കൊച്ചി: കൊച്ചിയിലെത്തിയ നരേന്ദ്രമോദിയെ സന്ദര്‍ശിക്കാന്‍ മലങ്കര ഓര്‍ത്തഡോക്സ് സഭ ചെങ്ങനൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്താനസിയോസും അഹമ്മദാബാദ് മെത്രാന് ഗീവര്‍ഗീസ് മാര്‍ യൂലിയോസും എറണാകുളം ഗസ്റ്റ് ഹൗസില്‍ എത്തി. ഉച്ചക്ക് 2.25ന് എത്തിയ മോദിയെ കാണാന്‍ മൂന്നു മണിയോടെയാണ് മെത്രോപോലീത്തമാര് ഉപഹാരങ്ങളുമായെത്തിയത്. ആദ്യമെത്തിയത് ചെങ്ങനൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്താനസിയോസ് ആണ്. കാപ്പിത്തടിയില്‍ തീര്‍ത്ത ശില്പമാണ് അദ്ദേഹം മോദിക്കായി കൊണ്ടുവന്നിരുന്നത്. തൊട്ടുപിന്നാലെ അഹമ്മദാബാദ് മെത്രാന് ഗീവര്‍ഗീസ് മാര്‍ യൂലിയോസിസും ഒരാള്‍ പൊക്കമുള്ള നിലവിളക്കുമായി എത്തി. 3.30നാണ് മോദിയെ കാണാനുള്ള അവസരം ലഭിച്ചത്. കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടു.
കൂടിക്കാഴ്ച തികച്ചും സ്വകാര്യവും സൗഹൃദ സന്ദര്ശനവുമായിരുന്നെന്നും അദ്ദേഹത്തിന്റെ വിജയത്തിന് എല്ലാവിധ ആശംസകളും നേര്‍ന്നെന്നും തോമസ് മാര്‍ അത്താനസിയോസും ഗീവര്‍ഗീസ് മാര്‍ യൂലിയോസും മാധ്യമങ്ങളോടു പറഞ്ഞു. ഗുജറാത്തില്‍ നല്ലൊരു ഭരണം കാഴ്ചവച്ച നരേന്ദ്രമോദി പ്രധാനമന്ത്രി ആയാല്‍ ഇന്ത്യക്ക് അത് എന്തുകൊണ്ടും ഗുണം തന്നെയെന്ന് ചെങ്ങനൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്താനസിയോസ് പറഞ്ഞു. അഹമ്മദാബാദ് മെത്രോപ്പോലീത്ത ആയിരുന്ന കാലം മുതലുള്ള സൗഹൃദമാണ് മോദിയുമായിട്ടുള്ളത്. സുഹൃത്തായ ഒരാള്‍ കേരളത്തിലെത്തുമ്പോള്‍ നേരിട്ടു കാണുക എന്ന ഉത്തരവാദിത്വം മാത്രമാണ് താന്‍ നിറവേറ്റിയത്. ഓര്‍ത്തഡോക്സ് സഭയുടെ നിര്‍ദ്ദേശ പ്രകാരമല്ല ഇന്നത്തെ സന്ദര്‍ശനമെന്നും അദ്ദേഹം വ്യക്തമാക്കി. ഗുജറാത്തില്‍ ഓര്‍ത്തഡോക്സ് സഭയുടെ വികസനത്തിന് മുഖ്യപങ്കു വഹിച്ച ആളാണ് തോമസ് മാര്‍ അത്താനസിയോസ്. സഭക്ക് ഇന്നത്തെ നിലയില്‍ അനവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റു പ്രസ്ഥാനങ്ങളും വളര്‍ത്തിയെടുക്കുന്നതില്‍ മോദിയുടെ സഹായം വളരെയേറെ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്തില്‍ വളരെ മാതൃകാപരമായ ഭരണമാണ് മോദി കാഴ്ചവച്ചിട്ടുള്ളത്. വംശീയതയുടെ പേരുപറഞ്ഞ് അദ്ദേഹം കാഴ്ചവച്ച വികസനങ്ങള്‍ കണ്ടില്ലെന്നു നടിക്കുകയാണ് ഇവിടുത്തെ ഭരണകൂടങ്ങള്‍ എന്ന് അഹമ്മദാബാദ് മെത്രാന് എബ്രഹാം മാര്‍ യൂലിയോസ് പറഞ്ഞു. വംശീയഹത്യ നടന്നു എന്നതിന് മോദിക്കെതിരെ ഇതുവരെ തെളിവൊന്നും കിട്ടിയിട്ടില്ല. ആരു തെറ്റുചെയ്താലും ശിക്ഷിക്കപ്പെടണം. വംശീയഹത്യ നടന്നിട്ടുണ്ട് എന്നു വിശ്വാസമുണ്ടെങ്കില്‍ ആഴത്തിലുള്ള അന്വേഷണമാണ് നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അടുത്ത കാലത്തു നടന്ന മനുഷ്യാവകാശ ലംഘനമാണ് പുലര്‍ച്ചെ തങ്ങളുടെ പള്ളിയില്‍ അതിക്രമിച്ചു കയറി വൈദികനെ അക്രമിച്ച് അവശനാക്കിയത്. ഇതിലും വലിയ നരഹത്യകളും അക്രമങ്ങളും കേരളത്തില്‍ നടക്കുന്നുണ്ട്. കഴിഞ്ഞ നാലു വര്‍ഷമായി ഗുജറാത്തിലെ ഭരണം നേരിട്ടു നോക്കി കാണുന്ന ആളാണ് താനെന്നും അവിടെ നടക്കുന്ന വികസനങ്ങള്‍ മറ്റു സംസ്ഥാനങ്ങള്‍ മാതൃകയാക്കണം.
ഇവിടെ ഒരു സംസ്ഥാന പ്രസിഡന്റിനെ പോലും തീരുമാനിക്കാന്‍ കഴിയാത്ത രാഷ്ട്രീയമാണുള്ളത്. അതിനായി മാസങ്ങളായി ഡല്‍ഹിയില്‍ താമസിക്കുന്ന നേതാക്കള്‍ക്ക് കേരളത്തിലെ ഭരണം നിയന്ത്രിക്കാനോ വികസനങ്ങള്‍ കൊണ്ടുവരാനോ എങ്ങനെ കഴിയുമെന്നും അദ്ദേഹം ചോദിച്ചു.ലോകത്തെ ഏറ്റവും നല്ല ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയില്‍ ഗൂജറാത്ത് മോഡലിലുള്ള ഭരണമാണ് വേണ്ടതെന്നും അഹമ്മദാബാദ് മെത്രാന് എബ്രഹാം മാര്‍ യൂലിയോസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: