കോട്ടയം: ചാരായം വാറ്റി സൂക്ഷിച്ച് വില്പന നടത്തി വരുന്നതായി എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡിനു കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കോട്ടയം എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക്ക് സ്പെഷ്യല്‍ സ്ക്വാഡ് പ്രിവന്റീവ് ആഫീസര്‍ ഫിലിപ്പ് തോമസിന്റെ നേതൃത്വത്തിലുള്ള സംഘം ഭരണങ്ങാനം കയ്യൂര്‍ കരയില്‍ മന്നാട്ട് വീട്ടില്‍ സുകുമാരന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ചാരായം കണ്ടെടുത്തതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്തു.
കപ്പ കൃഷിയുടെ മറവില്‍ രാത്രി കാലങ്ങളില്‍ കപ്പ വാട്ടാനെന്ന വ്യാജേനയാണ് ചാരായം വാറ്റിയിരുന്നത്. മുന്തിയ ഇനം പട്ടികളെ വളര്‍ത്തി വില്പന നടത്തിയിരുന്ന ഇയാളുടെ അടുത്ത് പട്ടിയെ വാങ്ങാനെന്ന വ്യാജേന സമീപിച്ചാണ് എക്സൈസ് സംഘം പ്രതിയെ തന്ത്രപരമായി കുടുക്കിയത്. ഏകദേശം 55 ലിറ്റര്‍ ചാരായം വാറ്റി വിതരണം ചെയ്തതായി റെയ്ഡില്‍ കണ്ടെത്തി. റെയ്ഡില്‍ 1.250 ലിറ്റര്‍ വാറ്റുചാരായം വീടിനുള്ളില്‍ നിന്നും പിടിച്ചെടുത്തു. പ്രതിയെ 14 ദിവസം റിമാന്‍ഡ് ചെയ്തു. റെയ്ഡില്‍ എക്സൈസ് പ്രിവന്റീവ് ആഫീസര്‍ ഫിലിപ്പ് തോമസ്, സിവില്‍ എക്സൈസ് ആഫീസര്‍മാരായ കെ.പി.റെജി, ആരോമല്‍ മോഹന്‍, രതീഷ്ലാല്‍.ടി.കെ, ലെബിമോന്‍.കെ.എസ്, ടി.കെ.സജു, ലൈജു.പി.ജോര്‍ജ്ജ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: