ജെറുസലേം: ഏരിയല്‍ ഷാരോണിന്റെ മൃതശരീരം സംസ്കരിച്ചു. ഇസ്രയേലിന്റെ മുന്‍ പ്രധാനമന്ത്രിയായിരുന്ന ഏരിയല്‍ ഷാരോണ്‍ ശനിയാഴ്ചയാണ് അന്തരിച്ചത്. തെക്കന്‍ ഇസ്രയേലിലെ ഷാരോണിന്റ കൃഷിയിടത്തിലാണ് സംസ്ക്കാരം നടന്നത്. ഇന്നലെ നടന്ന അനുസ്മരണചടങ്ങില്‍ ഇസ്രയേലിലേയും മറ്റ് അന്തര്‍ദേശീയ നേതാക്കളും പങ്കെടുത്തു. രാജ്യത്തിന്റെ സുരക്ഷയ്ക്ക് വേണ്ടി പ്രയത്നിച്ച ധീരനായ പോരാളിയും നേതാവുമായിരുന്നു ഏരിയല്‍ ഷാരോണെന്ന് നേതാക്കള്‍ അനുസ്മരിച്ചു.
യു എസ് വൈസ് പ്രസിഡന്റ് ജോയ് ബിഡന്, മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയര്‍ എന്നിവരാണ് അനുസ്മരണചടങ്ങില്‍ പങ്കെടുത്ത പ്രമുഖരില്‍ ചിലര്‍. അറബ് രാജ്യങ്ങളില്‍ നിന്നും ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളില്‍നിന്നും ഒരുവ്യക്തിപോലും അനുസ്മരണചടങ്ങില്‍ പങ്കെടുത്തില്ല. എട്ടുവര്‍ഷമായി പക്ഷാഘാതം മൂലം ചികിത്സയിലായിരുന്ന ഷാരോണിന് 85 വയസായിരുന്നു. ജൂതമതക്കാരെ അറബ് ശത്രുക്കളില്‍നിന്ന് സംരക്ഷിക്കുന്നതിന് വേണ്ടിയാണ് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ പകുതിയോളം ചെലവഴിച്ചത്. അനുസ്മരണചടങ്ങില്‍ ഷാരോണിന്റെ വിവാദങ്ങളാണ് തെളിഞ്ഞു നിന്നതെങ്കിലും അദ്ദേഹത്തിന്റെ നേതൃപാടവവും വ്യക്തിത്വവും തന്നെയാണ് ഏവരും ചര്‍ച്ച ചെയ്തത്. ചരിത്രത്തിലെ മറ്റ് നേതാക്കളെപോലെ ഇസ്രയേലിലെ ജൂതന്മാര്ക്ക് വേണ്ടി നിലകൊണ്ട വ്യക്തിയായിരുന്നു ഷാരോണെന്ന് യു എസ് വൈസ് പ്രസിഡന്റ് ജോ ബിഡന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: