ലോകകപ്പ് ഫുട്ബോള്‍ ചരിത്രത്തിന്റെ തുടക്കം 1930ലായിരുന്നു. ഉറുഗ്വെയുടെ തലസ്ഥാനമായ മോണ്ടിവീഡിയോയിലെ മൂന്നു കളിക്കളങ്ങളില്‍ ആരാധക ഹൃദയങ്ങളില്‍ എന്നും ഇടംനേടിയ കന്നി ലോകകപ്പ് അരങ്ങേറി. ജൂലൈ 13 മുതല്‍ 30 വരെ നീണ്ട കാല്‍പ്പന്ത് ഉത്സവത്തില്‍ 18 മത്സരങ്ങള്‍ ഇടംപിടിച്ചു. മൂന്ന് ഹാട്രിക്ക് അടക്കം 70 ഗോളുകള്‍ കന്നി ചാമ്പ്യന്‍ഷിപ്പില്‍ പിറന്നു. ഫൈനലില്‍ അര്‍ജന്റീനയെ കീഴടക്കി ആതിഥേയരായ ഉറുഗ്വെ ആദ്യ ലോക കിരീടത്തിന്റെ അവകാശികളാവുകയും ചെയ്തു.
ലോകകപ്പിലെ പ്രഥമ ഹാട്രിക്ക് അമേരിക്കന്‍ താരമായ ബെര്‍ട്ട് പറ്റ്നൂഡിന്റെ വകയായിരുന്നു. ജൂലൈ 17ന് പരാഗ്വെക്കെതിരെ നടന്ന ഗ്രൂപ്പ് മത്സരത്തിന്റെ 10, 15, 50 മിനിറ്റുകളിലാണ് പറ്റ്നൂഡ് വെടിപൊട്ടിച്ചത്. രണ്ട് ദിവസത്തിനുശേഷം മെക്സിക്കോക്കെതിരെ അര്‍ജന്റീനയുടെ ഗ്വില്ലെര്‍മോ സ്റ്റബിലെ രണ്ടാം ഹാട്രിക്കും ജൂലൈ 27ന് യൂഗോസ്ലാവ്യക്കെതിരെ നടന്ന സെമിഫൈനലില്‍ ഉറുഗ്വെയുടെ പെഡ്രോ സിയ മൂന്നാം ഹാട്രിക്കും സ്വന്തമാക്കി. ആരാണ് ആദ്യ ഹാട്രിക്കുകാരന്‍ എന്നത് സംബന്ധിച്ച് പതിറ്റാണ്ടുകളോളം തര്‍ക്കം നിലനിന്നിരുന്നു. പറ്റ്നൂഡിന്റെ രണ്ടാം ഗോള്‍ അംഗീകരിപ്പെടുകയുണ്ടായില്ല. പരാഗ്വെ താരം ഔറോലിയോ ഗോണ്‍സാല്‍വസിന്റെ സെല്‍ഫ് ഗോളായും സ്വന്തം ടീമിലെ ടോം ഫ്ലോറിയുടെ വകയായുമൊക്കെ അതു വ്യാഖ്യാനിക്കപ്പെട്ടു. ഒടുവില്‍ തര്‍ക്കങ്ങള്‍ക്ക് വിരാമമിട്ട് പറ്റ്നൂഡിന്റെ ഹാട്രിക്കിന് 2006ല്‍ ഫിഫ അംഗീകാരം നല്കി. നീണ്ട എഴുപത്തിയാറുവര്ഷം ആദ്യ ഹാട്രിക്കുകാരന്‍ എന്ന പദവി സ്റ്റബിലയാണ് കൈവശംവച്ചത്.
നാല് ഗ്രൂപ്പുകളിലായി 13 രാജ്യങ്ങള്‍ ഉറുഗ്വൈന് ലോകകപ്പില്‍ മാറ്റുരച്ചു. ഗ്രൂപ്പ് ഒന്നില്‍ അര്‍ജന്റീന, ചിലി, ഫ്രാന്‍സ്, മെക്സിക്കോ, ഗ്രൂപ്പ് രണ്ടില്‍ യൂഗോസ്ലാവ്യ, ബ്രസീല്‍, ബൊളീവിയ, ഗ്രൂപ്പ് മൂന്നില്‍ ഉറുഗ്വെ, റുമാനിയ, പെറു, ഗ്രൂപ്പ് നാലില്‍ അമേരിക്ക, പരാഗ്വെ, ബെല്‍ജിയം എന്നീ ടീമുകള്‍ പന്തുതട്ടി. ഗ്രൂപ്പ് ജേതാക്കള്‍ക്കായിരുന്നു സെമി ഫൈനല്‍ കളിക്കാര്‍ യോഗ്യത. ഒന്നാം ഗ്രൂപ്പില്‍ നിന്ന് അര്‍ജന്റീനയും രണ്ടാം ഗ്രൂപ്പില്‍ നിന്ന് യൂഗോസ്ലാവ്യയും മൂന്നാം ഗ്രൂപ്പില്‍ നിന്ന് ഉറുഗ്വെയും നാലാം ഗ്രൂപ്പില്‍ നിന്ന് അമേരിക്കയും അവസാന നാലില്‍ കടന്നു.
ഒരു മത്സരം പോലും പരാജയപ്പെടാതെയാണ് നാല് ടീമുകളും നോക്കൗട്ട് ഉറപ്പിച്ചത്. സെമിയില്‍ അര്‍ജന്റീന 6-1ന് അമേരിക്കയെയും ഉറുഗ്വെ അതേ മാര്‍ജിനില്‍ യൂഗോസ്ലാവ്യയെയും മറികടന്ന് ഫൈനലില്‍ പ്രവേശിച്ചു.
93,000 കാണികളെ സാക്ഷിയാക്കി നടന്ന കലാശപ്പോരാട്ടത്തില്‍ അര്‍ജന്റീനയെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്ത് ഉറുഗ്വെ കന്നി ഫിഫ ലോകകപ്പ് സ്വന്തം ഷെല്‍ഫില്‍ എടുത്തുവച്ചു. മത്സരത്തിന്റെ 12-ാം മിനിറ്റില്‍ പാബ്ലോ ഡൊറാഡോ നേടിയ ഗോളിലൂടെ ഉറുഗ്വെ മുന്നിലെത്തി. 20-ാം മിനിറ്റില്‍ കാര്‍ലോസ് പ്യൊാസ്ല്ലെ അര്‍ജന്റീനയ്ക്ക് സമനില സമ്മാനിച്ചു. പിന്നീട് 37-ാം മിനിറ്റില്‍ സ്റ്റബിലെയുടെ സ്ട്രൈക്ക് അര്‍ജന്റീനയ്ക്ക് ആധിപത്യം നല്‍കിയെങ്കിലും പെഡ്രോ സിയയിലൂടെ (57-ാം മിനിറ്റ്) ഉറുഗ്വെ ഒപ്പമെത്തി. 68-ാം മിനിറ്റില്‍ സാന്റോസ് ഇരിയാര്‍ട്ടെ നേടിയ ഗോളില്‍ ഉറുഗ്വെ വീണ്ടും മുന്‍തൂക്കം തിരിച്ചെടുത്തു. 89-ാം മിനിറ്റില്‍ ഹെക്ടര്‍ കാസ്ട്രോയും അര്‍ജന്റീനന്‍ വല കുലുക്കുമ്പോള്‍ ഗ്യാലറിയും കളിത്തട്ടും വിജയ നൃത്തം ചവിട്ടി. ഉറുഗ്വെ നായകനും റൈറ്റ് ഫുള്‍ ബാക്കുമായ ജോസെ നര്‍സാരി യാര്‍സ ഏറ്റവും മികച്ച താരത്തിനുള്ള സ്വര്‍ണ്ണപ്പന്തിന് അവകാശിയായി. അര്‍ജന്റീനയുടെ സ്റ്റബിലെ വെള്ളിപ്പന്തും ഉറുഗ്വെയുടെ ജോസെ ലിയനാര്‍ഡോ വെങ്കലപ്പന്തും കൈപ്പിടിയില്‍ ഒതുക്കി. ടോപ് സ്കോറര്‍ക്കുള്ള സുവര്‍ണപാദുകവും ഉറപ്പിച്ച സ്റ്റബിലെ തന്നെയായിരുന്നു വ്യക്തിഗത മികവില്‍ ഏവരെയും കടത്തിവെട്ടിയത്. ഒരു ഹാട്രിക്ക് ഉള്‍പ്പെടെ എട്ട് ഗോളുകളാണ് ടൂര്‍ണമെന്റിലാകെ സ്റ്റബിലെയുടെ സമ്പാദ്യം. അഞ്ച് ഗോളുകള്‍ നേടിയ ഉറുഗ്വെയുടെ പെഡ്രോ സിയ വെള്ളി ബൂട്ടും നാല് ഗോളുകള്‍ നേടിയ അമേരിക്കയുടെ ബെര്‍ട്ട് പറ്റ്നൂഡ് വെങ്കല ബൂട്ടും നേടിയെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: