്‍ യാത്രക്കിടെ പീഡിപ്പിക്കപ്പെട്ടു ജീവന് നഷ്ടമായ സൗമ്യയുടെ ദുരന്തകഥയെ ആസ്പദമാക്കി സുനില്കാര്യാട്ടുകര സംവിധാനം ചെയ്ത പകിട എന്ന ചിത്രം കാണാന്‍ കനത്ത ഹൃദയത്തോടെയാണ് സൗമ്യയുടെ അമ്മ സുമതിയെത്തിയത്. ചിത്രത്തെക്കുറിച്ച് കേട്ടറിഞ്ഞ സൗമ്യയുടെ അമ്മ തൃശൂര്‍ രാംദാസിലെത്തിയാണ് ഇന്നലെ നൂണ്‍ഷോ കണ്ടത്. തേങ്ങിക്കരഞ്ഞു കൊണ്ടാണ് സുമതി ചിത്രം കണ്ടു തീര്‍ത്തത്.
മകളുടെ ദുരനുഭവം സ്ക്രീനില്‍ തെളിഞ്ഞപ്പോള്‍ ആ അമ്മയുടെ മുഖത്ത് പേടിയും ദുഃഖവും നിറഞ്ഞു. ഈശ്വരാ ഇതു തന്നെയല്ലേ എന്റെ മകള്ക്കുമുണ്ടായതെന്ന് അവര്‍ പതിയെ പറഞ്ഞു. ഗോവിന്ദച്ചാമിയെ പോലുള്ള സിനിമയിലെ കഥാപാത്രവും ബിജുമേനോന്റെ കഥാപാത്രവും തമ്മിലുള്ള പോരാട്ടം ഏറെ ആകാംക്ഷയോടെയാണ് കണ്ടതെന്ന് ചിത്രം കണ്ട് പുറത്തുവന്ന ശേഷം സുമതി പറഞ്ഞു.
ബിജുമേനോന്റെ കഥാപാത്രത്തെ പോലുളളവര്‍ ഈ നാട്ടില്‍ വേണം. നിയമത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടുന്നവര്‍ക്ക് ശിക്ഷ വിധിക്കാന്‍ അയാളെ പോലുള്ളവര്‍ അത്യാവശ്യമാണ്. എനിക്ക് എന്റെ മകളെ കൊന്നവനെ ഇല്ലാതാക്കണമെന്ന് ഈ നിമിഷം പോലും തോന്നുന്നുണ്ട്. ഓരോ ദിവസവും ഞാനുണരുന്നത് എന്റെ മകളുടെ ചിത്രം കണ്ടുകൊണ്ടാണ്. അവനെ ആരെങ്കിലും കൊന്നെങ്കിലെന്ന് എത്രയോ തവണ ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട്, ആഗ്രഹിക്കുന്നുണ്ട്. പലതവണ ഞാന്‍ പ്രാര്‍ത്ഥിച്ചിട്ടുണ്ട് അവന്റെ അവസാനം കാണാന്‍, പകിട എന്റെ പ്രാര്‍ത്ഥനകള്‍ക്കുള്ള ഉത്തരമാണ്. ഞാന്‍ അല്ലെങ്കില്‍ എന്നെപ്പോലുളള ഓരോ അമ്മയും ആഗ്രഹിക്കുന്നതാണ് അവനോട് ബിജുമേനോന്റെ കഥാപാത്രം ചെയ്യുന്നത്. അവന് കിട്ടിയ ശിക്ഷ ഏറ്റവും കടുത്തതും ക്രൂരവുമായിരുന്നു, സുമതി പറഞ്ഞു.
എവിടെ ഏത് പെണ്‍കുട്ടി ആക്രമിക്കപ്പെടുമ്പോഴും ആദ്യം പരാമര്‍ശിക്കപ്പെടുന്നത് എന്റെ സൗമ്യയുടെ പേരാണ്. ആളുകള്‍ അവളെ മറക്കുന്നില്ലെന്നതും അവളെ സ്നേഹിക്കുന്നുവെന്നതും ഏറെ സന്തോഷം തരുന്ന കാര്യമാണ്. പകിടയില്‍ നിയമം വെറുതെ വിടുന്ന കുറ്റവാളിയെ ഇല്ലാതാക്കണമെന്ന് ഏതൊരാളും ആഗ്രഹിക്കുന്നതാണ്. ഞാനും ആഗ്രഹിച്ചത് അവന്റെ നാശമാണ്. ബിജുമേനോന് അത് യാഥാര്‍ത്ഥ്യമാക്കുമ്പോള്‍ ശരിക്കും സന്തോഷക്കണ്ണീരാണ് വന്നതെന്നും സുമതി വിശദമാക്കി.
ഗോവിന്ദച്ചാമിയുടെ വധശിക്ഷ നീണ്ടുപോകുന്നതിലുള്ള അതൃപ്തിയും സുമതി മാധ്യമപ്രവര്‍ത്തകരോട് പ്രകടിപ്പിച്ചു. സിനിമയില്‍ കുറ്റകൃത്യം നടത്തിയ ആള് നിയമത്തിന്റെ പഴുതിലൂടെ രക്ഷപ്പെടുന്നുണ്ടെങ്കിലും സൗമ്യയുടെ കാര്യത്തല്‍ അതുണ്ടാകാതെ പോയതിന് കേസന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കും നിയമപാലകര്‍ക്കും നിയമജ്ഞര്‍ക്കും അഭിഭാഷകര്‍ക്കുമെല്ലാം സുമതി നന്ദി പറയുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: