“പറവൂര്‍ പെണ്‍കുട്ടി മുഖ്യമന്ത്രിയ്ക്ക് കത്തയച്ചു” വാര്‍ത്ത. അവള്‍ക്ക് പേരില്ല, മുഖമില്ല. മാതാപിതാക്കള്‍തന്നെ 150 പേര്‍ക്ക് വിറ്റു കാശാക്കിയ പെണ്‍വാണിഭ ഇര.
പെണ്‍വാണിഭത്തില്‍പ്പെടുന്ന പെണ്‍കുട്ടികള്‍ക്ക് ആര്‍ക്കും പേരില്ല, മുഖമില്ല, കുടുംബമില്ല. ഞാന്‍ എഴുതിയ ആദ്യത്തെ പെണ്‍വാണിഭം സൂര്യനെല്ലി പെണ്‍കുട്ടിയുടേതാണ്. മുപ്പതിലധികം വര്‍ഷമായിട്ടും അവളെ ഉപയോഗിച്ച രാഷ്ട്രീയ ഉന്നതര്‍ക്ക് കടുത്ത ശിക്ഷ വാങ്ങിക്കൊടുക്കാനാകാതെ അവള് കോടതികള്‍ കയറിയിറങ്ങന്നു. പെണ്‍വാണിഭ കേസുകളും ബാലപീഡന കേസുകളും ഫാസ്റ്റ് ട്രാക്ക് കോടതി വിചാരണ ചെയ്യണമെന്നാണ് നിയമം. പക്ഷേ കേരളത്തില്‍ കേസുകള്‍ കോടതികളില്‍ അനന്തമായി നീളുമ്പോള്‍ പറവൂര്‍ പെണ്‍കുട്ടി, സൂര്യനെല്ലി പെണ്‍കുട്ടി, വിതുര പെണ്‍കുട്ടി, തോപ്പുംപടി പെണ്‍കുട്ടി തുടങ്ങിയവരൊക്കെ സ്ഥലനാമങ്ങളാല്‍ അറിയപ്പെടുന്നു. അവര്‍ക്ക് ജീവിതമില്ല. സൂര്യനെല്ലി പെണ്‍കുട്ടിക്ക് മുന്‍ മുഖ്യമന്ത്രി ഇ.കെ.നായനാര്‍ ഒരു പ്യൂണിന്റെ ജോലി കൊടുത്തു. അവളെ നാല്‍പ്പതില്‍പ്പരം ആളുകള്‍ പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചു. പീരുമേട് ഗസ്റ്റ് ഹൗസില്‍ എത്തിച്ച അവളുടെ അടുത്തേക്ക് അടുത്തസ്ഥലത്ത് കിളച്ചുകൊണ്ടിരുന്ന ആള് തൂമ്പ വലിച്ചെറിഞ്ഞ് ഓടിയത് “കരിമ്പിന് തുണ്ടുപോലത്തെ പെണ്കുട്ടിയാടാ” എന്നു പറഞ്ഞായിരുന്നുവത്രെ. ഒടുവില്‍ 42 ദിവസങ്ങള്‍ക്കുശേഷം കരിമ്പിന് ചണ്ടിയെപ്പോലെ ഉപേക്ഷിക്കപ്പെട്ട അവള് ഇഴഞ്ഞുവലിഞ്ഞാണ് സൂര്യനെല്ലി പോസ്റ്റാഫീസിലെ അവളുടെ അച്ഛന്റെ അടുത്തെത്തിയത്. എട്ടാം ക്ലാസുകാരിയായ അവള് പത്താം ക്ലാസ് പാസ്സായി ക്ലാര്‍ക്ക് ആയെങ്കിലും അവള് സൂര്യനെല്ലി പെണ്‍കുട്ടി തന്നെ. സൂര്യനെല്ലിയിലെ വീട് വിറ്റ് മേറ്റ്വിടെയോ താമസിച്ച് പള്ളിയില്‍ പോലും പോകാനാകാത്തവള്. വിതുര പെണ്‍കുട്ടിയെ സുഗതകുമാരി ഒരു ഭാര്യയുള്ളയാള്ക്ക് വിവാഹം ചെയ്തു കൊടുത്തതിനാല്‍ അവള്‍ക്ക് ഒരു ജീവിതം കിട്ടി; ഒരു കുട്ടിയേയും. തോപ്പുംപടി കുട്ടിയെ അവളെ നീലച്ചിത്രം പിടിക്കാന്‍ ഉപയോഗിച്ചിരുന്നയാള്‍ തന്നെ വിവാഹം കഴിച്ചു.
പ്രായപൂര്‍ത്തിയാകാത്ത ഈ പെണ്‍വാണിഭ ഇരകള്‍ ഏതെങ്കിലും അനാഥാലയത്തില്‍ പ്രവേശിക്കപ്പെടുന്നു. പറവൂരിലെ പെണ്‍കുട്ടിയെ ആക്കിയത് ശരണാലയത്തിലാണ്. ഇപ്പോള്‍ അവള്‍ക്ക് വാര്‍ത്തയില്‍ ഇടംകിട്ടിയത് മുഖ്യമന്ത്രിക്ക് കത്തെഴുതിയതിനാലാണ്. ഊരും പേരുമില്ലാത്ത ഈ പെണ്‍കുട്ടി ഇത്ര ധൈര്യം കാണിച്ച് മുഖ്യമന്ത്രിയ്ക്ക് സ്വന്തം ശോചനീയാവസ്ഥ വിവരിച്ച് എഴുതിയത് തനിയ്ക്ക് തുടര്ന്നുപഠിക്കണമെന്നും ജീവിതത്തിലേക്ക് തിരിച്ചുവരണമെന്നും തന്നെ ഉപദ്രവിച്ചവര്‍ക്ക് മുന്നില്‍ നല്ല നിലയില്‍ ജീവിച്ചുകാണിക്കാന്‍ ആഗ്രഹിക്കുന്നു എന്നുമാണ്. ഇവള് പറവൂര്‍ പെണ്‍കുട്ടിയല്ല പറവൂരിലെ ‘ധീര പുത്രിയാണ്’
പതിനാല് വയസ്സുള്ളപ്പോള്‍ അച്ഛനമ്മമാര്‍ 150 പേര്‍ക്ക് വിറ്റ സമയം പ്ലസ് വണ്ണിന് 60 ശതമാനം മാര്‍ക്ക് വാങ്ങിയ കുട്ടിയാണവള്‍. കേസന്വേഷിക്കുന്ന പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ പ്ലസ്ടുവിന് പഠിക്കാനുള്ള പാഠപുസ്തകങ്ങള്‍ വാങ്ങി നല്‍കിയിട്ടും 46 പേര്‍ക്ക് താമസസൗകര്യമുള്ള ശരണാലയത്തില്‍ 120 പേര് താമസിക്കുമ്പോള്‍ എങ്ങനെ താന്‍ പഠിക്കും എന്ന് അവള് ചോദിക്കുന്നു.
പെണ്‍വാണിഭ ഇരകളും ബാലലൈംഗിക പീഡന ഇരകളും അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം അവരുടെ കേസുകള്‍ ഒരിക്കലും തീര്‍പ്പാക്കാതെ അനന്തമായി നീളുന്നു എന്നതാണ്. അവര്‍ക്ക് ജീവിതം തേടാന്‍ അവസരമെവിടെ? വിതുര പെണ്‍കുട്ടിയെ 30 വര്‍ഷം മുന്‍പ് പീഡിപ്പിച്ചവര്‍ അവള്‍ക്ക് തിരിച്ചറിയാനാകാതെ കുറ്റവിമുക്തരായി തലയുയര്‍ത്തി കൈവീശി നടന്നുപോയി. സീമ ഭാസ്കര്‍ പറയുന്നത് തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ അവര്‍ പിഎച്ച്ഡി ചെയ്തിരുന്ന സമയത്ത് രജിസ്റ്റര്‍ ചെയ്ത 500 കേസുകളിലും പരിഹാരം കണ്ടെത്തിയില്ല എന്നാണ്. പോലീസ്, കോടതി, ജഡ്ജിമാര്‍ തുടങ്ങിയവര്‍ ബാലപീഡന കേസുകള്‍ പോലും ഉഭയസമ്മതപ്രകാരമാണെന്ന പേരില്‍ തള്ളുന്നു. കുട്ടികളുടെ ചീത്തപ്പേരും മുഖമില്ലായ്മയും തുടരുകയും ചെയ്യുന്നു.
ഇന്ന് ബാലപീഡനം നടത്തുന്നത് അധ്യാപകര്‍ കൂടിയാണല്ലൊ. പന്തളം സ്ത്രീപീഡന കേസില്‍ ഇപ്പോള്‍ ഹൈക്കോടതി പെണ്‍കുട്ടികളെ പീഡിപ്പിച്ച അധ്യാപകര്‍ക്ക് ശിക്ഷ നല്കിയപ്പോള് ഏറ്റവും സന്തോഷിച്ചത് ഞാനായിരിക്കണം. അധ്യാപകരെ ദൈവത്തെപ്പോലെയും ശിക്ഷകനെപ്പോലെയും കാണുന്ന കുട്ടികള്‍ അവര്‍ക്കെതിരെ ശബ്ദം ഉയര്‍ത്താത്തത് ഭീഷണിമൂലം കൂടിയാണ്. ഈ അധ്യാപകര്‍ പെണ്‍കുട്ടിയോട് വീട്ടില്‍ വരാന്‍ പറഞ്ഞിട്ടും അവള് പോയില്ല.
മറ്റൊരു ദിവസം അവള് നടന്നുപോകുന്നതു കണ്ട് ഒരധ്യാപകന് ഭാര്യയെ പരിചയപ്പെടുത്താനെന്ന പേരില്‍ വിളിച്ച് അകത്തുകയറ്റി സഹാധ്യാപകര്‍ക്കും ഒരു കോണ്‍ട്രാക്ടറിനും ബലാത്സംഗാവസരം നല്‍കുകയായിരുന്നു. ആദ്യകേസ് വിചാരണ രണ്ടുവര്‍ഷം പിന്നിട്ട് ആറു കേസുകളില്‍ മാത്രം വിധി പറഞ്ഞപ്പോള്‍ 42 കേസുകള്‍ വിധി കാത്ത് കിടക്കുന്നു. ഈ നിലയില്‍ പോയാല്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ 20 വര്‍ഷം വേണ്ടിവരില്ലേ എന്നാണ് പറവൂര്‍ പെണ്‍കുട്ടി ചോദിക്കുന്നത്. ഇത് പീഡനത്തേക്കാള്‍ വലിയ പീഡനമാണെന്നും പ്രതികളുടെ അഭിഭാഷകരുടെ ചോദ്യങ്ങള്‍ വേദനിപ്പിക്കുന്നതാണെന്നും പറവൂര്‍ പെണ്‍കുട്ടി കൂട്ടിച്ചേര്‍ക്കുന്നു.
ശരണാലയം ശരണം നല്‍കുന്നത് 18 വയസ്സുവരെയാണ്. അത് കഴിഞ്ഞാല്‍ എവിടെ പോകും? “കേസ് തീര്‍പ്പാക്കിയാല്‍ മാത്രമേ എനിക്ക് സ്വതന്ത്രമായി പഠിച്ച് എന്നെ ഉപദ്രവിച്ചവരുടെ മുന്നില്‍ നല്ല നിലയില്‍ ജീവിച്ചുകാണിക്കാനാവൂ” എന്ന് പറവൂര്‍ പെണ്‍കുട്ടി വിശദീകരിക്കുന്നു. ഞാന്‍ അവളെ പഠിപ്പിക്കാന്‍ ഫീസു കൊടുക്കാനും പുസ്തകങ്ങള്‍ വാങ്ങാനും പണം നല്കാന് തയ്യാറാണ്. പക്ഷേ അവളെ ഏതു കോളേജ് അഡ്മിറ്റ് ചെയ്യും? അവള്‍ക്ക് ഏതു ഹോസ്റ്റല്‍ അഡ്മിഷന് നല്‍കും? കോടതി അവളെ സുഗതകുമാരി നടത്തുന്ന ‘അഭയ’യിലോ ബീന സെബാസ്റ്റ്യന്‍ എറണാകുളത്തു നടത്തുന്ന ‘സഖി’യിലോ നിന്ന് പഠിക്കാന്‍ അനുവദിക്കുകയാണെങ്കില്‍ ഞാന്‍ അവളെ പഠിപ്പിക്കാന്‍ തയ്യാറാണ്. എന്നെന്നേക്കുമായി ജീവിതം നഷ്ടപ്പെട്ടു എന്ന് സമൂഹം വിധിക്കുന്ന ഒരു പെണ്‍വാണിഭ ഇരയ്ക്കെങ്കിലും പഠിക്കാനും സ്വന്തം ജീവിതം രൂപപ്പെടുത്താനും (ജീവിതം നല്‍കുക എന്നാല്‍ കല്യാണം കഴിച്ചുവിടുക എന്നാണ് ഇന്നത്തെ പരിഭാഷ) സാധിച്ചാല്‍ അത് എനിക്ക് ചെയ്യാവുന്ന ഏറ്റവും വലിയ പുണ്യകര്‍മമാണെന്ന് ഞാന്‍ കരുതുന്നു.
കേരളം ഇന്ന് ഒരു വികസന മാതൃകയല്ല, ലൈംഗിക ചൂഷണ മാതൃകയാണ്. നിയമത്തിന്റെ പഴുത് മനസ്സിലാക്കി കുറ്റവാളികളെ സംരക്ഷിക്കുന്ന വ്യവസ്ഥ നിലനില്‍ക്കുന്ന സമൂഹം. സ്ത്രീ സംഘടനകള്‍ ഇതിനെതിരെ സമരം നടത്തിയിട്ടും പരിഹാരം കാണാത്തത് ഇരകള്‍ പീഡനം ക്ഷണിച്ചുവരുത്തി എന്ന ജഡ്ജിമാരുടെ പോലും വിശ്വാസമാണ്. കുറ്റപത്രം തയ്യാറാക്കുന്ന പോലീസ് പിന്നീട് മുന്നോട്ട് പോകാറില്ല. ‘ഉഭയസമ്മതം’ എന്ന ചിന്ത ഭരിക്കുന്ന ന്യായാധിപ മനസ്സും പ്രതിയോടാണ് അനുഭാവം കാണിക്കുക. സ്ത്രീ സംഘടനകള്‍ ആദ്യം ഉറപ്പുവരുത്തേണ്ടത് കേസ് അനന്തമായി നീളാതിരിക്കാനാണ്. ഇപ്പോള്‍ പറവൂര്‍ പെണ്‍കുട്ടി പറയുന്നത് തന്റെ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയാല്‍ കേസന്വേഷണം നീളുകയോ നിലയ്ക്കുകയോ ചെയ്യും എന്നാണ്. സമൂഹം തിരിച്ചറിയാത്തത്(പോലീസും കോടതിയുമടക്കം) ഈ പീഡന ഇരകള്‍ സ്വമേധയാ ഇരകളാകുന്നതല്ല എന്നും അവര്‍ക്കും സമപ്രായക്കാരെപ്പോലെ പഠിക്കാനും കളിക്കാനും ആഗ്രഹമുണ്ടെന്നതുമാണ്. നിര്‍ഭാഗ്യവശാല്‍ അച്ഛനമ്മമാര്‍ പോലും ഇത് മറക്കുന്നു.
സ്ത്രീസുരക്ഷ എന്ന വാക്ക് ഭരണകൂടത്തിന്റെ വോട്ട് നേടാനുള്ള തന്ത്രത്തിന്റെ ഭാഗമാണ്. പാര്‍ലമെന്റ് 2012 ല്‍ protection of children from sexual offence 2012 പാസ്സാക്കി. കുട്ടികളോട് മോശമായ വാക്കുകള്‍ ഉപയോഗിക്കുന്നതോ ആംഗ്യം കാണിക്കുന്നതോ നഗ്നതാ പ്രദര്‍ശനം നടത്തുന്നതോ പുറകെ നടന്ന് ലൈംഗിക ചേഷ്ടകള്‍ കാണിക്കുന്നതോ എല്ലാം ലൈംഗിക പീഡനമാണ്. വിവരം ലഭിച്ചാല്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തണമെന്നും 24 മണിക്കൂറിനുള്ളില്‍ ചെയില്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി (ഇഡബ്ല്യുസി)യെയും സ്പെഷ്യല്‍ കോടതിയെയും അറിയിക്കണമെന്നും വ്യവസ്ഥയുണ്ട്. സബ് ഇന്‍സ്പെക്ടര്‍ റാങ്കിലുള്ള വനിതാ ഉദ്യോഗസ്ഥ മൊഴി എടുക്കണമെന്നും വിചാരണയ്ക്ക് 30 ദിവസം മാത്രം എടുക്കുന്ന ഫാസ്റ്റ് ട്രാക്ക് കോടതികള്‍ വേണമെന്നും കുട്ടിയുടെ സ്വകാര്യത സംരക്ഷിക്കപ്പെടണമെന്നും എല്ലാം നിയമങ്ങളുണ്ട്. നിയമങ്ങളുടെ അഭാവമല്ല ഒരു സമൂഹത്തിന്റെ വിപര്യയം. കുഞ്ഞുങ്ങള്‍ക്ക് ആണാകട്ടെ പെണ്ണാകട്ടെ ഏതാണ് തെറ്റായ നോട്ടം, തൊടല്, വാക്ക് എന്നിവ അച്ഛനമ്മമാര്‍ പറഞ്ഞുകൊടുക്കേണ്ടതാണ്.
അടുത്തയിടെ എറണാകുളത്ത് അന്താരാഷ്ട്ര പുസ്തകോത്സവ സമിതി നടത്തിയ പുസ്തകോത്സവത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ ഉജ്ജ്വല പ്രാസംഗികനും പ്രതിഭാശാലിയുമായ ഇപ്പോഴത്തെ പിഎസ്സി ചെയര്മാന് ഡോ.കെ.എസ്.രാധാകൃഷ്ണന് പറഞ്ഞു: “ചേച്ചി കേരളത്തില്‍ വന്നനാള്‍ തൊട്ട് സ്ത്രീപീഡന വിഷയങ്ങളാണ്, സ്ത്രീ വിഷയങ്ങളാണ് എഴുതുന്നത്. ഇന്നും അത് തുടരുന്നു.” എനിക്ക് രാധാകൃഷ്ണനെപ്പോലെയോ കവി രമേശന് നായരെപ്പോലെയോ പ്രസംഗിക്കാന്‍ അറിയില്ല. മൈക്കിന്റെ മുന്പില് കരുതിവച്ച വാക്കുപോലും മറക്കുന്ന ഞാന്‍ പറയാന്‍ വിട്ടുപോയത് സ്ത്രീപീഡനം നാള്‍ക്കുനാള്‍ വര്‍ധിക്കുമ്പോള്‍, സ്ത്രീ പ്രശ്നങ്ങളുടെ ഗാര്ഹികപീഡനമുള്പ്പടെ, ഗ്രാഫ് ഉയരുമ്പോള്‍ ഞാന്‍ എങ്ങനെ പ്രതികരിക്കാതിരിക്കും എന്നതാണ്. ഇങ്ങനെ എഴുതിയ കാരണമാണ് വേശ്യാ ഗ്രാമമായ അരുവാക്കോട് ടെറക്കോട്ട ഗ്രാമമായത്. എംഎ പാസ്സായ ഗിരിജയെ പഞ്ചായത്തില്‍ തൂപ്പുവേലക്കാരിയാക്കിയപ്പോള് ഗിരിജയുടെ അഭിമുഖം കൊടുത്തതിനാലാണ് അവരെ ക്ലാര്‍ക്ക് ആക്കിയത്. ഇന്ന് അവര്‍ പഞ്ചായത്ത് സൂപ്രണ്ടാണ്.
മാധ്യമ പ്രവര്‍ത്തനം സാമൂഹ്യസേവനമാണെന്നും നാക്കില്ലാത്തവരുടെ നാക്കായും കേള്‍വി ഇല്ലാത്തവരുടെ ശബ്ദമായും നമ്മള് വരണമെന്നും വിശ്വസിക്കുന്ന ആളാണ് ഞാന്‍. പറവൂര്‍ പെണ്‍കുട്ടി മുഖ്യമന്ത്രിയ്ക്ക് കത്തയച്ചതും അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റരുതന്നെഴുതിയതും വാര്‍ത്തയായപ്പോള്‍ അനന്തമായ വിദ്യാഭ്യാസത്തോടും സ്വതന്ത്ര ജീവിതത്തോടുമുള്ള അവളുടെ ആഗ്രഹം ആരും ഉയര്‍ത്തിക്കാട്ടിയില്ല. സ്ത്രീ-ബാല ബാലികാ ലൈംഗിക പീഡന ഇരകള്‍ സമൂഹത്തിലെ അന്ധരെയും ശ്രവണശേഷി ഇല്ലാത്തവരെയും അംഗവൈകല്യമുളളവരേയും ബുദ്ധിമാന്ദ്യമുള്ളവരേയും പോലെ ഒരു അധഃകൃത വിഭാഗമായി സമൂഹം കാണുന്നു. അവര്‍ ഇരകളാണ്, ദുഷ്കര്മത്തിന്റെ ഇരകള്‍. ജീവിതം, വിദ്യാഭ്യാസം, ഭാവി മുതലായവയ്ക്ക് അര്‍ഹതയുളളവര്‍. പക്ഷേ സ്ത്രീകളുള്‍പ്പെട്ട സമൂഹം ഇന്നും അവരെ മുന്‍വിധിയോടെയാണ് കാണുന്നത്. ഇത് അപലപനീയമാണ്. സ്കൂളുകള്‍ കുട്ടിയുടെ പഠനം മാത്രം ശ്രദ്ധിക്കുമ്പോള്‍ പൂര്‍ണവികാസം തിരസ്ക്കരിക്കപ്പെടുന്നു. നിര്‍ഭയ പദ്ധതിക്ക് ആയിരം കോടി പ്രഖ്യാപിച്ചാല്‍ പോരാ, സ്ത്രീകള്‍ക്കും ബാലികാ-ബാലന്മാര്ക്കും നിര്‍ഭയമായി ജീവിക്കാനും പീഡിപ്പിക്കപ്പെട്ടാലും ഉന്നതനിലയില്‍ എത്താനുള്ള സാഹചര്യം നല്‍കാനും സമൂഹവും സംവിധാനങ്ങളും ബാധ്യസ്ഥരാണ്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 354-376 വകുപ്പുകള്‍, പ്രകൃതിവിരുദ്ധ പീഡനത്തെ പ്രതിപാദിക്കുന്ന വകുപ്പ് 377 മുതലായവക്ക് ഇരയുടെ രഹസ്യാത്മകത സൂക്ഷിക്കാനാവണം; അവര്‍ക്ക് ഒരു ഭാവി വേണമെങ്കില്‍?
ലീലാമേനോന്
e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: