കൊച്ചി: വീതമൃത്യു വരിച്ച ജവാനെ ആദരിക്കാന്‍ കൊച്ചിന് നഗരസഭ സ്ഥാപിച്ച നയിം ബോര്‍ഡ് അക്ഷരതെറ്റുകളോടെ അനാദരവിന്റെ പ്രതീകമായി നില്ക്കുന്നു. 1965 ലെ ഇന്ത്യ-ചൈന യുദ്ധത്തില്‍ ലാഹോര്‍ അതിര്‍ത്തിയില്‍ വീരമൃത്യു വരിച്ച ലഫ്. ഉണ്ണ്യാട്ടില് കരുണാകരന്റെ സ്മരണക്കായി നാമകരണം ചെയ്ത് റോഡില്‍ സ്ഥാപിച്ച ബോര്‍ഡാണ് അക്ഷരതെറ്റുകളോടെ പുന: സ്ഥാപിച്ചത്.
കൊച്ചിയില്‍ നിന്നും ആദ്യമായി വീരചരമം പ്രാപിച്ച യോദ്ധാവെന്ന നിലയില്‍ 1965ല്‍ തന്നെ കാനന്ഷെഡ് റോഡിന് ലഫ്. കരുണാകരന്റെ പേരു നല്കാന് നഗരസഭ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ തീരുമാനം നടപ്പാക്കാന്‍ 31വര്‍ഷത്തോളം നഗരസഭ യാതൊരു നടപടിയും സ്വീകരിച്ചില്ല. കരുണാകരന്റെ സഹോദരന് ഡോ. യു.നന്ദകുമാരന്റെ നിരന്തരമായ പരിശ്രമങ്ങളുടെ ഫലമായി 1996ല്‍ എറണാകുളം സെന്റ്. തെരേസാസ് കോളേജിനു സമീപം യാത്രാ ഓഡിറ്റോറിയത്തിനോട് ചേര്‍ന്നുള്ള റോഡിന് ലഫ്. ഉണ്ണ്യാട്ടില് കരുണാകരന്റെ പേര് നല്കി.
കോര്‍പ്പറേഷന്റെ തികഞ്ഞ അവഗണനയുടെ ഫലമായി ബോര്‍ഡ് തുരുമ്പെടുത്ത് നശിച്ചു കിടക്കുകയായിരുന്നു. പലതവണ നഗരസഭയുടെ ശ്രദ്ധയില്‍പെടുത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞമാസം ബോര്‍ഡ് പെയിന്റ് ചെയ്ത് പുന:സ്ഥാപിച്ചു. കേടുപാടുകള്‍ തീര്‍ത്ത് പുതിയ ബോര്‍ഡ് സ്ഥാപിച്ചപ്പോള്‍ അതില്‍ രേഖപ്പെടുത്തിയ പേര് ലഫ്. ഉണ്ണിയാട്ടില്‍ കരിനാകരന് റോഡ് എന്നായി മാറി. ഇംഗ്ലീഷിലും പേര് തെറ്റായിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
രാജ്യത്തിനുവേണ്ടി പോരാട്ടം നടത്തുന്ന വീരയോദ്ധാക്കളെ ആദരിക്കുന്ന ഇക്കാലത്ത് രാജ്യത്തിന് വേണ്ടി വീരചരമം പ്രാപിച്ച ലഫ്. കരുണാകരനോട് കൊച്ചിന് നഗരസഭ കാണിക്കുന്നത് തികഞ്ഞ അവഹേളനമാണ്. റിപബ്ലിക് ദിനത്തിന് മുന്തന്നെ തെറ്റുതിരുത്തി പുതിയ ബോര്‍ഡ് സ്ഥാപിച്ച് ലഫ്. കരുണാകരനെ ഇനിയെങ്കലും ആദരിക്കാനുള്ള സന്മനസ് നഗരസഭ കാണിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം..
പ്രതികരിക്കാൻ ഇവിടെ എഴുതുക: