കൊച്ചി രാജവംശത്തിലെ വലിയ തമ്പുരാന് നാടുനീങ്ങിയപ്പോള്‍ കേരളത്തിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് നഷ്ടമായത് അവരുടെ സിക്സര്‍ തമ്പുരാനെയാണ്.
സിക്സറുകള്‍ പറത്തുന്നതില്‍ കേമനായിരുന്നതിനാലാണ് അദ്ദേഹത്തിന ആ പേര് വീണത്. ദീര്‍ഘകാലം തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബിന്റെ നായകനായിരുന്നു. തിരുവനന്തപുരത്ത് നടന്ന രഞ്ജി ട്രോഫി മാച്ചില്‍ പങ്കെടുത്തിട്ടുമുണ്ട്. ക്രിക്കറ്റിന് പുറമെ ടെന്നീസും ടേബിള്‍ ടെന്നീസും ഫുട്ബോളുമെല്ലാം തമ്പുരാന്റെ കാര്യമുള്ള കളികളായായിരുന്നു.
ക്രിക്കറ്റില്‍ ആരെ ഇഷ്ടം ചോദിച്ചാല്‍ മറുചിന്തയില്ലാതെ അദ്ദേഹം പറയുമായിരുന്നു സച്ചിന് എന്ന്. സച്ചിന്റെ ഒട്ടുമിക്ക ആരാധകരേയും പോലെ അദ്ദേഹത്തിന്റെ കളി ലൈവ് കാണുമായിരുന്നില്ല തമ്പുരാനും. പകരം പിറ്റേന്നത്തെ പത്രവാര്‍ത്തകള്‍ വായിച്ച ശേഷം സച്ചിന്റെ ഇന്നിങ്ങ്സുകളുടെ റീപ്ലേ കാണുകയായിരുന്നു ശീലം.
ബാറ്റിംഗില്‍ പ്രതിഭ തെളിയിച്ചതിന് പുറമെ മികച്ചൊരു ഫാസ്റ്റ് ബൗളര്‍ കൂടിയായിരുന്നു അദ്ദേഹം. ടെസറ്റ് ക്രിക്കറ്റിനോടായിരുന്നു താത്പര്യം കൂടുതല്‍. ഇംഗ്ലണ്ടിന്റെ കളികാണാനാണ് ഏറെ ആഗ്രഹിച്ചിരുന്നത്. തുടര്‍ച്ചയായി സിക്സറുകള്‍ പായിച്ചതിന് ഒരിക്കല്‍ അദ്ദേഹത്തിന് ഒരു ട്രോഫി സമ്മാനമായി ലഭിച്ചിരുന്നു. എന്നാല്‍ ബൗളര്‍മാരുടെ മോശം പ്രകടനമാണ് അങ്ങനെയൊരു നേട്ടത്തിന് വഴിയൊരുക്കിയതെന്ന നിലപാടായിരുന്നു കൊച്ചനിയന് തമ്പുരാനുണ്ടായിരുന്നത്.
ഐപിഎല്‍ മാച്ചുകളോട് കൊച്ചനിയന് തമ്പുരാന് വിയോജിച്ചു. അത് ക്രിക്കറ്റല്ലെന്നായിരുന്നു തമ്പുരാന്റെ മതം. ഐപിഎല്ലിന്റെ ആദ്യ എഡിഷന് കണ്ടപ്പോഴേ ആ കളികാണല്‍ മതിയാക്കി. 2012 ജൂണിലാണ് സിക്സറുകളുടെ തമ്പുരാന് 100 വയസ്സ് തികഞ്ഞത്.
വായനയും ഡ്രൈവിംഗുമായിരുന്നു തമ്പുരാന്റെ മറ്റു വിനോദങ്ങള്‍. തിരുവനന്തപുരത്തായിരുന്നപ്പോള്‍ ചുറ്റുവട്ടത്തുള്ള എല്ലാ ലൈബ്രറികളിലും അദ്ദേഹത്തിന് അംഗത്വം ഉണ്ടായിരുന്നു.
പ്രായമായപ്പോഴും വള്ളത്തോള്‍ കവിതകള്‍ മറന്നിരുന്നില്ല. കൂടുതല്‍ സമയവും അദ്ദേഹം ചെലവഴിച്ചിരുന്നത് വായനയ്ക്കായിരുന്നു. തോമസ് ഹാര്‍ഡിയും ടോള്‍സ്റ്റോയിയും ആയിരുന്നു ഇഷ്ട എഴുത്തുകാര്‍.
ചിട്ടയായ ജീവിതശൈലിയാണ് അദ്ദേഹം അനുവര്‍ത്തിച്ചിരുന്നത്. രാവിലെ ആറിന് മുമ്പ് ഉണരും. ഭക്ഷണകാര്യത്തിലും വിട്ടുവീഴ്ചയ്ക്ക് തയ്യാറായിരുന്നില്ല. എങ്കിലും പ്രായത്തിന്റേതായ അവശതകള്‍ അവസാന കാലത്ത് അദ്ദേഹത്തെ അലട്ടിയിരുന്നു. പൂര്‍ണത്രയീശന്റെ ദാസന് മാത്രമാണെന്നായിരുന്നു ഭാവം.
കുന്നത്തൂര്‍ പടിഞ്ഞാറേടത്ത് ശങ്കരന് ഭട്ടതിരിപ്പാടിന്റേയും ലക്ഷ്മി തോപ്പു കൊട്ടാരത്തില്‍ കുഞ്ഞിക്കാവ് തമ്പുരാന്റേയും മകനായി 1912 ജൂണ്‍ രണ്ടിനാണ് രാമവര്‍മ കൊച്ചനിയന് തമ്പുരാന്റെ ജനനം.
സ്കൂള്‍ വിദ്യാഭ്യാസമെല്ലാം തൃപ്പൂണിത്തുറയില്‍ ആയിരുന്നു. മഹാരാജാസ് കോളേജില്‍ നിന്നും ഇന്റര്‍മീഡിയേറ്റ് പാസായ ശേഷം കല്‍ക്കട്ട സര്‍വകലാശാലയില്‍ നിന്നുമാണ് ഡിഗ്രി നേടിയത്. ഫിനാന്‍ഷ്യല്‍ അസിസ്റ്റന്റ് ആയിട്ടാണ് അദ്ദേഹം സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ചത്.
വിനീത വേണാട്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: