അവഗണന തുടര്‍ക്കഥ: വി.മുരളീധരന്
തിരുവനന്തപുരം: ഇടക്കാല റെയില്‍വേ ബജറ്റ് കേരളത്തെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ പത്തുവര്‍ഷത്തെ അവഗണനയുടെ തുടര്‍ച്ച മാത്രമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡനൃ വി.മുരളീധരന് പറഞ്ഞു. മൂന്ന് ട്രെയിനുകള്‍ പ്രഖ്യപിച്ചതില്‍ ഒന്ന് കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചതുതന്നെയാണ്.
പ്രീമിയം ട്രെയിനുകള്‍ റെയില്‍വേയുടെ സേവന മനോഭാവത്തെ തകര്‍ത്ത് കച്ചവടസ്ഥാപനമാക്കുന്നതിെന്റ മുന്നോടിയാണ്. ശബരി റെയില്‍പാത, തിരുനാവായ ഗുരുവായൂര്‍ പാത, കഞ്ചിക്കോട് കോച്ച് ഫാക്ടറി, ചേര്‍ത്തല വാഗമണ്‍ ഫാക്ടറി എന്നിവക്ക് തുക അനുവദിക്കാത്തത് കേരള ജനതയോടുളള യു.പി.എ സര്‍ക്കാരിെന്റ സമീപനത്തെയാണ് സൂചിപ്പിക്കുന്നത്. വര്‍ഷംതോറും 5-6 ശതമാനംവരെ യാത്രാക്കൂലി കൂട്ടാനുളള തീരുമാനം ജനങ്ങള്‍ക്ക് താങ്ങാനാവാത്തതാണെന്ന് അദ്ദേഹം പറഞ്ഞു.
നിരാശാജനകമെന്ന് വിവിധ സംഘടനകള്‍
കൊച്ചി: കേന്ദ്ര റെയില്‍വേമന്ത്രി അവതരിപ്പിച്ച ഇടക്കാല റെയില്വെബജറ്റ് കേരളത്തിന് നിരാശാജനകം. മെമു ട്രെയിനുകളും ഡിഎംയു ട്രെയിനുകളില്‍ ഒരെണ്ണം പോലും കേരളത്തിന് അനുവദിച്ചില്ല. എറണാകുളത്തുനിന്ന് മെമു ട്രെയിനും ഷൊര്‍ണൂര്‍-മംഗലാപുരം റൂട്ടില്‍ ഡിഎംയു ട്രെയിനുകളും ആവശ്യപ്പെട്ടിട്ടും നല്‍കിയില്ല. ചാര്ജ്വര്ധനവ് ഇല്ലെന്ന് പറയുമ്പോഴും പരോക്ഷമായി ചാര്ജ്വര്ധനവ് ഉണ്ടാകും. ചാര്‍ജ് വര്‍ധിപ്പിക്കുന്നതിന് റെയില്‍ താരിഫ് അതോറിറ്റി രൂപീകരിക്കുമ്പോള്‍ ഡീസലിന്റെയും പെട്രോളിന്റെയും വൈദ്യുതിയുടെയും ചാര്‍ജ് വര്‍ധിക്കുന്നതിനനുസരിച്ച് ട്രെയിന്ചാര്ജും വര്‍ധിപ്പിക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണ്.
പ്രീമിയര്‍ ട്രെയിന്‍ എന്ന പേരില്‍ തിരക്കേറിയ റൂട്ടുകളില്‍ ഏര്‍പ്പെടുത്തുന്ന ട്രെയിനുകള്‍ ഒരു ചൂഷണമായി മാറും. ജനങ്ങളോട് പ്രതിബദ്ധതയുള്ള ഒരു സര്‍ക്കാര്‍ ഒരിക്കലും വിമാനകമ്പനികള്‍ നടത്തുന്നതുപോലെയോ സ്വകാര്യ ഹോട്ടല്‍ വ്യാപാരംപോലെയേ ഉത്സവകാലങ്ങളില്‍ യാത്രക്കാരോട് കൂടുതല്‍ ചാര്‍ജ് വാങ്ങിച്ച് ടിക്കറ്റുകള്‍ ഉറപ്പുവരുത്തുന്നത് നീതീകരിക്കാന്‍ കഴിയില്ല. ക്രിസ്തുമസ്, ദീപാവലി, ഹോളി, ദുര്‍ഗാഷ്ടമി, വേനല്‍ക്കാല അവധി ഇവക്കുവേണ്ടി പോകേണ്ടിവരുന്ന യാത്രക്കാരെ കൂടുതല്‍ രൂപ നല്കി കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കുന്നുവെന്ന രീതിയില്‍ ഏര്‍പ്പെടുത്തുന്ന പദ്ധതി യാത്രക്കാര്‍ക്ക് യഥാര്‍ത്ഥത്തില്‍ ഇരുട്ടടിയായിത്തീരും.
25 ലക്ഷത്തോളം വടക്കേ ഇന്ത്യന്‍ തൊഴിലാളികള്‍ ജോലിചെയ്യുന്ന കേരളത്തില്‍നിന്ന് ഹൗറക്കും ഗോഹട്ടിക്കും ഉള്ള ഇപ്പോള്‍ ഓടിക്കൊണ്ടിരിക്കുന്ന എല്ലാ ട്രെയിനുകളും തിരക്കേറിയതാണ്. റെയില്‍വേ ഇതുപോലുള്ള ട്രെയിനുകള്‍ പ്രീമിയര്‍ ട്രെയിന്‍ ആക്കുമ്പോള്‍ യാത്രക്കാര്‍ക്ക് ഉണ്ടാകാവുന്ന ബുദ്ധിമുട്ടും സാമ്പത്തിക നഷ്ടവും വളരെ ഏറെയായിരിക്കും. അടിസ്ഥാന സൗകര്യ വികസനത്തിന്റെ കാര്യത്തില്‍ എറണാകുളം, കോട്ടയം, കായംകുളം പാതയിലെ ഇനിയും പൂര്‍ത്തീകരിക്കാനുള്ള 70 കി.മീറ്റര്‍ പാത ഇരട്ടിപ്പിക്കുന്നതിനുവേണ്ടിയുള്ള മുഴുവന്‍ തുകയും ബജറ്റ് ചര്‍ച്ചയില്‍ ഉണ്ടാകണമെന്ന് റെയില്‍വേ യൂസേഴ്സ് അസോസിയേഷന് പ്രസിഡന്റ് പോള്‍ മാന്‍വെട്ടം പറഞ്ഞു.
പുനലൂര്‍, കൊല്ലം, കന്യാകുമാരി ട്രെയിന്‍ രാവിലെ 6 മണിക്ക് ആരംഭിക്കുമ്പോള്‍ പുനലൂര്‍ മേഖലയിലുള്ളവര്‍ക്ക് കൊല്ലത്തുനിന്ന് എറണാകുളത്തേക്ക് പോകുന്നതിന് സൗകര്യമാണ്. എത്രയും വേഗം കഴിഞ്ഞ ബജറ്റില്‍ അനുവദിച്ച മെമു സര്‍വീസ് കോട്ടയം വഴിയും ആലപ്പുഴ വഴിയും ഓടിക്കുകയും വേണം, പോള്‍ മാന്‍വെട്ടം ആവശ്യപ്പെട്ടു.
ഓള് കേരള റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന് പ്രതിഷേധിച്ചു
കൊച്ചി: റെയില്‍വേ ബജറ്റില്‍ കേരളത്തെ അവഗണിച്ചതില്‍ ഓള് കേരള റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന് പ്രതിഷേധം രേഖപ്പെടുത്തി. കേരളത്തിലെ എംപിമാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കാത്തതിന്റെ പരിണിതഫലമാണിത്. കേരളത്തില്‍നിന്ന് എട്ട് മന്ത്രിമാര്‍ ഉണ്ടായിട്ടും ഈ ദുഃസ്ഥിതി തുടരുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് അസോസിയേഷന് പ്രസിഡന്റ് അഡ്വ.മാത്യു പോള്‍ പറഞ്ഞു.
കേരളത്തിന്റെ ചിരകാലാവശ്യമായ സോണ്‍ അനുവദിക്കപ്പെട്ടിട്ടില്ല. പതിയ മൂന്ന് ട്രെയിനുകള്‍ മാത്രമാണ് അനുവദിക്കപ്പെട്ടത്. അതേസമയം കഴിഞ്ഞവര്‍ഷം അനുവദിച്ച വണ്ടികള്‍ ഓടിത്തുടങ്ങിയിട്ടില്ല. മലബാറിനെ പൂര്‍ണമായും അവഗണിച്ചു. പകല്‍ യാത്രാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല.
ബാംഗ്ലൂരിലേക്കുള്ള യാത്രാസൗകര്യം മെച്ചപ്പെടുത്താന്‍ സാധിച്ചിട്ടില്ല. അനുവദിച്ചിട്ടുള്ള ട്രെയിന്‍ സാധാരണക്കാരന് അപ്രാപ്യമാണ്. വടക്കു കിഴക്കന്‍ സംസ്ഥാന തൊഴിലാളികള്‍ക്ക് സൗകര്യം ഏര്‍പ്പെടുത്തിയിട്ടില്ല. കൊച്ചി ഹാര്‍ബര്‍ ടെര്‍മിനസ്, എറണാകുളം ഓള്‍ഡ് റെയില്‍വേ സ്റ്റേഷന്, നെടുമ്പാശ്ശേരി റെയില്‍വേ സ്റ്റേഷന് എന്നിവയെപ്പറ്റി പരാമര്‍ശിച്ചിട്ടില്ല. മുന്‍പ് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള ശബരി റെയില്‍, കഞ്ചിക്കോട് കോച്ച് ഫാക്ടറി, ചേര്‍ത്തല വാഗണ്‍ ഫാക്ടറി, തിരുവനന്തപുരം റെയില്‍വേ മെഡിക്കല്‍ കോളേജ് തുടങ്ങിയവയെപ്പറ്റി ഒന്നും പറഞ്ഞിട്ടില്ല എന്നും അസോസിയേഷന് കുറ്റപ്പെടുത്തി.
ഓള്‍ഡ് റെയില്‍വേ സ്റ്റേഷനെ അവഗണിച്ചു
കൊച്ചി: 2014-15ലെ റെയില്‍വെ ഇടക്കാല ബഡ്ജറ്റില്‍ എറണാകുളം ഓര്‍ഡ് റെയില്വേസ്റ്റേഷന് പുനരുദ്ധാരണത്തിന് തുക വക കൊള്ളിക്കാത്തത് തികച്ചും പ്രതിഷേധാര്‍ഹമാണെന്ന് ഓള്‍ഡ് റെയില്‍വെ സ്റ്റേഷന് വികസന സമിതിയുടെ അടിയന്തിര യോഗം കുറ്റപ്പെടുത്തി. ഭൂമി ഏറ്റെടുക്കല്‍ ഇല്ലാതെ കേവലം 5 കോടി മുടക്കിയാല്‍ യാഥാര്തഥ്യമാക്കാവുന്ന പദ്ധതിയാണ് ഓള്‍ഡ് റെയില്‍വെ സ്റ്റേഷന് പുനരുദ്ധാരണം, നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമായ പ്രസ്തുത പദ്ധതി നേടിയെടുക്കാന്‍ ശക്തമായ രാഷ്ട്രീയ സമ്മര്‍ദ്ദം ഉണ്ടാവണമെന്ന് യോഗം അഭിപ്രായപ്പെട്ടു.
കേരളത്തിന്റെ റെയില്‍വെ വികസനത്തിന് ആവശ്യപ്പെട്ട ഒന്നുപോലും അംഗീകരിക്കാത്തത് കടുത്ത അവഗണനയാണെന്നും കേന്ദ്രറെയില്‍വെ മന്ത്രിയുടെ ബഡ്ജറ്റ് പ്രസംഗം ശ്രദ്ധിച്ചാല്‍ കേരളം എന്ന സംസ്ഥാന ഇന്ത്യയുടെ ഭാഗമാണോ എന്നു പോലും സംശയിക്കേണ്ടിയിരിക്കുന്നതായി യോഗം ഉത്ക്കണ്ഠ രേഖപ്പെടുത്തി. കേരളത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ജനപ്രതിനിധികള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാവണമെന്ന് യോഗം ആവശ്യപ്പെട്ടു.
വികസന സമിതി പ്രസിഡന്റ് അഡ്വ.എം.ആര്.രേജേന്ദ്രന് നായരുടെ അദ്ധ്യക്ഷതയില്‍ ഗാന്ധിഭവനില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ കണ്‍വീനര്‍ കെ.പി.ഹരിഹരകുമാര്‍, സി.ജി.രാജഗോപാല്‍, കുരുവിള മാത്യൂസ്, പി.വി.അതികായകന്, കെ.ലക്ഷ്മീനാരായണന്‍, പ്രൊഫ.വി.പി.ജി.മാരാര്‍, കെ.എസ്.ദിലീപ് കുമാര്‍, പി.എസ്.ഭാസി, ജോ പാലോക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു.
കോച്ച് ഫാക്ടറി പരാമര്‍ശമില്ലാത്തതില്‍ പ്രതിഷേധം
കൊച്ചി: റെയില്‍വേ മന്ത്രി അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ മൂന്ന് പുതിയ ട്രെയിന്‍ സര്‍വീസ് അനുവദിച്ചതും പിഎന്‍ആര്‍ സ്ഥിതി എസ്എംഎസ്സിലൂടെ അറിയിക്കാനുള്ള നിര്‍ദ്ദേശവും സ്വാഗതാര്‍ഹമാണ് എന്ന് കേരള മര്‍ച്ചന്റ്സ് യൂണിയന്. ഈ പ്രഖ്യാപനങ്ങള്‍ മുന്‍ കാലങ്ങളിലെ പോലെ കടലാസ്സില്‍ ഒതുങ്ങാതെ സമയാധിഷ്ഠിതമായി നടപ്പിലാക്കാന്‍ ശ്രമിക്കണം.
എന്നാല്‍ കഞ്ചിക്കോട് ഇന്റഗ്രല്‍ കോച്ച് ഫാക്ടറിക്ക് ശേഷം പ്രഖ്യാപിച്ച റായിബറേലിയിലെ കോച്ച് ഫാക്ടറി പ്രവര്‍ത്തനം തുടങ്ങിയ സാഹചര്യത്തില്‍ കഞ്ചിക്കോട് ഇന്റ്രഗ്രല് കോച്ച് ഫാക്ടറിയെ കുറിച്ച് ബജറ്റില്‍ ഒന്നും പറയാത്തത് നിരാശാജനകമാണ്.
പ്രീമിയം ട്രെയിനുകളില്‍ തിരക്കിനനുസരിച്ച് നിരക്ക് നിശ്ചയിക്കുന്നത് പാവപ്പെട്ടവര്‍ക്ക് ഈ ട്രെയിനുകളിലെ യാത്ര ബുദ്ധിമുട്ടിലാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: