റോം: ലൈംഗികാരോപണത്തിന്റെ പേരില്‍, കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ മുന്‍ പോപ്പായ ബെനഡിക്ട് പതിനാറാമന്‍ 400 ഓളം വൈദികരെ സഭയില്‍നിന്നു പുറത്താക്കി. പീഡനവും കുട്ടികളെ ലൈംഗികമായി ഉപയോഗിച്ചതുമാണ് ഇവര്‍ പുറത്താക്കപ്പെടാന്‍ കാരണം. 2010ല്‍ വൈദികര്‍ക്കെതിരെ ലൈംഗികാരോപണ കേസുകള്‍ യൂറോപ്പില്‍ ഉയര്‍ന്നുവന്നിരുന്നു. വത്തിക്കാനിലെ സഭാ അധികൃതര്‍ തന്നെയാണ് 2011-12 കാലയളവിലെ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്തുവിട്ടത്.
ഈ കണക്കുകള്‍ പ്രകാരം 2011 ല്‍ 260 ഉം 2012 ല്‍ 124-ഉം വൈദികരെയാണ് പുറത്താക്കിയത്. അതായത് 2011-12 കാലഘട്ടത്തില്‍ 384 പേരെ പോപ്പ് പുറത്താക്കി. ആദ്യമായാണ് സഭാ അധികൃതര്‍ ഇത്തരത്തില്‍ പുറത്താക്കിയ വൈദികരുടെ എണ്ണം വെളിപ്പെടുത്തുന്നത്. നിലവില്‍ സഭ പുറത്തുവിട്ട കണക്കുകളെല്ലാം മുമ്പ് നടന്ന ലൈംഗികപീഡനക്കേസുകളുടെ വിവരങ്ങളാണ്.
വൈദികരോട് കുറ്റകൃത്യങ്ങള്‍ നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വത്തിക്കാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടും അവസാനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 30 കേസുകളും കുട്ടികളുമായി ബന്ധപ്പെട്ട ലൈംഗിക ചൂഷണമാണെന്നത് ശ്രദ്ധേയമാണ്. വാര്‍ഷിക റിപ്പോര്‍ട്ടിനോടൊപ്പമാണ് വത്തിക്കാന്‍ ചില വിവരങ്ങളും കൂടി പുറത്തുവിട്ടത്. യുഎന്‍ സമിതി ജനീവയിലെ വത്തിക്കാനോട് അന്വേഷണം നടത്താന്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. യുഎന്നിന്റെ ഭാഗത്തുനിന്നും ഒരു അന്വേഷണത്തിന് താല്‍ക്കാലികമായി തടയിടാനാണ് വത്തിക്കാന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
യുഎന്നിന്റെ മനുഷ്യാവകാശസമിതി ജനീവയിലെ വത്തിക്കാന്‍ അംബാസിഡര്‍ ആര്‍ച്ച്ബിഷപ്പ് സില്‍വാനോ ടൊമാസിയെ എട്ടു മണിക്കൂര്‍ ചോദ്യം ചെയ്യുകയും കുറ്റം ചുമത്തുത്തുകയും ചെയ്തു. 2012 ല്‍ കുട്ടികള്‍ക്കെതിരെ റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍ മാത്രം 418 എണ്ണമാണെന്ന്് വ്യക്തമാക്കുന്നു. 2009ല്‍ ആരോപണവിധേയരായ 171 വൈദികരെ നീക്കിയിരുന്നു. ഇത്തരം കേസുകളില്‍ വൈദികര്‍ സഭാനിയമം പാലിക്കാറില്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ബെനഡിക്ട് പതിനാറാമന്‍ നടപടികള്‍ കര്‍ശനമാക്കുകയായിരുന്നു. 2011ല്‍ കുട്ടികളെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് 404 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഈ വര്‍ഷം 260 പുരോഹിതരെ പുറത്താക്കി. 2012ല്‍ 418 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 124 പുരോഹിതരെയാണു പുറത്താക്കിയത്. 2008-2012 കാലയളവില്‍ 555 വൈദികരാണ് പുറത്താക്കപ്പെട്ടത്. വത്തിക്കാന്‍ നല്കുന്ന ഈ കണക്കില്‍ 2010 ലെ വിവരങ്ങള്‍ ഒഴിവാക്കിയിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: