കൊച്ചി: സംസ്ഥാനത്ത് സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ആഭ്യന്തരവകുപ്പ് നടപ്പാക്കുന്ന നിര്‍ഭയകേരളം സുരക്ഷിതകേരളം പദ്ധതിയ്ക്ക് ഇന്ന് തുടക്കം കുറിക്കും. സാമൂഹ്യക്ഷേമവകുപ്പുമായി സഹകരിച്ചാണ് സംസ്ഥാന പൊലീസ് പദ്ധതി നടപ്പാക്കുന്നത്. ശ്രീലേഖ ഐ പി എസ് ആണ് നോഡല്‍ ഓഫീസര്‍. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ഭയ ഫണ്ടില്‍നിന്നുള്ള വിഹിതം പദ്ധതിക്ക് ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങള്‍ അന്തിമഘട്ടത്തിലാണെന്നും സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ 7.5 കോടി പദ്ധതിക്കായി മാറ്റിവെച്ചിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
വിവിധ പ്രദേശങ്ങളില്‍ നിര്‍ഭയ വോളണ്ടിയര്‍മാരെ തെരഞ്ഞെടുത്ത് അവരിലുടെയായിരിക്കും പദ്ധതി നടപ്പാക്കുക. പഞ്ചായത്തുകളില്‍ പത്തുപേരും, മുന്‍സിപ്പാലിറ്റികളില്‍ 30ഉം കോര്‍പ്പറേഷനുകളില്‍ 100 ഉം നിര്‍ഭയ വളണ്ടിയര്മാരാണുണ്ടാവുക. തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ കുടുംബശ്രീ, ജനശ്രീ, മറ്റ് സന്നദ്ധ സംഘടനകള്‍ എന്നിവയില്‍നിന്നുള്ള വനിതകളെയായിരിക്കും നിര്‍ഭയ വോളണ്ടിയര്‍മാരായി തെരഞ്ഞെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഇവര്‍ക്ക് പ്രതിഫലം ഉണ്ടായിരിക്കില്ല. എങ്കിലും ഫോണും യൂണിഫോമും നെയിംപ്ലേറ്റും നല്‍കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ പദവി ദുരുപയോഗം ചെയ്യുന്നതു തടയാന്‍ നോഡല്‍ ഓഫീസറുടെ കീഴില്‍ പ്രത്യേക സംവിധാനങ്ങള്‍ രൂപപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
നിര്‍ഭയകേരളം സുരക്ഷിതകേരളം പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 11.30ന് സെന്റ് ആല്‍ബര്‍ട്സ് സ്കൂളിലെ പ്രത്യേക വേദിയില്‍ യു പി എ അധ്യക്ഷ സോണിയഗാന്ധി നിര്‍വഹിക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുഖ്യപ്രഭാഷണം നടത്തും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അധ്യക്ഷത വഹിക്കും. മന്ത്രിമാരായ കെ എം മാണി, പി കെ കുഞ്ഞാലിക്കുട്ടി, എം കെ മുനീര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: