ന്യൂയോര്‍ക്ക്: സിറിയന്‍ വിഷയത്തില്‍ ജനീവയില്‍ നടക്കുന്ന രണ്ടാം അന്താരാഷ്ട്ര സമാധാന ചര്‍ച്ചയിലേക്ക് ഐക്യരാഷ്ട്രസഭ ഇറാനെ ക്ഷണിച്ചു. യുഎന്‍ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണാണ് ഇറാനെ സമാധാന ചര്‍ച്ചയിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചത്.
ജനീവ ചര്‍ച്ചയില്‍ ഇറാന് പ്രധാന റോള്‍ വഹിക്കാനാകുമെന്ന് ബാന്‍ കി മൂണ്‍ വ്യക്തമാക്കി. സിറിയന്‍ ആഭ്യന്തര പ്രതിസന്ധിക്ക് പരിഹാരം തേടി ഈ മാസം 22 മുതലാണ് ജനീവയില്‍ അന്താരാഷ്ട്ര സമാധാന സമ്മേളനം നടക്കുന്നത്. സിറിയന്‍ വിമതരുടെ ശകതമായ എതിര്‍പ്പിനെ അവഗണിച്ചാണ് ഇറാനെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരിക്കുന്നത്. നേരത്തെ ഇറാനെ ക്ഷണിച്ചാല്‍ സമാധാന ചര്‍ച്ച ബഹിഷ്കരിക്കുമെന്നും വിമതര്‍ മുന്നറിപ്പ് നല്‍കിയിരുന്നു.
സിറിയില്‍ സര്‍ക്കാരിനെ പിന്തുണക്കുന്നതിനാലാണ് ഇറാനെ സമാധാന ചര്‍ച്ചയില്‍ നിന്നും ഒഴിവാക്കണമെന്ന് വിമതര്‍ ആവശ്യപ്പെടുന്നത്. ഇന്നലെയാണ് ഏറെ അനിശ്ചിതത്തിനു ശേഷം സമാധാന ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ വിമത വിഭാഗമായ സിറിയന്‍ ദേശീയ സഖ്യം തീരുമാനിച്ചത്. തുര്‍ക്കിയിലെ ഇസ്തംബൂളില്‍ ചേര്‍ന്ന സഖ്യത്തിന്റെ യോഗത്തിലായിരുന്നു തീരുമാനം. ഇതുസംബന്ധിച്ച വോട്ടെടുപ്പില്‍ ആകെയുള്ള 75 പ്രതിനിധികളില്‍ 58 പേര് അനുകൂലമായി വോട്ടു രേഖപ്പെടുത്തി. 14 പേര് എതിര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: