ആലുവ: ആലുവ പാലസ് അനക്സിന്റെ നിര്‍മാണം പുരോഗമിക്കുന്നു. മാര്‍ച്ചില്‍ കെട്ടിടം ഉദ്ഘാടനം ചെയ്യാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. ഒരു പതിറ്റാണ്ട് മുമ്പാണ് ആലുവ പാലസ് അനക്സ് നിര്‍മാണം ആരംഭിച്ചത്. ടൂറിസം വകുപ്പിനുവേണ്ടി പൊതുമരാമത്ത് വകുപ്പിനാണ് നിര്‍മാണച്ചുമതല. 2004 നാണ് ഒന്നരക്കോടി രൂപ ചെലവുള്ള പദ്ധതിക്ക് ഭരണാനുമതി ലഭിച്ചത്. നിര്‍മാണം പലകാരണങ്ങളാല്‍ പലവട്ടം നിലച്ചു. ഒടുവില്‍ എസ്റ്റിമേറ്റ് തുക ഒന്നരക്കോടിയെന്നത് 6.8 കോടിയായി ഉയര്‍ന്നു. നിലവിലുള്ള പാലസിന്റെ അതേ മാതൃകയിലാണ് പുതിയ കെട്ടിടസമുച്ചയം നിര്‍മ്മിച്ചിട്ടുള്ളത്. ആധുനിക സൗകര്യങ്ങളുള്ള 13 മുറികളും വിശാലമായ ഹാളുമുണ്ട്. ഓഫീസ്, സെക്യൂരിറ്റി റൂം, ഭക്ഷണശാല, ഡ്രൈവര്‍മാര്‍ക്കുള്ള വിശ്രമമുറി എന്നിവയുമുണ്ടാകും. അനക്സിന്റെ മുന്‍വശം പൂങ്കാവനവും പ്രധാന കവാടത്തില്‍നിന്ന് നേരിട്ട് റോഡും നിര്‍മ്മിക്കും. ചീഫ് എന്‍ജിനീയര്‍ എം. പെണ്ണമ്മയുടെ നേതൃത്വത്തില്‍ ഉന്നതര്‍ സ്ഥലം സന്ദര്‍ശിച്ച് നിര്‍മാണം വിലയിരുത്തി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സി.ടി. സലോമി, ഓവര്‍സിയര്‍ വിജയകുമാര്‍ എന്നിവരും സന്ദര്‍ശനസംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: