രാഷ്ട്രീയവും സാമൂഹ്യവുമായ സംഭവങ്ങളുടെ ബാഹുല്യവും അതിലെ സങ്കീര്‍ണതകളും കാരണമാവാം. അവയില്‍ ചിലത് ശ്രദ്ധിക്കപ്പെടാതെയോ ചര്‍ച്ച ചെയ്യപ്പെടാതെയോ പോകുന്നു എന്നത് ചിലപ്പോള്‍ ദുരന്തമായിത്തീരുന്നു. കഴിഞ്ഞ മാസം, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനാദ്ധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസിന്റെ കേരളയാത്രയോടനുബന്ധിച്ചുള്ള ഒരു പരിപാടിയില്‍, സംബന്ധിക്കാനെത്തിയ കോണ്‍ഗ്രസിന്റെ യുവരാജാവ് രാഹുല്‍ ഗാന്ധി, പോലീസ് വാഹനത്തിന് മുകളില്‍ കയറി, അനുയായികളെ അഭിവാദ്യം ചെയ്തത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. കേരളത്തിലെ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം സര്‍ക്കാര്‍ വാഹനം ദുരുപയോഗം ചെയ്തതിനെതിരെ രാഹുല്‍ഗാന്ധിയെ അപലപിച്ചിരുന്നു. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്, രാഹുല്‍ ഗാന്ധിയെ കോമാളിയെന്നുപോലും വിശേഷിപ്പിച്ചു. അതൊരു സ്വാഭാവിക പ്രതിഷേധം മാത്രം. പക്ഷേ, ഉടനെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ടി.സിദ്ദിഖ് പിണറായി വിജയനാണ് കോമാളിയെന്നും മാത്രമല്ല അദ്ദേഹം കൊലയാളി കൂടിയാണെന്നും തിരിച്ചടിച്ചു. കോമാളിയെന്ന് പിണറായി വിജയനെ സിദ്ദിഖ് വിളിച്ചതും ഒരു സ്വാഭാവിക പ്രതികരണമായി കണക്കാക്കാം. പക്ഷേ വിജയന് കൊലയാളി കൂടിയാണെന്ന് സിദ്ധിഖ് പറഞ്ഞത് പൊതുസമൂഹത്തില്‍ പലര്‍ക്കും ഒരു പുതിയ അറിവാണ്. ഇവിടുത്തെ വാര്‍ത്താമാധ്യമങ്ങള്‍ പ്രത്യേകിച്ച്, വിഷയദാരിദ്ര്യം നേരിടുന്ന ദൃശ്യമാധ്യമങ്ങള്‍, ഈ കൊലയാളി വിശേഷണം വേണ്ടത്ര പ്രാധാന്യം കൊടുക്കാത്തതും ചര്‍ച്ചക്കെടുക്കാത്തതും സര്‍വോപരി പിണറായി വിജയന് അതിനെതിരെ ഒരക്ഷരം ഉരിയാടാത്തതും ഒരു പ്രഹേളികയായി അവശേഷിക്കുന്നു.
കൊലയാളിയെന്ന് പിണറായി വിജയനെ സിദ്ദിഖ് വിശേഷിപ്പിക്കുമ്പോള്‍ സാമാന്യജനത്തിന്റെ മനസ്സില്‍ ചില സംശയങ്ങള്‍ ഉയര്‍ന്നുവരുന്നത് സ്വാഭാവികം. പിണറായി വിജയന് ഏതെങ്കിലും കൊലപാതകം നടത്തിയിട്ടുണ്ടോ? എങ്കില്‍ ഏതു കൊലപാതകം? അതോ മാര്‍ക്സിസ്റ്റ് പാര്‍ട്ടി പ്രതിസ്ഥാനത്തുള്ള എല്ലാ കൊലപാതകങ്ങളിലും പാര്‍ട്ടിയുടെ ഉന്നതസ്ഥാനീയനെന്ന ഉത്തരവാദിത്തംകൊണ്ട് സിദ്ദിഖ് പൊതുവില്‍ പറഞ്ഞതാണോ? കേരളത്തില്‍ മാര്‍ക്സിസ്റ്റുകാര്‍ ഒരുപാട് രാഷ്ട്രീയ കൊലപാതകങ്ങള്‍ നടത്തിയിട്ടുള്ളതും ശിക്ഷിക്കപ്പെട്ടതും തിരിച്ചും സംഭവിച്ചതും ഏവര്‍ക്കുമറിയാം. ഇതിനെല്ലാം തുടക്കം കുറിച്ചത്, തലശ്ശേരിയിലെ, വാടിക്കല്‍ രാമകൃഷ്ണന് എന്ന ബിഎംഎസുകാരന്റെ കൊലപാതകമായിരുന്നു എന്നത് എത്ര പേര്‍ക്കറിയാം. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ മുന്‍ യുവജനസംഘടനയായ കെഎസ്വൈഎഫ് എന്ന സംഘടന വിട്ട് ബിഎംഎസില്‍ ചേര്‍ന്ന രാമകൃഷ്ണന് എന്ന ബീഡി തൊഴിലാളിയെ മാര്ക്സിറ്റുകാര് അറുകൊല ചെയ്തു എന്ന ചരിത്ര സത്യം, കണ്ണൂര്‍ ജില്ലയെ ആര്‍എസ്എസുകാര്‍ രാഷ്ട്രീയ പരീക്ഷണശാലയാക്കിയെന്ന് വിളിച്ചുകൂവുന്നവരും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ സ്നേഹിക്കുകയും ചെയ്യുന്ന ശുംഭന്മാര്ക്കറിയാന് ഇടയില്ല.
വാടിക്കല്‍ രാമകൃഷ്ണന്റെ കൊലപാതകത്തിലെ പ്രതിപ്പട്ടികയില്‍ നിന്ന് ചില കെഎസ്വൈഎഫ് കാരെ അന്നത്തെ മുഖ്യമന്ത്രി (ആഭ്യന്തരമന്ത്രി കൂടിയായിരുന്നു) ഇഎംഎസ് ഒഴിവാക്കി രക്ഷപ്പെടുത്തിയിരുന്നതായി അന്നുതന്നെ അഭ്യൂഹമുണ്ടായിരുന്നു. ഇവിടെയാണ് സിദ്ദിഖിന്റെ പ്രസ്താവനയെക്കുറിച്ചുള്ള സംശയങ്ങള്‍ ഉയരുന്നത്. പ്രസ്തുത പ്രതിപ്പട്ടികയെക്കുറിച്ച് സിദ്ദിഖിന് എന്തെങ്കിലും സൂചന ലഭിച്ചിട്ടുണ്ടോ? കോണ്‍ഗ്രസിന്റെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരു നേതാവ്, മറ്റൊരു പാര്‍ട്ടിയുടെ നേതാവ്, പ്രത്യേകിച്ച് മുഖ്യമന്ത്രി കുപ്പായം തയ്പ്പിച്ച് കാത്തിരിക്കുന്ന വ്യക്തിക്കെതിരെ ഇങ്ങനെ ഒരു ആരോപണം പറയണമെങ്കില്‍ അതിന്റെ അര്‍ത്ഥതലങ്ങള്‍ എന്തെന്നും ഏതെന്നും കണ്ടെത്തേണ്ടിയിരിക്കണമെന്ന് പറയുന്നത് സാമാന്യബുദ്ധിമാത്രം.
ഒരുതുള്ളി ചോര പോലും പൊടിയാതെ ബംഗാളി സഖാക്കള്‍ നടത്തുന്ന കൊലപാതകങ്ങള്‍ കേരളീയര്‍ അനുകരിക്കണമെന്ന് പിണറായി വിജയന് പറഞ്ഞതായി, എ.പി.അബ്ദുള്ളക്കുട്ടി എംഎല്‍എ തന്റെ ലേഖനത്തിലൂടെ വ്യക്തമാക്കിയ പശ്ചാത്തലത്തില്‍, പിണറായി വിജയന് കൊലയാളി എന്ന വിശേഷണം അന്വര്ത്ഥമാക്കുകയല്ലെ ചെയ്യുന്നത്. ആഴ്ചയില്‍ അഞ്ചുതവണ പത്രസമ്മേളനം നടത്തുന്ന പിണറായി സിദ്ദിഖിന്റെ കൊലയാളിവിളിക്കെതിരെ പ്രതികരിക്കാത്തതും ന്യൂജനറേഷന് മാധ്യമപ്രവര്‍ത്തകര്‍ ഇക്കാര്യത്തില്‍ വിശദീകരണം ആരായാത്തതും കൗതുകമായി തോന്നുന്നു. ഏതായാലും കേരളത്തിലെ സാമാന്യജനം, സ്വന്തം പാര്‍ട്ടിക്കാരെ പോലെ, എല്ലാവരും മന്ദബുദ്ധികളല്ല എന്ന് തെളിയിക്കുന്നതായിരുന്നു, പിണറായി വിജയന്റെ ഇതിനുമുമ്പുള്ള കേരള യാത്രകള്‍ക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പ് ഫലങ്ങള്‍. ആസിയാന്‍ കരാറിനെതിരെ എന്ന പേരില്‍ ഒന്നാമത് നടത്തിയ കേരളയാത്രയ്ക്ക് ശേഷം നടന്ന ഉപതെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റില്‍ പാര്‍ട്ടി തോറ്റതും 2011 ല്‍ പൊതുതെരഞ്ഞെടുപ്പിന് മുമ്പ് നടത്തിയ കേരളയാത്രയും ലക്ഷ്യം കാണാതെ പോയതും കേരളീയരുടെ ചെറിയ ഓര്‍മയില്‍ നിലനില്‍ക്കുന്നുണ്ട്.
ഗുജറാത്ത് കാലപത്തില്‍ നരേന്ദ്രമോദിക്കുള്ള പങ്കിനെക്കുറിച്ച് സിബിഐയുടെ തന്നെ സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെക്കൊണ്ട് അന്വേഷണം നടത്തണമെന്ന് കോടതി ഉത്തരവിട്ടപ്പോള്‍ അതില്‍ ഊറ്റംകൊണ്ട പിണറായി വിജയന്റെ പാര്‍ട്ടി, ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ ഒരു സിബിഐ അന്വേഷണം എന്ന ആവശ്യം ഉയരുമ്പോള്‍, മനസ്സിന്റെ സമനില തെറ്റിയ ആളെപ്പോലെ പെരുമാറുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. പാര്‍ട്ടിയിലെ ഉന്നതനേതാക്കള്‍ക്ക് ഈ കൊലപാതകത്തില്‍ പങ്കില്ലെങ്കില്‍ സിബിഐ മുതല്‍ ഇന്റര്‍പോള്‍ വരെയുള്ള ഏജന്‍സികള്‍ അന്വേഷണം നടത്തട്ടെ എന്ന് പറയേണ്ടതായിരുന്നു മാന്യത. മടിയില്‍ കനമുള്ളവനല്ലെ വഴിയില്‍ പേടിയുണ്ടാവുക. നിര്‍ഭാഗ്യമെന്ന് പറയട്ടെ കേരള നേതൃത്വത്തെ വല്ലാതെ ഭയപ്പെടുന്ന പാര്‍ട്ടിയുടെ അഖിലേന്ത്യ നേതൃത്വം ദേശീയപാര്‍ട്ടിയെന്ന ലേബല്‍ പോലും നഷ്ടമാകുമോ എന്ന ആശങ്കയിലാണ്. ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്ന ആവശ്യത്തില്‍, പിണറായി വിജയന്റേയും പാര്‍ട്ടിയിലെ മന്ദബുദ്ധികള്‍ക്ക് പോലും സംശയം ഉണ്ടാക്കുന്നുണ്ട്. കേരളരക്ഷായാത്രയ്ക്ക് സ്വീകരണം ഒരുക്കുന്നവരുടെ മുഖത്ത് തന്നെ ഈ സംശയം നിഴലിക്കുന്നത് കാണാം. നമ്മുടേത് ഒരു കൊലയാളി പാര്‍ട്ടിയാണോ? എന്ന് പലരുടേയും മനസ്സില്‍ രൂപം കൊണ്ടുകഴിഞ്ഞു.
കെ.ആര്. മാധവന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: