നടുക്കടലിലൂടെ പറക്കുന്ന പായ്ക്കപ്പലില്‍ ജീവന് പണയംവച്ച് കുതിക്കുന്ന കടല്‍ക്കൊളളക്കാരുടെ കഥ നാം കേട്ടിട്ടുണ്ടാകും. വഴി തെറ്റിവരുന്ന ഏത് കപ്പലിനെയും അവര്‍ തച്ച് തകര്‍ക്കും. യാത്രക്കാരെ അടിമകളാക്കി പിടിക്കും. കപ്പല്‍ മുച്ചൂടും കൊളളയടിച്ച് തീവയ്ക്കുകയും ചെയ്യും. പട്ടാളക്കപ്പലുകളുടെ പീരങ്കിയെപ്പോലും അവര്‍ വകവക്കില്ല. കൊളളയടിക്കാനുളള പരക്കംപാച്ചിലില്‍ അവര്‍ക്ക് കണ്ണുംചെവിയുമില്ല. ഇതാണ് കടല്‍ക്കൊളളക്കാരുടെ സ്വഭാവം.’പൈറേറ്റ്സ് ഓഫ് കരീബിയന്‍ സീ’ (കരീബിയന്‍ കടലിലെ കടല്‍ക്കൊളളക്കാര്‍) എന്ന പ്രസിദ്ധമായ ഹോളിവുഡ് സിനിമയില്‍ ഈ രംഗങ്ങളൊക്കെനാം നേരില്‍ കണ്ടതാണ്. കടല്‍ക്കൊളളക്കാരുടെ ക്രൂരത കണ്ട് ഞെട്ടിത്തെറിച്ച് നെടുവീര്പ്പിട്ടതുമാണ്.
കടല്കൊളളക്കാരുടെ ഇത്തരം വീരകൃത്യങ്ങള്‍ ചരിത്രത്തിലെ പഴങ്കഥയല്ല. ഇന്നും അത ആവര്‍ത്തിക്കുന്നു. കടല്‍ കടന്നെത്തുന്നമാന്യന്മാര് നമ്മുടെ പൈതൃക സമ്പത്തില്‍ നടത്തുന്ന കൊടുംമോഷണത്തിന്റെ രൂപത്തിലാണെന്നു മാത്രം. കോട്ടും കാള്സറായിയുമണിഞ്ഞ് വിമാനത്തില്‍ പറന്നെത്തുന്ന ഇത്തരം കോര്‍പറേറ്റ് മാന്യന്മാര് ആയിരത്താണ്ടുകള്‍ കൊണ്ട് നമ്മുടെ പൂര്‍വ്വികര്‍ കണ്ടെത്തിയ നാട്ടറിവുകളുടെ അപൂര്‍വ്വ ശേഖരമാണ് കൊളളയടിക്കുന്നത്. അത്തരം അറിവുകളും അവയ്ക്കാധാരമായി ഉഷ്ണമേഖലയുടെ സവിശേഷമായ ആവാസവ്യവസ്ഥയില്‍ മുളച്ചുപൊങ്ങിയ ഔഷധമൂല്യം നിറഞ്ഞ കാടും പടലും ഒക്കെയാണ് ഈ ആധുനിക’കടല്‍കൊളളക്കാര്‍’കട്ടെടുക്കുന്നത്; കട്ടെടുത്ത് കോടികള്‍ കൊയ്യുന്നത്. ഈ ജൈവമോഷണത്തിന്റെ പേരാണ് ബയോപൈറസി അഥവാ ജൈവകൊളള. ജനസമൂഹത്തിന്റെ പരമ്പരാഗത അറിവുകളെ അവരറിയാതെ അടിച്ചെടുത്ത് ലാഭേഛയോടെ പ്രവര്‍ത്തിച്ച് കോടികളുണ്ടാക്കുന്ന നാണംകെട്ട ഏര്‍പ്പാട്. പൈതൃക നാട്ടറിവുകള്‍ക്ക് ഉടമകളായ ദരിദ്ര ജനസമൂഹങ്ങള്‍ ദാരിദ്ര്യത്തില്‍ കഷ്ടപ്പെടുമ്പോഴാണ് മറുനാട്ടുകാരന്റെ ഈ അധിനിവേശം.
ഈ കൊടുംമോഷണത്തിന്റെ നടപടിക്രമങ്ങള്‍ വളരെ ലളിതമാണ്. മോഷ്ടാവ് എത്തുന്നത് കാഴ്ചക്കാരനായോ വിനോദസഞ്ചാരിയായോ ആണ്. ചെടികളുടെ മൂല്യവും നാടന്ചികില്സകളും അയാള്‍ ചോദിച്ചറിയും. അവയുടെ സാമ്പിള്‍ സൂത്രത്തില്‍ സഞ്ചിയിലാക്കും. ആവശ്യത്തിന് ഇരകളെ കിട്ടിക്കഴിഞ്ഞാല്അയാള് സ്ഥലംവിടുകയും ചെയ്യും. തന്നെ അയച്ച കോര്‍പറേറ്റ് കുത്തകയുടെ ആധുനിക ലബോറട്ടറിയിലേക്കായിരിക്കും അയാളുടെ അടുത്തയാത്ര. അവിടെ ആധുനിക യന്ത്രസഹായത്തോടെ ചെടികളിലെ വീര്യംനിറഞ്ഞ ഔഷധ തന്മാത്രകളെ കണ്ടെത്തി വേര്‍തിരിക്കും. പരീക്ഷിച്ച് അതിനെ ഒന്നാംതരം മരുന്നാക്കി മാറ്റും. അത് സ്വന്തം കണ്ടെത്തലാണെന്ന സത്യവാങ്ങ്മൂലം നല്കി പേറ്റന്റും കരസ്ഥമാക്കും. പിന്നെ കച്ചവടമാണ്. കോടികളില്‍ നിന്ന് കോടാനുകോടികളിലേക്ക്. ഈ നാട്ടറിവിന് ഇരയായ പാവപ്പെട്ട ഗ്രാമീണ സമൂഹം പോലും ആ മരുന്ന് വന്‍ വില നല്കി ഉപയോഗിക്കേണ്ടിവരുന്ന അവസ്ഥ. അവര്‍ തങ്ങളുടെ ഔഷധച്ചെടി വാറ്റി മരുന്നുണ്ടാക്കി വിറ്റാല്‍ ‘പേറ്റന്റ് മുതലാളി’നിയമം പറഞ്ഞ് അവരെകോടതി കയറ്റുമെന്നതും ഉറപ്പ്. പട്ടിണി കിടക്കാന്‍ വിധിക്കപ്പെട്ട പാവം നാട്ടറിവുകാര്.
ജൈവ വിഭവങ്ങളെ അടിസ്ഥാനമാക്കി പുതിയ ഔഷധങ്ങളും മറ്റും കണ്ടുപിടിച്ച് വാണിജ്യവത്കരിക്കുന്ന പ്രക്രിയയെ ബയോ പ്രോസ്പെക്ടിങ്ങ് എന്നുപറയും. അതിനുവേണ്ടി ഗ്രാമീണസമൂഹങ്ങള്പരമ്പരാഗതമായി ഉപയോഗിച്ചു വരുന്ന ജൈവസമ്പത്തിനെ മോഷ്ടിച്ചെടുത്ത് വില്‍ക്കുന്ന കൊടുംക്രൂരതയുടെ പേരാണ് ബയോപൈറസി. അന മുതല്‍ കട്ടെടുത്ത് നേരില്ലാത്തവര്‍ മിടുക്കന്മാരുകുന്നത് പലപ്പോഴും വന്‍ വിവാദങ്ങള്‍ക്ക് വഴിയൊരുക്കാറുണ്ട്. വിവാദങ്ങള്‍ കത്തിക്കയറുമ്പോള്‍ സര്‍ക്കാരും സന്നദ്ധ സംഘടനകളും രംഗത്തിറങ്ങുന്നതും കേസ് നടത്തി അത്തരം പേറ്റന്റുകള്‍ റദ്ദാക്കിയെടുക്കുന്നതുംഅപൂര്വ്വമല്ല. നമ്മുടെ പൈതൃക സ്വത്തായ മഞ്ഞള്‍, വേപ്പ്, ബസുമതി അരി തുടങ്ങിയവയുടെ അവകാശം ഭാരതം തിരിച്ചുപിടിച്ചതു തന്നെ ഉദാഹരണം.
ചരിത്രാതീത കാലം മുതല്‍ മഞ്ഞളിന്റെ ഔഷധവീര്യം അറിഞ്ഞനുഭവിച്ച് വരുന്നവരാണ് ഭാരതീയര്‍. മരുന്നിലും ഭക്ഷണത്തിലും നാടന്‍ സൗന്ദര്യക്കൂട്ടുകളിലുമൊക്കെ മഞ്ഞളുണ്ട്. അതിനിടയിലാണ് 1995-ല്‍ അമേരിക്കയിലെ മിസിസിപ്പി മെഡിക്കല്‍ സെന്ററിലെ രണ്ട് ഗവേഷകര്‍ ചേര്‍ന്ന് മഞ്ഞളിന്റെഔഷധമൂല്യത്തിന് പേറ്റന്റ് സംഘടിപ്പിച്ചത്. ഭാരതത്തിലെങ്ങും ഈ വാര്‍ത്ത പ്രതിഷേധമുണ്ടാക്കി. ഭാരതത്തിന്റെ കൗണ്‍സില്‍ ഫോര്‍ സയന്റിഫിക ്ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച്(സി എസ്ഐ ആര്) അമേരിക്കയുടെ പേറ്റന്റ് ഓഫീസില്‍ പരാതി നല്കി. മഞ്ഞളിന്റെ ഔഷധഗുണം പുത്തന്‍ കണ്ടെത്തലല്ലെന്നും ആയിരത്താണ്ടുകളായി ഭാരതീയര്‍ പരമ്പരാഗത ഔഷധമായി ഉപയോഗിച്ച് വരുന്നതാണെന്നും അവരെ തെളിവ് സഹിതം ബോധ്യപ്പെടുത്തി. ഒടുവില്‍ 1997-ല്‍ ആ വിധി വന്നു. മഞ്ഞളിന്റെ പേറ്റന്റ് റദ്ദ് ചെയ്തു. ലോകത്തെ ഏതെങ്കിലുമൊരു വികസ്വര രാജ്യത്തെ പരമ്പരാഗത അറിവ് തട്ടിയെടുത്ത് സംഘടിപ്പിച്ച പേറ്റന്റ് വിജയകരമായി റദ്ദ് ചെയ്യിച്ച ആദ്യ സംഭവമായിരുന്നത്.
(വേപ്പിന് സത്തിന് പേറ്റന്റ് നേടിയ കഥ അടുത്ത ലക്കത്തില്‍)
ഡോ. അനില്‍കുമാര്‍ വടവാതൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: