ഇസ്ലാമാബാദ്: താനുമായി കേന്ദ്രമന്ത്രി ശശി തരൂര്‍ സ്നേഹബന്ധത്തിലാണെന്ന ആരോപണം പാക് മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാര്‍ നിഷേധിച്ചു. അദ്ദേഹത്തോട് അതിരറ്റ ബഹുമാനമുണ്ടെന്നും അതുകൊണ്ട് തന്നെ അദ്ദേഹം വല്ലാതെ പ്രശംസിച്ചിട്ടുണ്ട്. എന്നാല്‍ അത് അദ്ദേഹത്തിന്റെ ഭാര്യ സുനന്ദ പുഷ്ക്കര്‍ വല്ലാതെ തെറ്റിദ്ധരിക്കുകയാണ് ചെയ്തത്. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. താനൊരു കൗമാരക്കാരിയല്ലെന്നും മൂന്നു വിവാഹം കഴിച്ചയാളുമായി സ്നേഹത്തിലാകുന്നയാളല്ലെന്നും മെഹര്‍ പറഞ്ഞു. ക്രിക്കറ്റ്, പുസ്തകങ്ങള്‍, അദ്ദേഹത്തിന്റെ നാടായ കേരളം തുടങ്ങിയ വിഷയങ്ങളെപ്പറ്റി അദ്ദേഹവുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. ട്വിറ്ററില്‍ ചേര്‍ന്ന കാലം മുതല്‍ താന്‍ പിന്തുടരുന്ന പ്രമുഖരില്‍ ഒരാളാണ് ശശി തരൂര്‍. 2013 മാര്‍ച്ച് മുതലാണ് അദ്ദേഹം തനിക്ക് ട്വീറ്റ് ചെയ്യാന്‍ തുടങ്ങിയത്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ അദ്ദേഹം എന്നെയും ഫോളോ ചെയ്യാന്‍ തുടങ്ങി. എന്തൊക്കെ സന്ദേശങ്ങള്‍ കൈമാറിയോ അതെല്ലാം എല്ലാവര്ക്കും കാണുന്ന തരത്തില്‍ ട്വിറ്ററിലുണ്ട്. ഞാന്‍ തരൂരിനെ ആദ്യമായി നേരിട്ടു കാണുന്നത് 2013 ഏപ്രിലില്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ വച്ചാണ്. അവിടെയിരുന്ന് മുക്കാല്‍ മണിക്കൂര്‍ സംസാരിച്ചു. പിന്നീട് കാറിലിരുന്ന് സംഭാഷണം തുടര്‍ന്നു. ദുബായിയില്‍വച്ച് ജൂണില്‍ അദ്ദേഹത്തെ കണ്ടിരുന്നു. ചില ഇമെയിലുകളിലും ഫോണ്‍കോളുകളിലും കേരളത്തിലെ തിരഞ്ഞെടുപ്പിനെക്കുറിച്ച് ഞങ്ങള്‍ സംസാരിച്ചിട്ടുണ്ട്. കേരളത്തെക്കുറിച്ച് ഒരു പുസ്തകം എഴുതണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അതിന് ചില നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും അദ്ദേഹം എനിക്ക് തന്നു. അദ്ദേഹം ചെയ്യുന്നതുപോലെ ഞാന്‍ ബ്ലാക്ബെറി ഫോണിലെ മെസന്സജര് സംവിധാനം ഉപയോഗിക്കുന്നില്ല.
അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഭാര്യയുടെ ചില പരാമര്‍ശങ്ങള്‍ എന്നെ ഞെട്ടിച്ചു. അവരെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. എന്നാല്‍ സുനന്ദ അനാവശ്യമായി ഈ വിവാദത്തിലേക്കു തന്നെ വലിച്ചിഴയ്ക്കുകയായിരുന്നെന്നും തരാര്‍ പറഞ്ഞു. താനൊരു ഐഎസ്ഐ എജന്റാണെന്ന ട്വിറ്ററിലൂടെയുള്ള ആരോപണത്തിലൂടെ സുനന്ദ വളരെ അപകടകരമായൊരു കാര്യമാണ് ചെയ്തതെന്നും തരാര്‍ വ്യക്തമാക്കി. താനിതുവരെ ഒരു ഐഎസ്ഐ എജന്റിനെപ്പോലും കണ്ടിട്ടില്ലെന്നും ഈ വിവാദത്തില്‍ തനിക്ക് സര്‍വ പിന്തുണയും നല്കിയ എല്ലാ ഇന്ത്യാക്കാരോടും നന്ദി പറയാനും തരാര്‍ മടിച്ചില്ല. സുനന്ദ പുഷ്കറുമായുള്ള വിവാഹബന്ധത്തിന് ആശംസകള്‍ നേരാനും തരാര്‍ മടിച്ചില്ല. പാകിസ്ഥാനിലെ ഡെയ്ലി ടൈംസ് പത്രത്തില്‍ അസിസ്റ്റന്റ് എഡിറ്ററാണ് മെഹര്‍ തരാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: