കൊച്ചി: നഗരസഭയുടെ സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നു ടോണി ചമ്മണി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍, പൊതു സ്വകാര്യ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കു പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ‘ഇ- ജാലകം @സ്കൂള്‍’ എന്ന പദ്ധതി എറണാകുളം ഗവണ്മെന്റ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓരോ സ്കൂള്‍ വിദ്യാര്‍ഥിയും പദ്ധതിയുടെ പ്രചാരകരായി മാറണം. ഇത്തരം പ്രവര്‍ത്തനങ്ങള്‍ സാങ്കേതിക വിദ്യയുടെ ഗുണങ്ങള്‍ മറ്റുള്ളവരിലെത്തിക്കാന്‍ സഹയിക്കുമെന്നും ടോണി ചമ്മണി കൂട്ടിച്ചേര്‍ത്തു. ഓണ്‍ലൈന്‍ സേവനങ്ങള്‍ പരിചയപ്പെടുത്തുന്ന ഇ-മിത്രം എന്ന പുസത്കം ഹൈബി ഈഡന് എംഎല്‍എ പ്രകാശനം ചെയ്തു. ഇത്തരം പദ്ധതികള്‍ വിദ്യാര്‍ഥികളെ ഇ-സമൂഹത്തില്‍ ജീവിക്കാന്‍ പ്രാപ്തരാക്കുകയും ഒപ്പം അവരുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുമെന്നും ഹൈബി ഈഡന് പറഞ്ഞു. കൊച്ചി നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ആര്. ത്യാഗരാജന് അധ്യക്ഷത വഹിച്ചു. ഹയര്‍ സെക്കന്ററി സ്കൂള്‍സ് ജില്ലാ കോ-ഒര്ഡിനേറ്റര് കെ.എം. ശിവരാമന്, എറണാകുളം ഗവ. ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂള്‍ ഹെഡ്മിസ്ട്രസ് എം.ഇ. സരസ്വതി, റെയിന്‍ബോ പബ്ലിഷേസ് പ്രൈവറ്റ് ലിമിറ്റഡ് ആര് ആന്‍ഡ് ഡി മേധാവി ഉഷ രമേശ്, ഗ്രേറ്റര്‍ കൊച്ചിന് റൗണ്ട് ടേബിള്‍ 102 ചെയര്മാന് രാഹുല്‍ ജോസഫ്, സെന്റ് തെരേസാസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. സി. തെരേസ, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എം.കെ. ഷൈന്മോന്, സെന്റ് തെരേസാസ് ഇക്ണോമിക്സ് വിഭാഗം മേധാവി നിര്‍മ്മല പത്മനാഭന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഐടി@സ്കൂള്‍ പ്രോജക്ട്സും എറണാകുളം സെന്റ് തെരേസാസ് കോളജിലെ ഇക്ണോമിക്സ് വിഭാഗവും സംയുകതമായാണ് ഇ-ജാലകം@സ്കൂളെന്ന പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്. പ്രധാനമായും എസ്എസ്എല്‍സി വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടു നടപ്പാക്കുന്ന പദ്ധതി എറണാകുളം വിദ്യാഭ്യാസജില്ലയില്‍ സര്‍ക്കാര്‍,എയ്ഡഡ് മേഖലയിലെ 86 സ്കൂളുകളില്‍ നടപ്പാക്കും. 12,000 വിദ്യാര്‍ഥികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന 86 സ്കൂളുകളിലും ഐടി@ സ്കൂള്‍ പ്രജോക്ട്സിലെ വിദഗ്ധരും സെന്റ് തെരേസാസിലെ ഇക്ണോമിക് വിഭാഗം വിദ്യാര്‍ഥികളും ചേര്‍ന്ന് വര്ക്ഷോപ്പുകള് സംഘടിപ്പിക്കുമെന്നു നിര്‍മല പത്മനാഭന് പറഞ്ഞു. ഇക്ണോമിക്സിലെ ഒന്നും രണ്ടും വര്‍ഷക്കാരായ 30ലധികം വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് ഈ-മിത്രമെന്ന പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: