കോട്ടയം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഭക്തര്‍ കാണിക്കയായും വഴിപാടായും സമര്‍പ്പിക്കുന്ന സ്വര്‍ണ്ണം വെള്ളി തുടങ്ങിയ വിലപിടിപ്പുള്ള വഴിപാട് വസ്തുക്കളുടെ കണക്കെടുക്കല്‍ പൂര്‍ത്തികരിച്ചിട്ടില്ല. ക്ഷേത്രങ്ങളില്‍ നടവരുമാനവും നേര്‍ച്ചയുമായി ലഭിക്കുന്ന സ്വര്‍ണം, വെള്ളി തുടങ്ങിയവയില്‍ വന്കുറവുണ്ടായതായും ദേവസ്വം ജീവനക്കാരുടെ ഒത്താശയോടെ ഇവ മറിച്ചുവില്‍ക്കുന്നുവെന്നും ആരോപണം ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു. ബോര്‍ഡ് കണക്കെടുക്കാന്‍ തീരുമാനിച്ചത്. അന്വേഷണം ആരംഭിച്ചപ്പോഴേക്കും ഇടത്-വലത് യൂണിയനില്‍പ്പെട്ട പല ഉദ്യോഗസ്ഥരും കുടുങ്ങും എന്നസ്ഥിതി വന്നതോടെയാണ് അന്വേഷണം വഴിമുട്ടിയത്.
ദേവസ്വം അധികൃതരുടെ പ്രാഥമിക പരിശോധനയില്‍ കോട്ടയം, ഏറ്റുമാനൂര്‍, കൊട്ടാരക്കര, പുനലൂര്‍, നെയ്യാറ്റിന്‍കര, തൃക്കാരിയൂര്‍ ഗ്രൂപ്പ് ഓഫീസുകളില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. ഇതുകൂടാതെ ദേവസ്വം ജീവനക്കാരില്‍ ചിലരുടെ സാമ്പത്തിക സ്രോതസ്സുകളെ കുറിച്ചുള്ള പരാതികളും ദേവസ്വം ബോര്‍ഡിന്റെ ശ്രദ്ധയില്‍ വന്നിരുന്നു. ഇതിനെകുറിച്ചുള്ള അന്വേഷണങ്ങളും മരവിച്ചിരിക്കുകയാണ്. ഇതിന് പിന്നില്‍ ബോര്‍ഡിലെ പ്രമുഖ യൂണിയനുകളില്‍പ്പെട്ട നേതാക്കളുടെ സമ്മര്‍ദ്ദം ഉണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്.
വൈക്കം മഹാദേവക്ഷേത്രത്തില്‍ കഴിഞ്ഞ 9ന് വഞ്ചിയില്‍നിന്നും കാണിക്ക മോഷ്ടിച്ചതിന്റെപേരില് രണ്ട് ഗാര്‍ഡുമാരെയും ഇവര്‍ക്ക് കൂട്ടുനിന്ന ദേവസ്വം ജീവനക്കാര്‍ ഉള്‍പ്പെടെ 6 പേരെയും ദേവസ്വം വിജിലന്‍സ് സസ്പെന്‍ഡു ചെയ്തിരുന്നു. എന്നാല്‍ ഇതുവരെ മോഷണക്കേസിലെ പ്രതികളായ ദേവസ്വം ജീവനക്കാരെ പൊലിസ് അറസ്റ്റ് ചെയ്യാത്തതിന്റെ പിന്നിലും രാഷ്ട്രീയ ഇടപെടല്‍ വ്യക്തമാകുന്നു.
ദേവസ്വം അധികൃതരുടെ കണക്കനുസരിച്ച് ബോര്‍ഡിന് കീഴിലുള്ള 1249 ക്ഷേത്രങ്ങളിലും സ്വര്‍ണ്ണം, വെള്ളി ഉരുപ്പടികള്‍ ഉണ്ട്. എന്നാല്‍ പലപ്പോഴും അമ്പലങ്ങളില്‍ ലഭിക്കുന്ന നടവരുമാനവും രജിസ്റ്ററിലുള്ള കണക്കുകളും തമ്മില്‍ ഒരു പൊരുത്തവും ഉണ്ടാകാറില്ല. ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ കാണിയ്ക്ക ഇനത്തില്‍ ലഭിക്കുന്ന സ്വര്‍ണ്ണവും വെള്ളിയും ഗ്രൂപ്പ് അസിസ്റ്റന്റ് ദേവസ്വം കമ്മീഷണര്‍മാരുടെ മേല്‍നോട്ടത്തില്‍ മഹസ്സര്‍ ബുക്കില്‍ രേഖപ്പെടുത്തി സ്ട്രോംഗ് റൂമില്‍ സൂക്ഷിക്കണമെന്നാണ് നിയമം. എന്നാല്‍ പലപ്പോഴും ക്ഷേത്രങ്ങളില്‍ മഹസ്സര്‍ ബുക്കില്‍ രേഖപ്പെടുത്താതെതന്നെ വിലപിടിപ്പുള്ള ലോഹങ്ങള്‍ പുറത്തേക്കു പോകുന്നുണ്ടെന്ന് ദേവസ്വം അധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ സ്വര്‍ണ്ണം, വെള്ളിയടക്കമുള്ള ലോഹങ്ങളെക്കുറിച്ച് വ്യക്തമായ കണക്ക് ദേവസ്വം ആസ്ഥാനത്തില്ല. ഇതിങ്കാരണം വിലപിടിപ്പുള്ള ലോഹങ്ങള്‍ നഷ്ടപ്പെട്ടാല്‍ ബോര്‍ഡ് പലപ്പോഴും അറിയില്ല. ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രത്തിലെ കീഴ്ശാന്തിമാര്‍ തിരുവാഭരണവും താഴമണ്‍കുടുംബം നടയ്ക്കുവെച്ച സ്വര്ണ്ണാഭരണങ്ങളുംവരെ പണയം വെച്ചത് വര്‍ഷങ്ങള്‍ക്കുശേഷമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ അറിഞ്ഞത്. ഈ സംഭവം ഹൈന്ദവ വിശ്വാസങ്ങള്‍ക്ക് ഏറെ കളങ്കം ചാര്‍ത്തിയിരുന്നു. തുടര്‍ന്നാണ് ക്ഷേത്രങ്ങളിലെ വിലപിടിപ്പുള്ള ലോഹങ്ങളുടെ കണക്കെടുക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.
ഇത് പ്രഖ്യാപനത്തില്‍ ഒതുങ്ങിയിരിക്കുകയാണ്. ദേവസ്വം കമ്മീഷണര്‍ ഓഫീസുകളിലെ സ്ട്രോംഗ് റൂമില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ ഇടയ്ക്ക് പരിശോധിക്കാത്തതും വന്‍ തിരിമറി നടക്കാന്‍ സാദ്ധ്യതയേറുന്നു.
രൂപേഷ് അടൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: