കൊച്ചി: വിശ്വഹിന്ദുപരിഷത്ത് മാര്‍ഗദര്‍ശക മണ്ഡല് സംസ്ഥാന സമ്മേളനം സമാപിച്ചു. മൂന്ന് ദിവസമായികലൂര് പാവക്കുളം ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തിന്റെ സമാപന യോഗത്തില്‍ ശിവഗിരി മഠാധിപതി സ്വാമി പ്രകാശാനന്ദ അനുഗ്രഹപ്രഭാഷണം നടത്തി. സന്യാസിമാര്‍ ജനങ്ങളുടെ ഇടയില്‍ വേര്‍തിരിവുകള്‍ ഇല്ലാതാക്കാന്‍ പ്രവര്‍ത്തിക്കണമെന്ന് സ്വാമി പ്രകാശാനന്ദ പറഞ്ഞു. ആധ്യാത്മികരംഗത്ത് ഉള്ള അജ്ഞതയെ നീക്കിയ ശ്രീനാരായണഗുരുവിന്റെ മാതൃകയാണ് പിന്തുടരേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സീമാ ജാഗരണ്‍ മഞ്ച് സഹസംയോജകന് എ. ഗോപാലകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഹൈന്ദവ ആചാര്യന്മാരുടെയും ഹൈന്ദവ സംഘടനാപ്രവര്‍ത്തകരുടെയും ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ ഹിന്ദുസമാജത്തിന് ഉണര്‍വ് ലഭിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് ആദിശങ്കരാചാര്യരുടെ പേര് നല്‍കണമെന്നും ആറന്മുള വിമാനത്താവള പദ്ധതി ഉപേക്ഷിക്കണമെന്നുമുള്ള പ്രമേയങ്ങള്‍ സന്യാസി സമ്മേളനം അംഗീകരിച്ചു. മാര്‍ഗദര്‍ശക മണ്ഡലത്തിന്റെ പുതിയ ഭാരവാഹികളെ സമ്മേളനം തെരഞ്ഞെടുത്തു. ശിവഗിരി ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ, തൃശൂര്‍ തെക്കേമഠം മൂപ്പില്‍ സ്വാമിയാര്, സ്വാമി തുരിയാമൃതാനന്ദ (അമൃതാനന്ദമയീമഠം), സ്വാമി വിവിക്താനന്ദസരസ്വതി (ചിന്മയാമിഷന്-രക്ഷാധികാരിമാര്‍), സ്വാമി പ്രജ്ഞാനന്ദതീര്‍ത്ഥപാദര്‍ (ആചാര്യന്), സ്വാമി ചിദാനന്ദപുരി (അധ്യക്ഷന്‍), സ്വാമി പ്രഭാകരാനന്ദസരസ്വതി, സ്വാമി സത്സ്വരൂപാനന്ദ (ജനറല്‍ സെക്രട്ടറിമാര്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍. 25 അംഗ സംസ്ഥാന സമിതിയെയും സമ്മേളനം തെരഞ്ഞെടുത്തു. സമാപനയോഗത്തില്‍ കുമ്മനം രാജശേഖരന്, വി.കെ. വിശ്വനാഥന് തുടങ്ങിയവരും സംസാരിച്ചു. സ്വാമി പ്രശാന്താനന്ദസരസ്വതി നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: