ആലപ്പുഴ: പള്ളികള്‍ കേന്ദ്രീകരിച്ച് കത്തോലിക്കാ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം സജീവമാക്കാന്‍ ക്രൈസ്തവസഭകളുടെ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തില്‍ ഇടവകകള്‍ തോറും യൂണിറ്റ് കമ്മറ്റികള്‍ രൂപീകരിച്ചു തുടങ്ങി. കത്തോലിക്കാ സഭാ നേതൃത്വം ഇത് സംബന്ധിച്ച് വിശ്വാസികള്‍ക്ക് കര്‍ശന നിര്‍ദേശമാണ് നല്‍കിയിട്ടുള്ളത്.
ജനകീയ വിഷയങ്ങളില്‍ ക്രൈസ്തവ മതനേതൃത്വത്തിന് നേരിട്ട് ഇടപെടുന്നതിനാണ് സഭയുടെ നിയന്ത്രണത്തില്‍ കത്തോലിക്കാ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം സജീവമാക്കുക. പശ്ചിമഘട്ട സംരക്ഷണ റിപ്പോര്‍ട്ടുകള്‍ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിജയകരമായതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനമൊട്ടാകെ ഇത്തരത്തില്‍ നിലപാട് സ്വീകരിക്കാന്‍ സഭാ നേതൃത്വത്തെ പ്രേരിപ്പിച്ചത്.
വര്‍ഷങ്ങള്‍ മുമ്പ് തന്നെ കത്തോലിക്കാ കോണ്‍ഗ്രസ് രൂപീകരിച്ചിരുന്നെങ്കിലും പ്രവര്‍ത്തനം നിര്‍ജീവമായിരുന്നു. കേരളാ കോണ്‍ഗ്രസുകളുടെ ആധിപത്യമായിരുന്നു ഇതിന് കാരണം. എന്നാല്‍ പശ്ചിമഘട്ട സംരക്ഷണ റിപ്പോര്‍ട്ടുകള്‍ക്കെതിരെയുള്ള പ്രക്ഷോഭത്തില്‍ കേരളാ കോണ്‍ഗ്രസുകളുടെ ഇടപെടലുകളില്‍ ആത്മാര്ഥതയില്ലായിരുന്നുവെന്നാണ് സഭാ നേതൃത്വത്തിന്റെ നിലപാട്. എന്നാല്‍ ബഹുഭൂരിപക്ഷം ഇടവകകളിലും കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതാക്കളായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളതും കേരളാ കോണ്‍ഗ്രസ് നേതാക്കളാണെന്നതാണ് യാഥാര്‍ഥ്യം. നിലവില്‍ മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ ലത്തീന്‍ സഭാ നേതൃത്വം നല്കുന്ന സംഘടനയുടെ പ്രവര്‍ത്തനം സജീവമാണ്. ഇതിന്റെ മാതൃകയിലാകും കത്തോലിക്കാ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തുക.
കേരളാ കോണ്‍ഗ്രസ് എന്ന മുഖംമൂടിയുടെ മറവില്‍ രാഷ്ട്രീയത്തിലും ഭരണത്തിലും ഇടപെട്ടിരുന്ന ക്രൈസ്തവസഭകള്‍ ഇനി കത്തോലിക്കാ കോണ്‍ഗ്രസിന്റെ പേരില്‍ നേരിട്ടായിരിക്കും ഇടപെടുക. ഇസ്ലാം മതത്തിന്റെ പേരില്‍ മുസ്ലിം ലീഗും കത്തോലിക്കാ സഭയുടെ പേരില്‍ കത്തോലിക്കാ കോണ്‍ഗ്രസും സജീവമായതോടെ സംസ്ഥാന രാഷ്ട്രീയത്തില്‍ ന്യൂനപക്ഷ മതാധിപത്യം കൂടുതല്‍ പിടിമുറുക്കാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: