മഞ്ചേരി: ഫെഡറേഷന് കപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗോവന്‍ കരുത്തുമായെത്തിയ സ്പോര്‍ട്ടിങ് ക്ലബ്ബ് സെമിഫൈനലില്‍ പ്രവേശിച്ചു. ഗ്രൂപ്പ് ബിയില്‍ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് രംഗ്ദജൈദ് എഫ്സിയെ തകര്‍ത്താണ് സ്പോര്‍ട്ടിങ് അവസാന നാലില്‍ ഇടംപിടിച്ചത്. രണ്ടാം മത്സരത്തില്‍ സൂപ്പര്‍ താരം സുനില്‍ഛേത്രിയുടെ ബംഗളൂരു എഫ്സി ഈസ്റ്റ് ബംഗാളിനോട് 2-0ന് പരാജയപ്പെട്ടതോടെയാണ് സ്പോര്‍ട്ടിങ്ങിന്റെ സെമി പ്രവേശം സാധ്യമായത്. ഒരു സമനിലകൊണ്ട് മാത്രം സെമിയില്‍ പ്രവേശിക്കാമായിരുന്ന ബംഗളൂരുവിന് ഈസ്റ്റ് ബംഗാളിനോടേറ്റ അപ്രതീക്ഷിത തോല്‍വി തിരിച്ചടിയായി. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും സീന്‍ ഡാനിയേല്‍ റൂണിയും പെനാല്‍റ്റി നഷ്ടപ്പെടുത്തിയതും അവരെ പിന്നോട്ടടിച്ചു.
സ്പോര്‍ട്ടിങ് ക്ലബ്ബ് 2 – രംഗ്ദജൈദ് 0
രംഗ്ദജൈദ് യുണൈറ്റഡ് എഫ്സിക്കെതിരായ മത്സരത്തില്‍ സ്പോര്‍ട്ടിങ് ഗോവക്ക് വേണ്ടി 53-ാം മിനിറ്റില്‍ ബൊയ്മ കര്‍ഫേയും 70-ാം മിനിറ്റില്‍ വിക്ടോറിനോ ഫെര്‍ണാണ്ടാസും ഗോളുകള്‍ നേടി.
ആദ്യപകുതി തീര്‍ത്തും വിരസമായിരുന്നു.പന്ത് കൂടുതല്‍ കൈവശംവെച്ചത് സ്പോര്ട്ടിങ്ങായിരുന്നു. എന്നാല്‍ ആദ്യ അവസരങ്ങളേറെ ലഭിച്ചത് രംഗ്ദജൈദിനും. അഞ്ചാം മിനിറ്റില്‍ അവര്‍ക്ക് അനുകൂലമായി കോര്‍ണര്‍ വിധിക്കപ്പെട്ടു. ഒമ്പതാം മിനിറ്റില്‍ സ്പോര്‍ട്ടിങ്ങിനും കോര്‍ണര്‍ ലഭിച്ചെങ്കിലും കാര്യമുണ്ടായില്ല. തൊട്ടുപിന്നാലെ രംഗ്ദജൈദിന്റെ കെ.സി. ഡേവിഡിന്റെ ക്രോസിന് അവരുടെ കൊറിയന്‍ കിംഗ് സോംഗ് യങ്ങ് ഹെഡര്‍ ഉതിര്‍ത്തെങ്കിലും പന്ത് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 13-ാം മിനിറ്റില്‍ രംഗ്ദജൈദിന്റെ ലാല്നുപ്യുനിയയുടെയും 14-ാം മിനിറ്റില്‍ എഡമറിന്റെയും ഷോട്ടുകളും പുറത്തേക്ക് പോയി. തുടര്‍ന്നും ചില മികച്ച മുന്നേറ്റങ്ങള്‍ ഇരു ടീമുകളും നടത്തിയെങ്കിലും ഗോള്‍ മാത്രം അകന്നു നിന്നു. 30-ാം മിനിറ്റില്‍ സ്പോര്‍ട്ടിങ്ങിന്റെ ബൊയ്മ കര്ഫേയുടെ നല്ലൊരു വോളി ബാറിനെ ചുംബിച്ച് കടന്നുപോയി. പ്രതിരോധത്തിന് ഊന്നല്‍ നല്‍കിയാണ് ഇരുടീമുകളും ആദ്യപകുതിയില്‍ കളിച്ചത്. ഇതോടെ മത്സരം പലപ്പോഴും മധ്യനിരയിലായിരുന്നു. ഇരുടീമുകളിലെയും സ്ട്രൈക്കര്‍മാര്‍ പലപ്പോഴും ലോങ്ങ് റേഞ്ചുകള്ക്കാണ് തുനിഞ്ഞത്. അതെല്ലാം പാഴാവുകയും ചെയ്തു.
രണ്ടാം പകുതി തുടങ്ങി എട്ടാം മിനിറ്റില്‍ സ്പോര്‍ട്ടിങ് ലീഡ് നേടി. മൈതാനമധ്യത്തുനിന്ന് നീട്ടിക്കിട്ടിയ പന്തുമായി ഇടതുവിങ്ങിലൂടെ കുതിച്ചു കയറിയ ശേഷം കര്ഫെ ഉതിര്‍ത്ത ഉജ്ജ്വ്വലമായ ഫുള്‍ വോളി രംഗ്ദജൈദ് ഗോളി സുര്ജയ്കുമാറിന്റെ ന ിഷ്പ്രഭനാക്കി വലയില്‍ കയറി.
തൊട്ടുപിന്നാലെ സ്പോര്‍ട്ടിങ് താരം ഒരിക്കല്‍ക്കൂടി രംഗ്ദജൈദ് വലകുലുക്കിയെങ്കിലും ഓഫ് സൈഡ് വിളിക്കപ്പെട്ടു. പിന്നീട് 69-ാം മിനിറ്റില്‍ ലീഡ് ഉയര്‍ത്താനുള്ള മറ്റൊരു സുവര്‍ണാവസരം സ്പോര്‍ട്ടിങ് നഷ്ടമാക്കി. വലത ുവിംഗിലൂടെ പന്തുമായി കുതിച്ചഅവരുടെ വിക്ടോറിനോ ഫെര്‍ണാണ്ടസ് ബോക്സില്‍ പ്രവേശിച്ച് ഉതിര്‍ത്ത ഷോട്ട് ഗോളിയെ മറികടന്നെങ്കിലും പോസ്റ്റിന് ഉരുമ്മി പുറത്തുപോയി.
തൊട്ടടുത്ത മിനിറ്റില്‍ സ്പോര്‍ട്ടിങ് ലീഡ് ഉയര്‍ത്തി. മൈതാന മധ്യത്തുനിന്ന് ലഭിച്ച പാസുമായി കുതിച്ച് എതിര് ബോക്സിലേക്ക് കയറിയശേഷം ഫെര്‍ണാണ്ടസ് രംഗ്ദജൈദ് ഗോളിയെ കീഴടക്കി. രണ്ട് ഗോളുകളുടെ ലീഡ് നേടിയതോടെ സ്പോര്‍ട്ടിങ് ആക്രമണത്തിന്റെ തീവ്രത കുറച്ചു. ഈ അവസരം മുതലെടുത്ത് രംഗ്ദജൈദ് തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും സ്പോര്‍ട്ടിംഗ് പ്രതിരോധം അവസരത്തിനൊത്തുയര്‍ന്നതോടെ മുന്നേറ്റമെല്ലാം വിഫലമായി.
ഈസ്റ്റ് ബംഗാള്‍ 2 – ബംഗളൂരു 0
തുടക്കം മുതല്‍ ഇരുടീമുകളും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ കാല്‍ലക്ഷത്തോളം ആരാധകര്സാക്ഷിയാ യ വാശിയേറിയ മുഖാമുഖത്തില്‍ നിരവധി സുന്ദരമുഹൂര്‍ത്തങ്ങള്‍ പിറന്നു. ബംഗളൂരു എഫ്സിയുടെ ആക്രമണങ്ങള്‍ക്ക് സുനില്‍ ഛേത്രിയും സീന്‍ ഡാനിയേല്‍ റൂണിയും ചുക്കാന്‍ പിടിച്ചു; ഈസ്റ്റ് ബംഗാളിന്റേതിന് ഇദി ചിദിയും.
എട്ടാം മിനിറ്റില്‍ ഈസ്റ്റ് ബംഗാളിന് ആദ്യ അവസരം ലഭിച്ചു. ജപ്പാന് താരം റുജി സുവോക ബോക്സിലേക്ക് നല്കിയ അളന്നുമുറിച്ച ക്രോസ് കണക്ട് ചെയ്യാന്‍ ചിദിക്കു കഴിഞ്ഞില്ല. തൊട്ടടുത്ത മിനിറ്റില്‍ സുനില്‍ ഛേത്രിയും ഒരു അവസരം നഷ്ടപ്പെടുത്തി. 14-ാം മിനിറ്റില്‍ ബോക്സിന് പുറത്തുവച്ച് ബംഗളൂരു എഫ്സിക്ക് ഫ്രീകിക്ക് ലഭിച്ചെങ്കിലും ഛേത്രിക്ക് പിഴച്ചു. അധികം വൈകാതെ ഈസ്റ്റ് ബംഗാളിനും ഫ്രീകിക്ക് ലഭിച്ചു. എന്നാല്‍ ചിദി കൃത്യത പുലര്‍ത്തുന്നതില്‍ പരാജയപ്പെട്ടു. 36-ാം മിനിറ്റില്‍ റൂണി നല്കിയ ക്രോസ് വലയിലെത്തിക്കുന്നതില്‍ ബംഗളൂരുവിന്റെ തോയ് സിംഗിനും കഴിഞ്ഞില്ല. ആദ്യപകുതിയുടെ അന്ത്യനിമിഷങ്ങളില്‍ ഇരുടീമുകളും ഗോളിനായി കിണഞ്ഞു ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇരു ഗോള്‍ കീപ്പര്‍മാരും പുറത്തെടുത്ത ഉജ്ജ്വ്വല പ്രകടനവും ഗോള്‍ അകറ്റി നിര്‍ത്തി.
രണ്ടാം പകുതിയിലും ആവേശം തുലോം കുറഞ്ഞില്ല. തുടക്കത്തില്‍ ഇടതുവിങ്ങില്‍ക്കൂടി പന്തുമായി കുതിച്ച് സീന്‍ റൂണി ഷോട്ട് ഉതിര്‍ത്തെങ്കിലും ഈസ്റ്റ് ബംഗാള്‍ ഗോളി പന്ത് കയ്യിലൊതുക്കി. 55-ാം മിനിറ്റില്‍ ബംഗളൂരുവിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. പന്തുമായി കുതിച്ച് ബോക്സില്‍ കയറിയ ഛേത്രിയെ ഈസ്റ്റ് ബംഗാള്‍ നായകന് ഉഗ ഒക്പാര പിന്നില്‍ നിന്ന് വീഴ്ത്തിയതിനാണ് സ്പോട്ട് കിക്ക് കിട്ടിയത്. എന്നാല്‍ ഛേത്രിയുടെ കിക്ക് ഇടത്തോട്ട് ഡൈവ് ചെയ്ത് ഗോളി ഗുര്‍പ്രീത് സിംഗ് കൈപ്പിടിയിലൊതുക്കി.
തൊട്ടുപിന്നാലെ ചിദി ബോക്സിന്റെ ഇടതുമൂലയില്‍ നിന്ന് എടുത്ത ഫ്രീകിക്ക് ക്രോസ്ബാറില്‍ തട്ടിത്തെറിച്ചു.61-ാം മിനിറ്റില്‍ ഈസ്റ്റ് ബംഗാള്‍ ലീഡ് നേടി. ഏകദേശം 30 വാര അകലെനിന്ന് ചിദി തൊടുത്ത ബുള്ളറ്റ് ലോങ്ങ് റേഞ്ച് ബംഗളൂരു ഗോളി പവന്‍കുമാറിനെ കീഴടക്കി വലയില്‍ പതിച്ചു (1-0).75-ാം മിനിറ്റില്‍ ഈസ്റ്റ് ബംഗാളിനുവേണ്ടി ചിദി രണ്ടാം തവണയും ബംഗളൂരുവിന്റെ ഹൃദയം പിളര്‍ത്തി (2-0).
വിനോദ് ദാമോദരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: