കായംകുളം: അധ്യാപക സംഘടനകള്‍ തൊഴിലാളി സംഘടനകള്‍ ആകരുതെന്നും പാഠപുസ്തകങ്ങള്‍ക്കപ്പുറം വിശാലമായ ലോകത്തേക്ക് വിദ്യാര്‍ഥികളെ കൈപിടിച്ചുയര്‍ത്തണമെന്നും ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരന്. ദേശീയ അധ്യാപക പരിഷത്ത് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കപടമതേതരത്വത്തിന്റെ പേരില്‍ ഇന്ന് നിഷേധിക്കപ്പെടുന്ന സാംസ്കാരിക മൂല്യങ്ങള്‍ അധ്യാപകര്‍ വിദ്യാര്‍ഥികളില്‍ സന്നിവേശിപ്പിക്കണം. വിവരശേഖരണവും സംഭരണവും വിദ്യാഭ്യാസമാകുകയില്ല. അവ ദഹിക്കാതെ മസ്തിഷ്ക്കത്തില്‍ കിടന്ന് അരാജകത്വം സൃഷ്ടിക്കും. വിവരശേഖരണമാണ് വിദ്യാഭ്യാസമെങ്കില്‍ പുസ്തകങ്ങള്‍ ആചാര്യന്മാരും ഗ്രന്ഥശാലകള്‍ ഋഷിമാരുമാകുമായിരുന്നുവെന്ന് സ്വാമി വിവേകാനന്ദന് പറഞ്ഞതിന്റെ പൊരുള്‍ അധ്യാപകര്‍ മനസിലാക്കണം.
പൂര്ണമനുഷ്യരെ നിര്‍മിക്കുന്നതില്‍ പ്രധാനപങ്ക് വഹിക്കുന്നത് അധ്യാപകരാണ്. സ്വയം മാതൃകയായി അവര്‍ അത് നിര്‍വ്വഹിക്കണം. വ്യക്തി ചാരിത്ര്യവും രാഷ്ട്ര താല്പര്യവും ചേര്‍ന്നാലെ വിദ്യാഭ്യാസം പൂര്‍ത്തിയാകൂ. ഇന്നത്തെ വിദ്യാഭ്യാസത്തിന്റെ ഏറ്റവും വലിയ ദൗര്‍ലഭ്യം ആചാര്യന്മാരും ഗുരുക്കന്മാരും ഇല്ലാതാകുന്നു എന്നതാണ്. ഉപജീവനത്തിന് ജോലി ചെയ്യുന്ന തൊഴിലാളികളായി അധ്യാപകര്‍ മാറി. ദേശീയ അധ്യാപക പരിഷത്ത് മാത്രമാണ് ഇതില്‍ നിന്നും വ്യത്യസ്തമായി നിലകൊള്ളുന്നത്. യോഗ, ആറുഭാഗങ്ങളുള്ള സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗങ്ങള്‍ എന്നിവ പാഠ്യവിഷയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വി.ഉണ്ണികൃഷ്ണന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എന്റ്റിയു സംസ്ഥാന തലത്തില്‍ നടത്തിയ വിവേകാനന്ദ വിജ്ഞാനപരീക്ഷയിലെ വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ പി.പരമേശ്വരന് വിതരണം ചെയ്തു. ബിജെപി ദേശീയ സമിതി അംഗം സി.കെ.പത്മനാഭന്, ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എസ്.വാരിജാക്ഷന്‍ എന്നിവര്‍ പ്രസംഗിച്ചു. സ്വാഗതസംഘം ചെയര്മാന് വി.രാജേന്ദ്രന് സ്വാഗതവും എന്‍ടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എ.നാരായണന് നന്ദിയും രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: