തിരുവനന്തപുരം: പ്രകൃതി വിരുദ്ധവും നിയമവിരുദ്ധവുമായ ആറന്മുള സ്വകാര്യ വിമാനത്താവള പദ്ധതിക്കെതിരെയുള്ള സമരത്തിന്റെ ഭാഗമായി, പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ഈ മാസം പത്തുമുതല്‍ സത്യഗ്രഹമാരംഭിക്കുന്നു. വിമാനത്താവള വിരുദ്ധ ഏകോപന സമിതിയുടെ ആഭിമുഖ്യത്തിലാണ് ഐക്കര ജംഗ്ഷന് സമീപത്ത് സത്യഗ്രഹം തുടങ്ങുന്നതെന്ന് സുഗതകുമാരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പരിസ്ഥിതി വിരുദ്ധവും പുരാതനമായ ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിന് ഹാനികരവുമായ വിമാനത്താവള പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടുള്ള അന്തിമ സമരത്തിനാണ് പത്താം തീയതി തുടക്കം കുറിക്കുന്നതെന്ന് സുഗതകുമാരി പറഞ്ഞു. 10ന് വൈകിട്ട് 5.30ന് ഐക്കര ജംഗ്ഷനു സമീപത്തു തയ്യാറാക്കിയ സത്യഗ്രഹപന്തലില്‍ വഞ്ചിപ്പാട്ടിന്റെ പശ്ചാത്തലത്തില്‍ ദീപം കൊളുത്തിയാകും സത്യഗ്രഹം ഉദ്ഘാടനം ചെയ്യുക. ആറന്മുളയിലെ പരമ്പരാഗത കര്‍ഷകരുടെ പ്രതിനിധിയും പുതിയ തലമുറയിലെ കുട്ടിയും ജനനേതാക്കളും മത സാമുദായിക സാംസ്കാരിക നേതാക്കളും ഒത്തു ചേര്ന്നാ കും സത്യഗ്രത്തിന് തുടക്കം കുറിക്കുന്നത്. സത്യഗ്രഹ സമ്മേളനത്തിനു ശേഷം നാടന്‍ കലാപരിപാടികള്‍ അരങ്ങേറും. കേരളത്തിലെ അവശേഷിക്കുന്ന നെല്‍വയലുകളുടെ അവസാന പച്ചത്തുരുത്തില്‍ ഒന്നാണ് ആറന്മുളയെന്ന് സുഗതകുമാരി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: