വെല്ലിംഗ്ടണ്‍: ഇന്നിംഗ്സ് പരാജയം ഒഴിവാക്കിയ ന്യൂസിലാന്റ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ പൊരുതുന്നു. ഇന്ത്യന്‍ വിജയത്തിന് വിലങ്ങുതടിയായി ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലവും (114 നോട്ടൗട്ട്) വാറ്റ്ലിംഗുമാണ് (52 നോട്ടൗട്ട്) ക്രീസില്‍ നിലയുറപ്പിച്ചിരിക്കുന്നത്. ആറാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് ഇതുവരെ കൂട്ടിച്ചേര്‍ത്ത 158 റണ്‍സാണ് ഇന്നിംഗ്സ് പരാജയത്തില്‍ നിന്നും കിവീസിനെ രക്ഷിച്ചത്. വ്യക്തിഗത സ്കോര്‍ 9 റണ്‍സില്‍ നില്‍ക്കെ മുഹമ്മദ് ഷാമിയുടെ പന്തില്‍ മക്കല്ലം നല്കിയ അവസരം വിരാട് കോഹ്ലി വിട്ടുകളഞ്ഞിരുന്നു.
ആദ്യ ഇന്നിംഗ്സില്‍ 192ന് തകര്‍ന്ന ന്യൂസിലാന്റ് രണ്ടാം ഇന്നിംഗ്സില്‍ ഭേദപ്പെട്ടപ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. ഒരവസരത്തില്‍ 5 ന് 94 എന്ന നിലയില്‍ ഇന്നിംഗ്സ് തോല്‍വി ഭീഷണിയിലായ ന്യൂസിലാന്റിനെ ബ്രണ്ടന്‍ മക്കുല്ലവും വാറ്റ്ലിംഗും ചേര്‍ന്നാണ് കരകയറ്റിയത്. മൂന്നാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ ന്യൂസിലാന്റ് രണ്ടാം ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സെടുത്തിട്ടുണ്ട്. രണ്ട് ദിവസം കൂടി കളി ബാക്കിയുള്ളതിനാല്‍ ഫലമുണ്ടാവുമെന്ന് ഉറപ്പാണ്. രണ്ട് ദിവസവും അഞ്ച് വിക്കറ്റും കയ്യിലിരിക്കെ ന്യൂസിലാന്റിന് രണ്ടാം ഇന്നിംഗ്സില്‍ 6 റണ്‍സിന്റെ ലീഡ് മാത്രമാണുള്ളത്. ഇന്ന് രാവിലെ തന്നെ ഇരുവരെയും പുറത്താക്കി മത്സരം വിജയിക്കാനായിരിക്കും ഇന്ത്യയുടെ ശ്രമം.
ഒന്നിന് 24 എന്ന നിയില്‍ ഇന്നലെ രണ്ടാ ഇന്നിംഗ്സ് പുനരാരംഭിച്ച ന്യൂസിലാന്റിന് വന്‍ തകര്‍ച്ചയാണ് നേരിട്ടത്. സ്കോര്‍ 27 റണ്‍സിലെത്തിയപ്പോള്‍ രണ്ടാം വിക്കറ്റ് അവര്‍ക്ക് നഷ്ടമായി. 7 റണ്‍സെടുത്ത വില്ല്യംസണിനെ സഹീര്ഖാന് ധോണിയുടെ കൈകളിലെത്തിച്ചു. പിന്നീട് റൂതര്ഫോര്ഡു ലാഥവും ചേര്‍ന്ന് ടീമിനെ മുന്നോട്ട് നയിക്കാന്‍ ശ്രമിച്ചെങ്കിലും സ്കോര്‍ 52 റണ്‍സിലെത്തിയപ്പോള്‍ സഹീര്ഖാന് വീണ്ടും ആഞ്ഞടിച്ചു. 35 റണ്‍സെടുത്ത റൂതര്‍ഫോര്‍ഡിനെ ധോണിയുടെ കൈകളിലെത്തിച്ചാണ് സഹീര്‍ ഇന്ത്യക്ക് മുന്‍തൂക്കം സമ്മാനിച്ചത്. പിന്നീട് ലാഥവും ബ്രണ്ടന്‍ മക്കല്ലും ഒത്തുചേര്‍ന്നെങ്കിലും സ്കോര്‍ബോര്‍ഡില്‍ 87 റണ്‍സായപ്പോള്‍ നാലാം വിക്കറ്റും അവര്‍ക്ക് നഷ്ടമായി. 29 റണ്‍സെടുത്ത ലാഥത്തിനെ മുഹമ്മദ് ഷാമി ധോണിയുടെ കൈകളിലെത്തിച്ചു.
തുടര്‍ന്നെത്തിയ കോറി ജെ. ആന്ഡേഴ്സണ് കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. രണ്ട് റണ്‍സെടുത്ത ആന്‍ഡേഴ്സണെ രവീന്ദ്ര ജഡേജ സ്വന്തം ബൗളിംഗില്‍ പിടികൂടി സ്കോര്‍ 5ന് 94. ഇതോടെ മൂന്നാം ദിവസം തന്നെ വിജയം സ്വന്തമാക്കാമെന്നായിരുന്നു ഇന്ത്യന്‍ പ്രതീക്ഷ. എന്നാല്‍ ഇന്ത്യന്‍ സ്വപ്നങ്ങളെ തല്ലിക്കെടുത്തി മക്കല്ലവും വാറ്റ്ലിംഗും മികച്ച ബാറ്റിംഗ് പുറത്തെടുത്തു. പിന്നീട് കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതെ ഇരുവരും ചേര്‍ന്ന് മൂന്നാം ദിവസത്തെ കളി അവസാനിപ്പിച്ചു. ഇതിനിടെ മക്കല്ലം സെഞ്ച്വറി തികച്ചു. ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ഡബിള്‍ സെഞ്ച്വറി തികച്ച മക്കല്ലം ഇന്നലെ 197 പന്തുകളില്‍ നിന്ന് 12 ഫോറും ഒരു സിക്സറുമടക്കമാണ് മൂന്നക്കം കടന്നത്. മക്കല്ലത്തിന്റെ കരിയറിലെ ഒമ്പതാം സെഞ്ച്വറിയാണിത്. ഇതിന് പുറമെ ടെസ്റ്റ് ക്രിക്കറ്റില്‍ 5000 റണ്‍സെന്ന കടമ്പയും മക്കല്ലം കീഴടക്കി. ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ ന്യൂസിലാന്ത്താരമാണ് മക്കല്ലം. 84 ടെസ്റ്റില്‍നിന്നാണ് മക്കല്ലം ഈ നേട്ടം സ്വന്തമാക്കിയത്. ഇന്ത്യക്ക് വേണ്ടി സഹീര്ഖാന് 60 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ആദ്യ ഇന്നിംഗ്സില്‍ ന്യൂസിലാന്റിന്റെ ആറ് വിക്കറ്റുകള്‍ പിഴുത ഇഷാന്ത് ശര്‍മ്മക്ക് രണ്ടാം ഇന്നിംഗ്സില്‍ വിക്കറ്റുകള്‍ ഒന്നും കിട്ടിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: