ദമാസ്കസ്: വിമതരെ ക്രൂരമായി പീഡിപ്പിക്കുകയും തുടര്‍ന്ന് തൂക്കിലേറ്റുകയും ചെയ്തെന്ന റിപ്പോര്‍ട്ട് തെറ്റാണെന്ന് സിറിയന്‍ നിയമമന്ത്രാലയം. റിപ്പോര്‍ട്ടില്‍ പറയുന്ന ഫോട്ടോകളും ഉള്ളടക്കങ്ങളും വ്യാജമാണെന്നും മന്ത്രാലയം വ്യക്തമാക്കി. സിറിയന്‍ പ്രസിഡന്റ് അസദ് തടവിലാക്കിയ 11,000 വിമതരെ ക്രൂരമായ മര്‍ദ്ദനത്തിന് ശേഷം തൂക്കിലേറ്റിയതായി കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തുവിട്ടിരുന്നു. വാര്‍ത്തയില്‍ ഒരു തരി പോലും സത്യമില്ലെന്നും തങ്ങള്‍ റിപ്പോര്‍ട്ടിനെ പൂര്‍ണമായി തള്ളിക്കളയുന്നതായും സിറിയന്‍ ന്യൂസ് ഏജന്‍സിയായ സാനയിലൂടെ നിയമ മന്ത്രാലയം പ്രസ്താവന പുറത്തുവിട്ടു.
റിപ്പോര്‍ട്ട് ശരിയല്ലെന്നും ഇത് തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നുമാണ് മന്ത്രാലയം പ്രതികരിച്ചത്്. വിമതരെ പിന്തുണക്കുന്ന രാജ്യമായ ഖത്തര്‍ നിയോഗിച്ച ബ്രിട്ടീഷ് നിയമസ്ഥാപനമാണ് സിറിയയില്‍ നിന്നും തെളിവുകള്‍ ശേഖരിച്ചത്. തടലില്‍ കഴിഞ്ഞ വിമതരെ ശ്വാസം മുട്ടിച്ചും മര്‍ദ്ദിച്ചും പട്ടിണിക്കിട്ടതിനും ശേഷവുമാണ് വധശിക്ഷ നടപ്പിലാക്കിയത്. സിറിയയിലെ കൂറുമാറിയ അസദ് സര്‍ക്കാരിന്റെ പക്ഷത്തായിരുന്ന സൈനിക ഫോട്ടോഗ്രാഫറാണ് തൂക്കിക്കൊന്ന വിമതരുടെ ചിത്രങ്ങള്‍ അന്വേഷണസംഘത്തിന് കൈമാറിയതെന്നാണ് വാര്‍ത്താ ഏജന്‍സി വ്യക്തമാക്കുന്നത്. സിറിയന്‍ സൈന്യവും പോലീസും വിമതരെ ക്രൂരമായി പീഡിപ്പിക്കുന്ന 55,000 ഓളം ഡിജിറ്റല്‍ ചിത്രങ്ങളുണ്ട്.
മരണസര്‍ട്ടിഫിക്കറ്റ് തയ്യാറാക്കുന്നതിനും തൂക്കിലേറ്റിയതിന് ഔദ്യോഗികരേഖ നിര്‍മ്മിക്കുന്നതിനുമായാണ് ചിത്രങ്ങള്‍ പകര്‍ത്തിയതെന്നാണ് ഫോട്ടോഗ്രാഫര്‍ വ്യക്തമാക്കിയത്. ഒരു ദിവസം 50 പേരെ വരെ കൊന്നതായും അതും 15 മുതല്‍ 30 മിനിട്ടുകള്ക്കുള്ളിലാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2011 ആഗസ്റ്റ് മുതല്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ വധശിക്ഷയുടെ കണക്കാണ് പുറത്തുവന്നത്. വധശിക്ഷയ്ക്ക് വിധേയരാക്കിയവരെല്ലാം യുവാക്കളാണ്. മിക്ക ശരീരങ്ങളും മെലിഞ്ഞിരിക്കുന്നവയും ഇവയില്‍ മര്‍ദ്ദിച്ചതിന്റെയും പൊള്ളലേറ്റതിന്റെയും ഷോക്ക് അടിപ്പിച്ചതിന്റെയും പാടുകളും കാണാം. ചിലരുടെ കണ്ണുകള്‍ ചൂഴ്ന്നെടുത്ത നിലയിലും അവയവങ്ങള്‍ ഛേദിക്കപ്പെട്ട നിലയിലുമായിരുന്നെന്ന് അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
ഫോട്ടോ തെളിവുകള്‍ വ്യാജമായി സോഫ്റ്റ് വെയറിന്റെ സഹായത്തോടെ നിര്‍മ്മിച്ചതാകാമെന്നും രാസായുധാക്രമണം നടന്നപ്പോള്‍ എടുത്ത ചിത്രങ്ങളെ ഇതിനായി ഉപയോഗപ്പെടുത്തിയെന്നും സിറിയന്‍ നിയമമന്ത്രാലയം വിശദീകരിക്കുന്നു. ഇതില്‍ പല ചിത്രങ്ങളും വിദേശരാജ്യങ്ങളില്‍ നടന്ന ഭീകരവാദി ആക്രമണത്തില്‍ എടുത്തവയാണെന്നും മന്ത്രാലയം വ്യക്തമാക്കി. സ്വിറ്റ്സര്‍ലന്റില്‍ വിമതരേയും സര്‍ക്കാരിനേയും ഒരു മേശയുടെ ഇരുവശത്തുമിരുത്തി സമാധാന ചര്‍ച്ചക്കായുള്ള ഒരുക്കങ്ങള്‍ യുഎന്‍ നടത്തുന്നതിനിടയിലാണ് പുതിയ സംഭവവികാസങ്ങള്‍ പുറത്തുവന്നത്. ജനീവയില്‍ നടക്കാന്‍ പോകുന്ന സമാധാന സമ്മേളനത്തിന് ഏതാനം മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ ഇതിനെ സംബന്ധിക്കുന്ന ലോകരാജ്യങ്ങളുടെ പ്രതികരണങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: