ഹിറ്റ്ലറുടെ യുദ്ധപ്രചാരണ മന്ത്രിയായിരുന്നു ഗീബല്‍സ്. ഗീബല്‍സിന്റെ സിദ്ധാന്തം ഒരു നുണ നൂറുപ്രാവശ്യം ആവര്‍ത്തിച്ചാല്‍ അത് സത്യമായിത്തീരും എന്നാണ്. അന്ന് നാസി പട്ടാളക്കാര്‍ക്ക് കൊടുത്തിരുന്ന നിര്‍ദ്ദേശം ഒരാള്‍ ദിവസത്തില്‍ ഒരു നുണയെങ്കിലും പറഞ്ഞിരിക്കണം എന്നാണ്. ആ ഗീബല്‍സിയന്‍ തന്ത്രമാണ് ഇന്ന് നരേന്ദ്രമോദിക്കും ബിജെപിക്കും നേര്‍ക്ക് പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്. ദുഷ്ടലാക്കോടെയുള്ള ഈ പ്രചാരണത്തില്‍ കോണ്‍ഗ്രസുകാരും മതേതര ഇടതുപക്ഷ വിപ്ലവവായാടികളും രാഷ്ട്രീയ ഭിക്ഷാംദേഹികളും ഉള്‍പ്പെടുന്നു. ഇതുവരെ ബാബറി മസ്ജിദ് ആയിരുന്നു. അത് ഇപ്പോള്‍ നനഞ്ഞ പടക്കമാണ്. ഇപ്പോള്‍ എല്ലാവര്‍ക്കുമുള്ള വിഷയം ഗുജറാത്ത് കലാപമാണ്. ആ കലാപം ഉണ്ടാകാനുളള കാരണം എന്താണ്? അതുമാത്രം ആരും മിണ്ടുന്നില്ല. 59 രാമഭക്തരെ അടച്ചിട്ട കമ്പാര്ട്ടുമെന്റിലിട്ട് ജീവനോടെ കത്തിച്ചതിനെക്കുറിച്ച് ആര്‍ക്കും ഒന്നും പറയാനാവില്ല. മരണവെപ്രാളത്തില്‍ ഒന്ന് പിടയുവാന്‍ പോലും ആ പാവങ്ങള്‍ക്ക് കഴിഞ്ഞില്ല. പ്രാണവായുപോലും കിട്ടാതെയാണ് ആ മനുഷ്യജീവികള്‍ വെന്തുമരിച്ചത്. ഈയിടെ ഒരു ചാനല്‍ ചര്‍ച്ചയില്‍ കോണ്‍ഗ്രസിന്റെ ഒരു ദേശീയ വനിതാ നേതാവ് ഗുജറാത്ത് കലാപത്തെക്കുറിച്ച് വികാരനിര്‍ഭരയായി പറഞ്ഞത് ഗുജറാത്തില്‍ മുസ്ലിങ്ങളെ തിരഞ്ഞുപിടിച്ച് അതിഭീകരമായാണ് കൊലപ്പെടുത്തിയെന്നാണ്. ഇന്ദിരാഗാന്ധിയുടെ വധത്തിനുശേഷം ദല്‍ഹിയിലും ഹരിയാനയിലും പഞ്ചാബിലും ഉത്തര്‍പ്രദേശിലും നടമാടിയ സംഹാരതാണ്ഡവത്തില്‍ സിഖുകാരെ തിരയാതെ പിടിച്ച് വേദനയെടുപ്പിക്കാതെയുള്ള ദയാവധമാണോ നടപ്പിലാക്കിയത്? ഇത് മൊത്തം എണ്ണായിരത്തില്‍ അധികം വരുമെന്നാണ് കണക്ക്. ഇത് മുംബൈയിലേക്കും കൂടി വ്യാപിച്ചിരുന്നെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നുവെന്ന് ചിന്തിക്കുവാന്‍ കൂടി കഴിയില്ല. ബാല്‍താക്കറെയുടെ ശക്തമായ താക്കീത് ഉണ്ടായിരുന്നതിനാല്‍ അവിടെ കോണ്‍ഗ്രസുകാര്‍ക്ക് അനങ്ങുവാന്‍ പോലുമുള്ള ധൈര്യമുണ്ടായിരുന്നില്ല.
ഇനി ഫാസിസത്തിന്റെ കാര്യമെടുക്കാം. ഇന്ത്യയില്‍ ഫാസിസത്തിന്റെ കാലഘട്ടമെന്ന് പറഞ്ഞാല്‍ അത് അടിയന്തരാവസ്ഥയുടെ നാളുകളാണ്. ക്വിറ്റ് ഇന്ത്യാ സമരകാലത്ത് ബ്രിട്ടീഷുകാര്‍ തടവറയിലാക്കിയതിനേക്കാള് കൂടുതല്‍ ആളുകളെ ഇന്ദിരാഗാന്ധി അറസ്റ്റ് ചെയ്തു ജയിലിലടച്ചു. പ്രതിപക്ഷ പാര്‍ട്ടികളിലുള്ള രണ്ട് ലക്ഷത്തില്‍പ്പരം പ്രവര്‍ത്തകരേയും നേതാക്കളേയും ഒരു കുറ്റവും ചെയ്യാതെയാണ് തുറുങ്കിലടച്ചത്. മൊറാര്‍ജി ദേശായിയേയും ജയപ്രകാശ് നാരായണനേയും ഏകാന്തതടവിലാണ് പാര്‍പ്പിച്ചത്. കോണ്‍ഗ്രസിന്റെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന എ.ആര്.ആന്തുലയുടെ സിമന്റു കുംഭകോണം പാര്‍ലമെന്റില്‍ വെളിപ്പെടുത്തിയ പ്രഗത്ഭ പാര്ലമെന്റേറിയന് ജ്യോതിര്‍മയ് ബാസുവിന്റെ അച്ഛന് മരിച്ചിട്ട് അന്ത്യകര്‍മങ്ങള്‍ ചെയ്യുവാന്‍ അനുവദിക്കുന്നു പോകട്ടെ അവസാനമായി ആ മൃതശരീരം ഒന്നു കാണുവാന്‍ പോലും അനുവദിച്ചില്ല. അവസാനം ബാസുവും ജയിലില്‍ കിടന്നുതന്നെ മരിച്ചു. അടിയന്തരാവസ്ഥ സമയത്ത് പശ്ചിമബംഗാള്‍ ഭരിച്ചിരുന്ന കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സിദ്ധാര്‍ത്ഥ ശങ്കര്‍ റേ ആയിരത്തി അഞ്ഞൂറോളം മാര്‍ക്സിസ്റ്റ് പ്രവര്‍ത്തകരെ പോലീസുമായുള്ള ഏറ്റുമുട്ടല്‍ എന്ന പേരില്‍ കൊല്ലിച്ചു. ഇതില്‍ എസ്എഫ്ഐക്കാരായ കുട്ടികള്‍ പോലുമുണ്ട്. ഇങ്ങനെയൊക്കെ ചെയ്ത കോണ്‍ഗ്രസിനെയാണ് 2004 ല്‍ സിപിഎം പിന്തുണച്ച് അധികാരത്തിലേറ്റിയത്. ബിജെപിയ്ക്ക് ഇതുപോലെയുള്ള നിഷ്ഠുരത ഒരുകാലത്തും ചെയ്യുവാന്‍ സാധിക്കില്ല.
സ്വാതന്ത്ര്യലബ്ധിയ്ക്ക് ശേഷമുണ്ടായ മൂന്ന് യുദ്ധങ്ങളിലും ആര്‍എസ്എസ് സ്വയംസേവകര്‍ ചെയ്ത സേവനം ഒരു കാലത്തും വിസ്മരിക്കുവാന്‍ കഴിയില്ല. യുദ്ധത്തില്‍ മുറിവേറ്റ പട്ടാളക്കാരന്റെ ജീവന് രക്ഷിക്കുവാന്‍ ആയിരക്കണക്കിന് സ്വയംസേവകരാണ് സ്വന്തം ജീവരക്തം ഊറ്റിക്കൊടുത്തത്. 1962 ലെ റിപ്പബ്ലിക് ഡേ പരേഡില്‍ പങ്കെടുക്കുവാന്‍ ആര്‍എസ്എസിന് ജവഹര്‍ലാല്‍ നെഹ്റു അനുവാദം കൊടുത്തു. 1971 ലെ ബംഗ്ലാദേശ് യുദ്ധസമയത്ത് ന്യൂദല്‍ഹിയിലെ ട്രാഫിക് കണ്ട്രോള് മുഴുവന്‍ ഏറ്റെടുത്ത് നടത്തിയത് സ്വയംസേവകരാണ്. ഈ സമയത്തെല്ലാം രാത്രിയില്‍ ബ്ലാക് ഔട്ട് ആണെന്ന് കൂടി ഓര്‍ക്കണം.
ലൈറ്റിടാതെയാണ് വാഹനങ്ങളെല്ലാം ഓടിച്ചിരുന്നത്. ദശാബ്ദങ്ങള്‍ക്ക് മുന്‍പ് സുനാമിപോലെ കടലില്‍നിന്നും രാക്ഷസ തിരകളടിച്ച് ആന്ധ്രയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ആയിരക്കണക്കിന് മനുഷ്യരും കന്നുകാലികളും ചത്തു. മൃതശരീരങ്ങള്‍ ചീഞ്ഞുനാറുവാന്‍ തുടങ്ങി. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുമോ എന്ന ഭീതിയിലായി. ഇതുപോലെയുള്ള ദുരന്തങ്ങള്‍ സംഭവിക്കുമ്പോഴുള്ള പതിവാണല്ലോ പട്ടാളത്തെ വിളിക്കുകയെന്നത്. അതിന്‍പടി പട്ടാളത്തെ അയയ്ക്കുവാന് ആവശ്യപ്പെട്ടു. പക്ഷേ അന്നത്തെ സൈനിക മേധാവിയായിരുന്ന ജനറല്‍ ചൗധരി പറഞ്ഞു, പോയി പണി നോക്കാന്‍. എന്റെ പട്ടാളക്കാര്‍ ശവം മാറ്റാനുള്ളവരല്ലെന്ന്. ഈ അവസ്ഥയില്‍ സ്വയംസേവകര്‍ അവിടെ ചെന്ന് മൃതശരീരങ്ങള്‍ എടുത്തുമാറ്റി അവരവരുടെ മതാചാരപ്രകാരം സംസ്ക്കരിച്ചു. ഇവരുടെയൊന്നും പടങ്ങള്‍ പത്രങ്ങളില്‍ അച്ചടിച്ചു വന്നില്ല. അതാണ് ആര്‍എസ്എസും മറ്റുള്ളവരും തമ്മിലുള്ള വ്യത്യാസം.
അടുത്തിടെ നരേന്ദ്രമോദി ഒരു പ്രസ്താവന നടത്തി. അദ്ദേഹമൊരു ദേശീയ ഹിന്ദുവാണെന്ന്. പോരെ പൂരം. മോദി വര്‍ഗീയ വാദിയായി. ഈ ഹൈന്ദവ ഭൂമിയില്‍നിന്ന് താനൊരു ഹിന്ദുവാണെന്ന് പറഞ്ഞാല്‍ അത് വര്‍ഗീയതയായി. ലോകത്ത് ഇസ്ലാമിക് റിപ്പബ്ലിക്കുകളും ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് പാര്ട്ടികളുമാവാം. ഹിന്ദുവെന്ന് ഒരു വാക്ക് ഉച്ചരിച്ചാല്‍ അത് വര്‍ഗീയം. സുന്നി മര്‍ക്കസ് മഹാസമ്മേളനങ്ങളാവാം, മരാമണ്‍ കണ്‍വെന്‍ഷനുകളും പോട്ട ബൈബിള്‍ കണ്‍വെന്‍ഷനുകളും ആവാം. അതില്‍ ആര്‍ക്കും ഒരാക്ഷേപവുമില്ല. പക്ഷേ ഹിന്ദുമത സമ്മേളനമോ, തിയ്യ സംഗമമോ, ഈഴവ സംഗമമോ നടത്തിയാല്‍ അത് വര്‍ഗീയം. പള്ളിയില്‍ പോകരുതെന്നും നോമ്പെടുക്കരുതെന്നും ആരും പറയുന്നില്ല. പക്ഷേ ഗണപതി ഹോമം ചെയ്യുന്നതിനും ക്ഷേത്രദര്‍ശനം നടത്തുന്നതിലും വിലക്ക് ഏര്‍പ്പെടുത്തുന്നു. ഈ ഇരട്ടത്താപ്പ് നയം ജനങ്ങള്‍ക്ക് നന്നായി മനസ്സിലാകുന്നുണ്ട്.
ഇവിടെ ന്യൂനപക്ഷമെന്നത് മുസ്ലിങ്ങളെന്നും ക്രിസ്ത്യാനികളെന്നും മാത്രമായി ചുരുങ്ങിയിരിക്കുന്നു. ഇവരെ കൂടാതെ മറ്റു പല ന്യൂനപക്ഷ വിഭാഗങ്ങളും ഇവിടെയുണ്ട്. സിഖുകാര്‍, ജൈനന്മാര്, ബുദ്ധമതക്കാര്‍, പാഴ്സികള്‍, യഹൂദന്മാര് തുടങ്ങി ബഹായികള്‍ വരെ. ഇവരാരും തന്നെ ന്യൂനപക്ഷ പീഡനം, ന്യൂനപക്ഷ അവകാശനിഷേധം എന്നൊക്കെ പറഞ്ഞ് മുറവിളി കൂട്ടുന്നില്ല. ഇന്ത്യയിലെ വ്യസായ ഭീമന്മാരായ ടാറ്റയും ഗോദ്റേജും ന്യൂനപക്ഷമായ പാഴ്സികളാണ്.
അതുപോലെ തന്നെ ഇന്ത്യയിലെ വ്യാപാരവ്യവസായ രംഗം കയ്യടക്കി വാഴുന്ന മാര്‍വാഡികള്‍ എന്ന് പൊതുവെ പറയപ്പെടുന്ന സമൂഹത്തിലെ ഭൂരിഭാഗവും ജൈനന്മാരാണ്. ഇവരാരും തന്നെ ന്യൂനപക്ഷാവകാശമെന്ന പ്രത്യേകമായ പരിഗണന കൊണ്ടല്ല ഇന്നത്തെ നിലയില്‍ എത്തിച്ചേര്‍ന്നത്. ഇവിടെ പ്രത്യേകമായി എടുത്തപറയേണ്ട മറ്റൊരു പ്രധാന കാര്യം സ്വാതന്ത്ര്യസമരകാലത്ത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ മുംബൈയിലെ നെടുനായകന്മാരായിരുന്ന കെ.എഫ്.നരിമാനും ബി.ജി.ഹോര്മണിമാനും പാഴ്സികളായിരുന്നു എന്നതാണ്. ദല്‍ഹി കൂട്ടക്കൊലപോലെയുള്ള കടുത്ത ആഘാതമേറ്റിട്ടും സിഖ് ജനതയുടെ സ്നേഹത്തിന്മേല്‍ ഒരു പോറല്‍ പോലുമേല്‍പ്പിക്കുവാന്‍ കഴിഞ്ഞില്ല. അതാണ് അവരുടെ ധര്‍മത്തിന്റെ സ്വഭാവ സവിശേഷത. ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ഗംഗാനദിയില്‍ ഇറങ്ങിനിന്ന് വെള്ളത്തിന് മുകളില്‍ പൊങ്ങിക്കിടക്കുന്ന ഐസുകട്ടകള്‍ തട്ടിമാറ്റി മുങ്ങിനിവര്‍ന്ന് കൈക്കുമ്പിളില്‍ ഗംഗയിലെ പവിത്രജലം കോരിയെടുത്ത് ഗായത്രി മന്ത്രം ജപിച്ച് തര്‍പ്പണം ചെയ്യുന്ന ഹിന്ദു സന്ന്യാസിയുടേയും പശുവിന്റെ തുട പൊരിച്ചു തിന്ന് വിസ്കി കുടിക്കുന്ന ഇറ്റലിക്കാരന്റേയും സംസ്ക്കാരം രണ്ടാണ്. തെരഞ്ഞെടുപ്പ് സമയത്ത് ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ പ്രചാരണത്തിന് പോകുമ്പോള്‍ അവിടുത്തെ ഹൈന്ദവ സ്ത്രീകളുടെ ആചാരംപോലെ സാരിയുടെ തലപ്പ് തലവഴിയിട്ട് കുങ്കുമക്കുറി വരച്ചാണ് സോണിയ പ്രത്യക്ഷപ്പെടാറുള്ളത്. ഏത് ക്രിസ്ത്യന്‍ ആചാരത്തിന്റെ ഭാഗമാണിത്? കുറച്ചുനാളുകള്‍ക്ക് മുന്‍പ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുന്നോടിയായി റായ്ബറേലിയിലും അമേഠിയിലും പ്രിയങ്കാ ഗാന്ധി വന്ന് ഫാഷന്‍ പരേഡ് നടത്തുന്നത് ടിവി ചാനലുകളില്‍ കണ്ടു. മോളും അമ്മയെ അനുകരിച്ച് സാരിയുടെ തലപ്പ് തലവഴി പുതച്ചാണ് പരിപാടി. ഇടയ്ക്കിടക്ക് തലയില്‍നിന്നും ഊര്‍ന്ന് വീഴുന്ന സാരിത്തലപ്പ് പിടിച്ചു ശരിയാക്കിക്കൊണ്ടിരുന്നു. റോബര്‍ട്ട് വാദ്രയെ കല്യാണം കഴിച്ച ഇവര്‍ ഹിന്ദുവാണോ? സാധാരണഗതിയില്‍ വിവാഹശേഷം സ്ത്രീകള്‍ അവര്‍ ഏത് മതത്തില്പ്പെട്ടവരാകട്ടെ, ഭര്‍ത്താവിന്റെ പേരാണ് ചേര്‍ത്തെഴുതുക. എന്നാല്‍ ഗാന്ധിയെന്ന ബ്രാന്റ്നെയിം പ്രിയങ്ക വിടാനുള്ള മട്ടില്ല. ഇനി ഇവരുടെ മക്കളും ഭാവിയിലെ ഗാന്ധിമാരായിരിക്കും.
ഗാന്ധിയെന്നത് ഹിന്ദുമതത്തിലെ വണികവൈശ്യ വിഭാഗക്കാരാണ്. ഗുജറാത്തിലും രാജസ്ഥാനിലുമാണ് ഇവര്‍ മുഖ്യമായും അധിവസിക്കുന്നത്. നമ്മളിവിടെ പ്രതിപാദിക്കുന്ന ഗാന്ധിപുരാണം തുടങ്ങുന്നത് രാഹുല്‍ഗാന്ധിയുടെ മുത്തച്ഛനും ഇന്ദിരാഗാന്ധിയുടെ ഭര്‍ത്താവുമായ ഫിറോസ് ഗാന്ധിയില്‍ നിന്നാണ്. ഫിറോസ് ഗാന്ധി പാഴ്സിയായിരുന്നു. പാഴ്സികളുടെ ഇടയില്‍ ഘാണ്ടി എന്നൊരു വിഭാഗമുണ്ട്. ഉദാഹരണത്തിന് കൊബാഡ് ഘാണ്ടി. ഇദ്ദേഹം മുംബൈയിലെ ഒരു സമ്പന്ന പാഴ്സി കുടുംബത്തിലെ അംഗവും അമേരിക്കയിലെ ഹാര്‍വാഡ് സര്‍വകലാശാലയില്‍നിന്നുള്ള എംബിഎ ബിരുദധാരിയും സിപിഐ (മാവോയിസ്റ്റ്) പോളിറ്റ് ബ്യൂറോ മെമ്പറും അറസ്റ്റ് ചെയ്യപ്പെട്ട് ജയിലില്‍ കഴിയുന്ന ആളുമാണ്. ഈ പദമാണ് രൂപാന്തരം വരുത്തി ഗാന്ധിയാക്കി മാറ്റിയത്. ഉദ്ദേശ്യം വ്യക്തം. ഇന്നും നിരക്ഷരരും നിഷ്ക്കളങ്കരുമായ ജനങ്ങളുടെ വിശ്വാസം ഇവര്‍ മഹാത്മാഗാന്ധിയുടെ പരമ്പരയില്പ്പെട്ടവരാണെന്നാണ്. ജനങ്ങളുടെ ഈ വികാരം കോണ്‍ഗ്രസ് ഇപ്പോഴും ചൂഷണം ചെയ്തുകൊണ്ടിരിക്കുകയാണ്. ഈ കുടിലതന്ത്രം എല്ലാക്കാലത്തേയ്ക്കും വിലപ്പോവുകയില്ല. പാഴ്സികളും യഹൂദന്മാരും മറ്റുമതത്തില്പ്പെട്ടയാളുകളെ അവരുടെ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുകയില്ല. അതുപോലെ തന്നെ അവരുടെ മതത്തില്‍പ്പെട്ട ആരെങ്കിലും അന്യമതത്തില്‍പ്പെട്ടയാളെ വിവാഹം ചെയ്യുകയാണെങ്കില്‍ ആ വ്യക്തിയെ അവരുടെ മതത്തില്‍നിന്നും പുറത്താക്കും. പാഴ്സി പഞ്ചായത്ത് എന്നറിയപ്പെടുന്ന പാഴ്സികളുടെ പരമോന്നത മതസംഘടനയാണ് ഈ നടപടി കൈക്കൊള്ളുക. ആയതിനാല്‍ ഇന്ദിരാ പ്രിയദര്‍ശിനിയെ ഫിറോസ് ഘാണ്ടി വിവാഹം കഴിച്ചതോടെ പാഴ്സിയല്ലാതായി. ആ ദാമ്പത്യബന്ധത്തില്‍ ജനിക്കുന്ന സന്തതികള്‍ക്ക് ഈ പ്രത്യേക സാഹചര്യത്തില്‍ അമ്മയുടെ മതം സ്വീകരിക്കുവാനേ സാധിക്കുകയുള്ളൂ. കാരണം പാര്‍സികള്‍ ഇവരെ അവരുടെ മതത്തില്‍ സ്വീകരിക്കുകയില്ല. അങ്ങനെയിരിക്കെ അമ്മയുടെ ഹിന്ദുമതവും പാര്‍സിയായ അച്ഛന്റെ സര്‍നെയിമും എങ്ങനെയാണ് സ്വീകരിക്കുക. വീണ്ടും വരുന്നു മിശ്രിതം. മിശ്രദമ്പതികള്‍ക്ക് ജനിച്ച രാജീവ്ഗാന്ധി ഇറ്റലിക്കാരിയായ, റോമന്‍ കത്തോലിക്കക്കാരിയായ സോണിയാ മെയ്നൊയെയാണ് വിവാഹം ചെയ്തിരിക്കുന്നത്. അതായത് മിശ്രിതത്തിന്റെ മിശ്രിതം. ഈ ദാമ്പത്യത്തില്‍ ജനിച്ച സന്തതികളായ രാഹുലും പ്രിയങ്കയും ഗാന്ധിയെന്ന് പറഞ്ഞാണ് നടക്കുന്നത്. ഇവര്‍ ഏത് മതത്തില്‍പ്പെട്ടവരാണെന്ന് ഇന്ത്യക്കാര്‍ക്ക് അറിയില്ല. ഇതില്‍ പ്രിയങ്ക റോമന്‍ കത്തോലിക്കനായ റോബര്‍ട്ട് വാദ്രയെയാണ് വിവാഹം ചെയ്തിരിക്കുന്നത്. ഇവരും ഗാന്ധിയെന്ന സര്‍നെയിമാണ് ഉപയോഗിക്കുന്നത്.
നരേന്ദ്രമോദി താനൊരു ദേശീയ ഹിന്ദുവാണെന്ന് പ്രഖ്യാപിച്ചത് അഭിമാനത്തോടുകൂടിയാണ്. മോദി കൊന്തയും വെന്തിങ്ങയും കഴുത്തിലണിഞ്ഞ് ക്രിസ്ത്യാനികളുടെ ഇടയിലും നിസ്കാരതൊപ്പി വെച്ച് മുസ്ലിങ്ങളുടെ ഇടയിലും വോട്ട് ചോദിക്കാന്‍ ചെല്ലുന്നില്ല. മോദിയുടെ കഴിഞ്ഞ കാലം അഭിമാനത്തോടെയാണ് അദ്ദേഹം സ്മരിക്കുന്നത്. കഷ്ടതയും ദാരിദ്ര്യവും അനുഭവിച്ചാണ് അദ്ദേഹം വളര്‍ന്നത്. തങ്കം തീയിലിട്ട് ഊതി കാച്ചിയാണ് ശുദ്ധി വരുത്തുന്നത്. ഊതി കാച്ചിയ തങ്കമാണ് മോദി. അല്ലെങ്കില്‍ ചേറില്‍ പൊതിഞ്ഞ ചെന്താമര. ബര്‍ണാഡ്ഷാ പറഞ്ഞിട്ടുള്ളത് ലോകത്തില്‍ മൂന്നുതരത്തില്‍പ്പെട്ട മഹാന്മാരാണുള്ളതെന്നാണ്. ഒന്നാമത്തെ കൂട്ടര് മഹാന്മാരായി ജനിക്കുന്നു. രണ്ടാമത്തേത് മഹാന്മാരായിത്തീരുന്നു. മൂന്നാമത്തേത് മഹത്വം അവരില്‍ അടിച്ചേല്‍പ്പിക്കുന്നു. നമ്മുടെ കഥയിലെ ഗാന്ധി സീരിസില്‍പ്പെട്ട നായികാനായകന്മാരെല്ലാം മൂന്നാമത്തെ ഇനത്തില്‍പ്പെട്ടവരാണ്. മോദിയെ നേരിടുവാന്‍ ഭയമില്ലെന്ന രാഹുലിന്റെ വീരവാദം കേട്ടപ്പോള്‍ ഹിമാലയത്തിന്റെ മുന്നില്‍ ഒരു പീറച്ചെക്കന് കല്ല് പെറുക്കി എറിയുന്ന ചിത്രമാണ് മനസ്സില്‍ തെളിഞ്ഞത്. മോദിക്കെതിരെ മത്സരിക്കുകയെന്നുള്ളത് രാഹുല്‍ഗാന്ധിക്ക് ഒരു ബഹുമതിയാണ്. മറിച്ച് മോദിക്ക് അതൊരു നാണക്കേടാണ്.
കഷ്ടപ്പാടുകളുടെ തീച്ചൂളയില്‍നിന്നും പൊന്തിവന്ന ഒരു പൊന്‍ താരകമാണ് മോദി. മോദിയെ ചായക്കച്ചവടക്കാരന് എന്ന് അവഹേളിച്ച മണി ശങ്കര്‍ അയ്യര്‍ ഒരു ചിമ്മിനി വിളക്ക് കത്തിക്കുവാനുള്ള കഴിവില്ലാതെ തെരുവുവിളക്കിന്റെ ചുവട്ടിലിരുന്ന് വായിച്ചു പഠിച്ച ഗോപാലകൃഷ്ണ ഗോഖലെക്കുറിച്ചും കടത്തുകൂലിക്ക് കാശില്ലാതെ ഗംഗാനദി നീന്തിക്കടന്ന് സ്കൂളില്‍ പോയി പഠിച്ച ലാല്‍ബഹദൂര്‍ ശാസ്ത്രിയെന്ന ചെറിയ വലിയ മനുഷ്യനെക്കുറിച്ചും അമേരിക്കയിലെ പച്ചക്കറിച്ചന്തയില്‍ ചുമടെടുത്തും മുന്തിരിത്തോട്ടത്തില്‍ കാവല്‍ കിടന്നും പഠിച്ചു ബിരുദാനന്തര ബിരുദം നേടിയ ലോക്നായക് ജയപ്രകാശ് നാരായണനെക്കുറിച്ചും പുസ്തകങ്ങള്‍ വായിച്ച് വിശപ്പടക്കിയിരുന്ന അന്തരിച്ച മുന്‍ രാഷ്ട്രപതി കെ.ആര്.നാരായണനെക്കുറിച്ചും വിറകുവെട്ടിയായി പണിയെടുത്ത എബ്രഹാംലിങ്കനെക്കുറിച്ചും കേട്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ അറിയുവാന്‍ ശ്രമിക്കുക. ഇവരോടൊപ്പം സോണിയ ഗാന്ധിയേയും രാഹുല്‍ഗാന്ധിയേയും ഒന്ന് തുലനം ചെയ്തു നോക്കുക.
പി.കെ. ജയപ്രതാപന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: