പാലക്കാട്: പാലക്കാടിന്റെ മണ്ണില്‍ സര്ഗ്ഗവസന്തമുണര്ത്തി സംസ്ഥാന വിദ്യാനികേതന്‍ പത്താം കലോത്സവത്തിന്റെ അരങ്ങുണര്‍ന്നു. രാഗ ഭാവ താള ലയങ്ങള്‍ സംഗമിച്ച ഒന്നാംദിനത്തില്‍ യുപി ഹൈസ്കൂള്‍ വിഭാഗങ്ങളില്‍ കോഴിക്കോട് ജില്ല മുന്നേറുന്നു. 185 പോയിന്റോടെ മലപ്പുറത്തെ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളിയാണ് കോഴിക്കോട് മുന്നേറുന്നത്. 183 പോയിന്റാണ് മലപ്പുറത്തിനുള്ളത്. 179 പോയിന്റോടെ തൃശ്ശൂര്‍ മൂന്നാംസ്ഥാനത്തും 178 പോയിന്റോളോടെ ആഥിതേയരായ പാലക്കാട് നാലാംസ്ഥാനത്തുമാണ്. ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ 163 പോയിന്റോടെ പാലക്കാട് ഒന്നാംസ്ഥാനത്തു നില്ക്കുമ്പോള് 150 പോയിന്റ് കരസ്ഥമാക്കി കോഴിക്കോടാണ് രണ്ടാം സ്ഥാനത്ത്. 102 പോയിന്റ് നേടി മലപ്പുറം മൂന്നാംസ്ഥാനത്തുണ്ട്. യുപി ഹൈസ്കൂള്‍ വിഭാഗങ്ങളില്‍ 115 ഇനങ്ങളില്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ 41 ഇനങ്ങളുമാണ് ഇതുവരെ പൂര്‍ത്തിയായിട്ടുള്ളത്. 12 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. ഒന്നാംവേദിയില്‍ ഭരതനാട്യത്തോടെയാണ് മത്സരങ്ങള്‍ ആരംഭിച്ചത്. ഹയര്‍സെക്കണ്ടറി യുപി ഹൈസ്കൂള്‍ വിഭാഗങ്ങളില്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഭരതനാട്യം ഇന്നലെ പൂര്‍ത്തിയായി. മൂവായിരത്തോളം കുട്ടികള്‍ പങ്കെടുക്കുന്ന കലാമേളയില്‍ ഏറെ ജനപങ്കാളിത്തമാണുള്ളത്. മത്സരങ്ങള്‍ ഇന്നുവൈകീട്ട് സമാപിക്കും. സമാപന സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.എന്‍.കണ്ടമുത്തന്‍, എം.ബി.രാജേഷ് എംപി, ഡോ.പി.കെ.മാധവന്, സദനം ഹരികുമാര്‍, കോട്ടയ്ക്കല്‍ ശശീധരന് നായര്‍, കലാമണ്ഡലം ശിവന് നമ്പൂതിരി, എ.വി.വാസുദേവന്‍ പോറ്റി, എന്‍.മോഹന്‍കുമാര്‍ എന്നിവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: