ഡൊനെറ്റ്സ്ക്: റെക്കോര്‍ഡുകള്‍ തകര്‍ക്കപ്പെടാനുള്ളതാണ്. ഉക്രൈന്റെ തലസ്ഥാനമായ ഡൊനെറ്റ്സ്കിലെ മത്സരവേദിയില്‍ അത് അന്വര്‍ത്ഥമായി. പോള്‍വോള്‍ട്ട് ഇതിഹാസം സെര്‍ജി ബൂബ്ക 21 വര്‍ഷമായി കൈവശംവച്ചിരുന്ന ലോക റെക്കോര്‍ഡ് തിരുത്തിക്കുറിക്കപ്പെട്ടിരിക്കുന്നു!. ഫ്രാന്‍സിന്റെ ഒളിംപിക് ചാമ്പ്യന്‍ റെനൗഡ് ലാവില്ലെനിയാണ് ബൂബ്കയുടെ മണ്ണില്‍വച്ച് ലോക കായിക ചരിത്രത്തിലെ മഹാത്ഭുതങ്ങളൊന്ന് സൃഷ്ടിച്ചത്. ഡൊനെറ്റ്സ്കിലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ 6.16 മീറ്റര്‍ എന്ന അതിശയ ഉയരത്തിലേക്ക് ലാവില്ലെനി പറന്നുയര്‍ന്നപ്പോള്‍ 1993 ഫെബ്രുവരി 21ന് ഇതേ വേദിയില്‍ ബൂബ്ക കുറിച്ച (6.15 മീറ്റര്‍) റെക്കോര്‍ഡ് തുടച്ചുനീക്കപ്പെട്ടു. ആദ്യശ്രമത്തില്‍തന്നെ ലാവില്ലെനി ബൂബ്കയുടെ റെക്കോര്‍ഡ് മറികടന്നു.
ലാവില്ലെനി പുതിയ ഉയരത്തിലേക്ക് പോള്‍ കുത്തിച്ചാടുമ്പോള് ഗ്യാലറിയില്‍ വീര്പ്പടക്കിയിരുന്നവരില് ബൂബ്കയുമുണ്ടായിരുന്നു. തനിക്കൊത്ത പിന്‍ഗാമിയെ അഭിനന്ദിക്കാനും ബൂബ്ക മറന്നില്ല.
അവിശ്വസനീയം. യാഥാര്‍ത്ഥ്യത്തിന്റെ ലോകത്തിലേക്ക് തിരിച്ചുവരാന്‍ കുറച്ചു സമയമെടുക്കം, മത്സരശേഷം ലാവില്ലെനി പറഞ്ഞു. ആദ്യ ചാട്ടത്തില്‍ ബാറില്‍ തൊടാതെ ലക്ഷ്യം നേടുക. ഒന്നും പറയാനില്ല. ഹൃദ്യമായ നിമിഷം തന്നെ, താരം കൂട്ടിച്ചേര്‍ത്തു.
നിരാശയില്ല. ഇങ്ങനെ സംഭവിക്കുമെന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു. മഹത്തായ ദിനമാണിത്. ഉശിരന്‍ പ്രകടനം. ലാവില്ലെനി മഹാനായ അത്ലറ്റും മാതൃകാപുരുഷനുമാണ്. അദ്ദേഹത്തിന് അഭിനന്ദനങ്ങള്‍, ഔട്ട് ഡോര്‍ ലോക റെക്കോര്‍ഡ് (6.14 മീറ്റര്‍) ഇപ്പോഴും കാത്തു സൂക്ഷിക്കുന്ന ബൂബ്ക പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: