മാവേലിക്കര: ഒരുമിച്ച് ആത്മഹത്യ ചെയ്യാനെന്ന് തെറ്റിദ്ധരിപ്പിച്ച് ഭാര്യക്ക് വിഷം നല്കി കൊന്ന കേസില്‍ യുവാവിന് ജീവപര്യന്തം. കുറത്തികാട് വെട്ടുകുളഞ്ഞി തെക്കേതില്‍ വീട്ടില്‍ വാടക്ക് താമസിച്ചിരുന്ന ഗിരിജാകുമാരി (24) മരിച്ച കേസിലാണ് ഭര്‍ത്താവ് അരവിന്ദന് (ശിവപ്രസാദ്-35) ജീവപര്യന്തവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് മാവേലിക്കര അഡീഷണല്‍ സെഷന്‍സ് ജഡ്ജ് എ.ബദറുദ്ദീന്‍ ഉത്തരവായത്. പിഴ തുകയില്‍ ഒന്നര ലക്ഷം രൂപ ഗിരിജാകുമാരിയുടെ അച്ഛന് ഗോപിനാഥപിള്ളയ്ക്ക് നല്‍കണം. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധികം തടവ് അനുഭവിക്കണം.
2006 മെയ് 20നാണ് സംഭവം. 2006 ജനുവരി ആറിന് വിവാഹിതരായ ഇവര്‍ അമ്മയ്ക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. മെയ് 19ന് അമ്മ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് സ്വകാര്യ ബസ് കണ്ടക്ടറായ അരവിന്ദന് വിഷം വാങ്ങി വീട്ടില്‍ എത്തുകയും ജീവിതം മടുത്തതിനാല്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചതായും ഗിരിജാകുമാരിയോട് പറഞ്ഞു. തുടര്‍ന്ന് ഒരുമിച്ച് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച ദമ്പതികള്‍ ആത്മഹത്യാകുറിപ്പും തയ്യാറാക്കി.
20ന് ഉച്ചയോടെ അവശനിലയിലായ ഗിരിജാ കുമാരിയേയും കൊണ്ട് അരവിന്ദനും സഹോദരി ഭര്‍ത്താവ് ഹരികുമാറും മാവേലിക്കര ഗവ. ആശുപത്രിയില്‍ എത്തി. ആശുപത്രിയില്‍ എത്തുമ്പോള്‍ ഗിരിജാകുമാരി മരിച്ചിരുന്നു. ഈ സമയം താനും വിഷം കഴിച്ചിട്ടുണ്ടെന്ന് അരവിന്ദന് അറിയിച്ചതിനെത്തുടര്‍ന്ന് ഇയാളെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ സംഭവത്തില്‍ സംശയം തോന്നിയ ഗിരിജാകുമാരിയുടെ അച്ഛന് ഗോപിനാഥപിള്ള കുറത്തികാട് പോലീസില്‍ പരാതി നല്കി. തുടര്‍ന്ന് അരവിന്ദന്റെ വയറ്റില്‍ നിന്ന് ശേഖരിച്ച ആഹാര സാമ്പിള്‍ പരിശോധനക്ക് അയക്കുകയും വിഷം കഴിച്ചിട്ടില്ലെന്ന് കണ്ടെത്തുകയും ചെയ്തു.
സ്ത്രീധനത്തുക കുറഞ്ഞതിന് വിവാഹനാള്‍ മുതല്‍ മകളെ പീഡിപ്പിച്ചിരുന്നെന്ന് ഗോപിനാഥന്‍പിള്ള നല്കിയ പരാതിയില്‍ പറഞ്ഞിരുന്നു. കുറത്തികാട് പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നുളള അച്ഛന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് ആദ്യം ആലപ്പുഴ ക്രൈംബ്രാഞ്ചിനും പിന്നീട് കൊല്ലം ക്രൈംബ്രാഞ്ചിനും കൈമാറി. കൊല്ലം ക്രൈംബ്രാഞ്ചാണ് സ്ത്രീധന പീഡനം, കൊലപാതകം, ഗൂഡാലോചന തുടങ്ങിയ കുറ്റങ്ങള്‍ നാല് പ്രതികള്‍ക്കെതിരെ ചുമത്തി കേസ് ചാര്‍ജ് ചൈയ്തത്. അരവിന്ദന്റെ അമ്മ വിജയലക്ഷമി, ഇവരുടെ മകള്‍ മായ, മായയുടെ ഭര്‍ത്താവ് ഹരികുമാര്‍ എന്നിവരെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതേവിട്ടിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രമണന്പിളള ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: