മാവേലിക്കര: സ്ത്രീകളെ മര്‍ദ്ദിച്ച സംഭവത്തില്‍ ജമാഅത്ത് ഭാരവാഹികളായ ആറുപേര്‍ക്ക് തടവും പിഴയും. ചുനക്കര വടക്ക് നൂറുല്‍ ഇസ്ലാം ജമാ അത്ത് പള്ളി ഭാരവാഹികളായ ചാരുംമൂട് പേരൂര്‍ കാരാണ്മ ഹസീന മന്‍സിലില്‍ അബ്ദുള്‍ റഹ്മാന്, ചുനക്കര വിഎച്ച്എസ്സി അധ്യാപകനായ കോട്ടുകല്ലില്‍ ഷൗക്കത്ത്, പാറയില്‍ അബ്ദുള്‍ ജബ്ബാര്‍, അജ്മല്‍ മന്‍സിലില്‍ അബ്ദുള്‍ വാഹിദ്, പന്നപ്പറമ്പില് സലീം, പുന്തലേത്ത് പുത്തന്‍വീട്ടില്‍ ഷംസുദ്ദീന് എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ട് മാവേലിക്കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി-രണ്ട് എ.ജൂബിയ ശിക്ഷിച്ചത്.
അബ്ദുള്‍ റഹ്മാന് രണ്ട് വര്‍ഷം കഠിനതടവും 10,000 രൂപയും, മറ്റ് പ്രതികള്‍ക്ക് ഒരു വര്‍ഷം കഠിന തടവും 5,000 രൂപ വീതം പിഴയുമാണ് ശിക്ഷ. സ്ത്രീയെ അപമാനിച്ചു എന്ന കുറ്റം കൂടി ചെയ്തതിനാണ് ഒന്നാം പ്രതിക്ക് രണ്ട് വര്‍ഷം തടവ് ലഭിച്ചത്. പിഴ ഈടാക്കുന്ന തുകയില്‍ നിന്ന് 10,000 രൂപ അജിതയ്ക്കും 5,000 രൂപ വീതം മുംതാസിനും ഐഷക്കും കൊടുക്കുവാനും കോടതി ഉത്തരവായി. കേസിലെ പ്രതിയായിരുന്ന ചാരുംമൂട് പേരൂര്‍ കാരാണ്മ എംഎച്ച് മന്‍സിലില്‍ മുസ്തഫാ റാവുത്തറെ കോടതി വെറുതെ വിട്ടു. മറ്റൊരു പ്രതി ജിജി കാസിം കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
ചുനക്കര തെരുവില്‍ വീട്ടില്‍ അജിത, അമ്മ സുഹ്റാ, സഹോദരി സുല്‍ത്താനിയയില്‍ റഷീദ, മകള്‍ ഐഫ, മരുമകള്‍ മുംതാസ് എന്നിവരെ മര്‍ദ്ദിക്കുകയും അപമാനിക്കുകയും ചെയ്ത കേസിലാണ് ശിക്ഷ. പള്ളിയിലേക്കുള്ള പൊതുവഴിയുടെ വശത്തായുള്ള അജിതയുടെയും മറ്റും വസ്തുവിലേക്കുള്ള പ്രവേശനം തടസപ്പെടുത്തി ജമാഅത്ത് ഭാരവാഹികള്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയതിനെ ചോദ്യം ചെയ്തതിലുള്ള വിരോധമാണ് അക്രമത്തിന് കാരണം. പ്രോസിക്യൂഷന് വേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ മനോജ് ജോണ്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: