കാസര്‍കോട്: കാട്ടാനക്കൂട്ടം കൃഷിനശിപ്പിച്ച കാറഡുക്കയിലെ കര്‍ഷകരുടെ ദുരിതം കാണാത്ത അധികൃതര്‍ക്കെതിരെ പ്രതിഷേധവുമായി കര്‍ഷകമോര്‍ച്ച രംഗത്ത്. കര്‍ഷക രക്ഷയ്ക്ക് നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാകാത്ത അധികൃതരുടെ നിലപാടില്‍ പ്രതിഷേധിച്ച് കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറുടെ കാര്യാലയം ഉപരോധിച്ചു. ഇന്നലെ രാവിലെ പത്തരയോടെയാണ് മുപ്പതോളം പ്രവര്‍ത്തകര്‍ തായലങ്ങാടിയിലെ ഡിഎഫ്ഒ ഓഫീസില്‍ തള്ളിക്കയറി ജീവനക്കാരെ ഉപരോധിച്ചത്. സംഭവമറിഞ്ഞ് റെയ്ഞ്ച് ഓഫീസര്‍ എം.രാജീവന്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ചന്ദ്രന്‍നായര്‍ എന്നിവര്‍ സ്ഥലത്തെത്തി. സമരക്കാരുമായി ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. കാട്ടാനക്കൂട്ടത്തിണ്റ്റെ ആക്രമണമുണ്ടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും അധികൃതരുടെ ഭാഗത്തുനിന്നും നടപടിയുണ്ടായിട്ടില്ലെന്ന് സമരക്കാര്‍ കുറ്റപ്പെടുത്തി. കര്‍ഷകര്‍ ഭീതിയിലാണ് കഴിയുന്നത്. വന്യമൃഗങ്ങളെ തടയുന്നതിനായി സൗരോര്‍ജ്ജവേലി കെട്ടുന്നതിന് ഫണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും പദ്ധതി എങ്ങുമെത്തിയില്ല. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന കാട്ടാനകളുടെ ആക്രമണം തടയണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ജനസമ്പര്‍ക്കത്തില്‍ അപേക്ഷ നല്‍കിയിരുന്നു. തുഛമായ നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നീക്കമാണ് നടക്കുന്നതെന്നും കര്‍ഷകര്‍ ആരോപിച്ചു. ഉപരോധം നീണ്ടതോടെ ടൗണ്‍ എസ്ഐ ദാമോദരണ്റ്റെ നേതൃത്വത്തില്‍ പോലീസ് സംഘവും സ്ഥലത്തെത്തി. ഡിവിഷണല്‍ ഓഫീസര്‍ ആഷിഫ് ഔദ്യോഗിക ആവശ്യത്തിനായി കോഴിക്കോട്ടായിരുന്നു. അദ്ദേഹം ഫോണില്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്ന് കര്‍ഷകമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് എസ്.കെ.കുട്ടന്, ജില്ലാ പ്രസിഡണ്ട് സുകുമാരന്‍ കാലിക്കടവ്, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത് എന്നിവര്‍ ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ കര്‍ശന നടപടികളുണ്ടാകുമെന്ന് ഉറപ്പ് ലഭിക്കുകയായിരുന്നു. ആനക്കൂട്ടം വീണ്ടും കൃഷിയിടങ്ങളിലേക്കിറങ്ങുന്നത് തടയുന്നതിനായി അഞ്ച് വാച്ചര്‍മാരെ കൂടുതലായി പ്രദേശത്ത് നിയോഗിക്കുമെന്നും മൂന്ന് ദിവസത്തിനുള്ളില്‍ ഡിഎഫ്ഒ സ്ഥലം സന്ദര്‍ശിച്ച് മറ്റ് നടപടികള്‍ കൈക്കൊള്ളുമെന്നും ചര്‍ച്ചയില്‍ ഉറപ്പ് ലഭിച്ചു. അധികൃതര്‍ക്ക് പ്രദേശവാസികളുടെ പൂര്‍ണമായ സഹകരണം ഉറപ്പുവരുത്തുമെന്ന് സമരക്കാരും പ്രതികരിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ കാട്ടാനക്കൂട്ടത്തെ കാട്ടിലേക്ക് തിരിച്ചയക്കുന്നതിന് നടപടികള്‍ സ്വീകരിക്കും. ബിജെപി മണ്ഡലം പ്രസിഡണ്ട് എം.സുധാമ, ജില്ലാ സെക്രട്ടറി എസ്.കുമാര്‍, കെ.ടി.ജയറാം, ശിവകൃഷ്ണഭട്ട്, ചന്ദ്രശേഖരന് കാറഡുക്ക, പ്രഭാകര്‍ റൈ, രവീന്ദ്രറൈ, ഹരീഷ് നാരംപാടി, അനില്‍ കോടോത്ത് തുടങ്ങിയവര്‍ നേതൃത്വം നല്കി. കഴിഞ്ഞദിവസങ്ങളില്‍ കാറഡുക്കയിലെ അരമനടുക്കം, കൊട്ടംകുഴി ഭാഗങ്ങളില്‍ കാട്ടാനക്കൂട്ടത്തിണ്റ്റെ അതിക്രമത്തില്‍ മുക്കാല്‍കോടി രൂപയുടെ നഷ്ടമുണ്ടായതാണ് പ്രാഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: