കൊച്ചി: രണ്ടര വയസ്സുകാരി പാക്കിസ്ഥാന് പെണ്‍കുട്ടിക്ക് അമിത ഹൃദയമിടിപ്പ് ശരിയാക്കുന്ന ചികിത്സ വിജയകരമായി. ബലൂചിസ്ഥാനിലെ സാധാരണ കൃഷിക്കാരനായ മുനീറിന്റെ മകള്‍ ഹിനാബുവിനാണ് അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സ നടത്തിയത്.
കുട്ടികളില്‍ വളരെ അപൂര്‍വ്വമായി കാണുന്ന അമിത ഹൃദയമിടിപ്പ് മിനുട്ടില്‍ 240 എന്ന തോതിലായിരുന്നു ഹിനായില്. പല മരുന്നുകളും ചികിത്സകളും പരീക്ഷിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്നാണ് ഈ രോഗത്തിനു നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ചികിത്സക്കായി അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് ഹിനയെ കൊണ്ടുവന്നത്. കയ്യിലെ ആര്‍ട്ടറിയിലൂടെ കത്തീറ്റര്‍ ഹൃദയത്തിലെത്തിച്ച് ക്രമരഹിതമായി സ്പന്ദിക്കുന്ന ഹൃദയത്തിന്റെ ‘മാപ്പിങ്ങ്’ ചെയ്ത് റേഡിയോ ഫ്രീക്വന്‍സി എനര്‍ജി നല്കി ഹൃദയമിടിപ്പ് ക്രമീകരിക്കുകയായിരുന്നു.
കാര്‍ഡിയോളജി വിഭഗാം മേധാവി ഡോ: കെ.യു. നടരാജന്റെ നേതൃതത്തിലായിരുന്നു ചികിത്സ. രണ്ടു ദിവസത്തിനുള്ളില്‍ കുട്ടിക്ക് ആശുപത്രി വിടാം. സങ്കീര്‍ണ്ണമായ ഇത്തരം രോഗത്തിനു പ്രായം കുറഞ്ഞ കുട്ടികളില്‍ ഈ ചികിത്സ നല്‍കുന്നത് ആദ്യത്തേതാണ്. ഇത്തരം ചികിത്സ ചെയ്ത കുട്ടികളില്‍ വച്ച് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണ് ഹിന. പാക്കിസ്ഥാനിലുള്ള ഒരു കുട്ടി കേരളത്തില്‍വന്നു ചികിത്സ നേടുന്നതും ആദ്യമായിട്ടാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: