പന്ത്രണ്ട് രാശികളിലൂടെയും മനസ്സിനെ പായിച്ച് സത്യത്തെ പറഞ്ഞ് മനസ്സിലാക്കി, സമീപത്തെത്തുന്നവരെ സന്തോഷത്തോടെ അയക്കുകയാണ് വേണ്ടത്. പഠിച്ച വിദ്യയെ ഉപാസനാപൂര്‍വ്വം വളര്‍ത്തി തിരക്കേറിയ ജ്യോതിഷക്കാരിയാവുകയാണ് ദേവി. ഏതു തരക്കാര്‍ക്കും താല്‍പ്പര്യമാണ് ഈ വിഷയം. പുറമേയ്‌ക്ക് എതിര്‍പ്പ് കാണിക്കുന്നവരും ആരും കാണാതെ തന്നെ വരും. ഈശ്വരാധീനമാണെല്ലാമെന്ന് ദേവി പറയുന്നു.
അദ്ധ്യാപികയായും ജ്യോതിഷിയായും ഒരേപോലെ തിളങ്ങി നില്‍ക്കുന്ന ദേവിക്ക് തിരക്കു തന്നെയാണ്. ജീവിതം മുഴുവന്‍ തിരക്കേറിയതായിരുന്നു. ഇപ്പോഴും മാറ്റമില്ല. തൃശൂര്‍ നഗരത്തിന് ഒരു വിളിപ്പാട് അകലെയുള്ള കോട്ടപ്പുറത്തു താമസിക്കുന്ന ദേവി ജന്മംകൊണ്ട് പുഷ്പക കുടുംബത്തിലാണ് പിറന്നതെങ്കിലും ക്ഷേത്രത്തിലെ കഴകവൃത്തിയോടൊപ്പം കൃഷിയും ഉണ്ടായിരുന്നു ബാല്യം മുഴുവന്‍. കാര്‍ഷിക കുടുംബമായ പുറവൂര്‍ പുഷ്പകത്ത് രാമന്‍ നമ്പീശന്റേയും പാര്‍വതി ബ്രാഹ്മണി അമ്മയുടേയും മകളാണ് ദേവി. വീട്ടിലെ നെല്‍കൃഷിയും തെങ്ങ്, കവുങ്ങ് തുടങ്ങിയവ പരിചരിച്ചുകൊണ്ടും കാര്‍ഷിക വിളകള്‍ സംസ്കരിച്ചുമുള്ള ജീവിതം. അടുക്കളജോലിചെയ്ത്, ഉല്‍പ്പന്നങ്ങള്‍ സംസ്കരിക്കുന്ന ജോലികളും കഴിഞ്ഞ് തളര്‍ന്നാണ് സ്കൂളിലേക്ക് ഓടിയെത്തുക. അതുകൊണ്ടെല്ലാംതന്നെ ക്ലാസില്‍ ഇരുന്നതിനേക്കാള്‍ അധികസമയവും ക്ലാസിന് പുറത്തായിരുന്നു ദേവിക്ക് സ്ഥാനം. പക്ഷെ ദേവിയെ എന്നന്നേയ്‌ക്കുമായി പുറത്താക്കാന്‍ ആര്‍ക്കുമാവില്ല എന്നു കാലം തെളിയിച്ചു. എല്ലാവര്‍ക്കും പ്രിയങ്കരിയായ ദേവിക്ക് പക്ഷെ എതിര്‍ദിശയില്‍ നില്‍ക്കുന്ന രാശി മറ്റാരുമല്ല, മാതാപിതാക്കളായിരുന്നു. അത് പകപോലെ നീറിപിടിച്ചു. ആ വാശി ഇന്നും തുടരുന്നു.
സമൂഹത്തില്‍ നല്ല നിലയില്‍ എത്തിച്ചേരണമെന്ന് പിടിവാശിയായിരുന്നു. ദീര്‍ഘകാലം അദ്ധ്യാപികയായി ജോലി നോക്കി. പാരലല്‍ കോളേജുകളില്‍ ഹിന്ദി, മലയാളം, സംസ്കൃതം എന്നീ രംഗത്ത് ശക്തമായി നിലകൊണ്ടു. പതിനാറാം വയസ്സില്‍ തന്നെ ടൈപ്പ് റൈറ്റിങ്ങിലും ഷോര്‍ട്ട് ഹാന്റിലും മികവ് നേടി. പരീക്ഷകള്‍ ഒന്നാം ക്ലാസോടെ പാസ്സായി. സ്കൂള്‍ ജീവിതത്തിലെ പ്രധാന കടമ്പയായ പത്താംക്ലാസ് പാസ്സായ പുഷ്പകത്തെ ആദ്യ ആളായിരുന്നു ദേവി. പത്താംക്ലാസ് ജയിച്ചതിന് അഭിനന്ദിക്കുന്നതിന് പകരം അച്ഛന്‍ രാമന്‍ നമ്പീശന്‍ പറഞ്ഞതിങ്ങനെയാണ്, “നശൂലം ജയീച്ചൂലോ…”എന്ന്. ഇനി ഉപരിപഠനത്തിനൊന്നും ശ്രമിക്കണമെന്നില്ലെന്ന് അച്ഛന്‍ ഉറപ്പിച്ച്തന്നെ പറഞ്ഞു.
പക്ഷെ ഒടുങ്ങാത്ത വാശി. കൂട്ടുകാരോടൊപ്പം അപേക്ഷകള്‍ അയച്ചു. അപേക്ഷകള്‍ അപ്പാടെ തിരിച്ചുവന്നു. പതിനാറ് വയസ്സുകാരെ പരീക്ഷയ്‌ക്കിരുത്താന്‍ സര്‍ക്കാര്‍ ഒരുക്കമല്ലൊന്നൊന്നും അറിയില്ലായിരുന്നു. പഠനത്തിനിടയില്‍ കടങ്ങോട് കളരിക്കല്‍ ബാലകൃഷ്ണന്‍ സാറിന്റെ കീഴില്‍ ജ്യോതിഷവും പഠിക്കാന്‍ സമയം കണ്ടെത്തി. പതിനെട്ടാം വയസ്സുമുതലായിരുന്നു അത്. പിന്നീട് ജ്യോതിഷത്തില്‍ എത്തിച്ചേരാവുന്നതിന്റെ ഉയര്‍ന്ന കൊമ്പായ പഞ്ചാംഗ ഗണിതം പഠിക്കുന്നതിന് പ്രസിദ്ധ ജ്യോത്സ്യന്‍ സുബ്ബരായന്‍ എമ്പ്രാന്തിരിക്കുകീഴില്‍ ഉപരിപഠനം. എന്നാല്‍ ദേവി ഇച്ഛിച്ചതൊന്നും അദ്ദേഹത്തില്‍ നിന്ന് ലഭിച്ചില്ല. ജ്യോതിഷ വിദ്യയില്‍ മുന്നോട്ടു പോയി ഒടുവില്‍ ജാതകമെഴുത്തില്‍ പ്രാവീണ്യം നേടി. അതോടെ അതും നിര്‍ത്തി. 35 വയസ്സായെങ്കിലും വിവാഹം മാന്യമായി നടത്തിക്കൊടുക്കാന്‍ അച്ഛനമ്മമാര്‍ ഒരുക്കമല്ലായിരുന്നു. ജാതകം കുറിച്ചും മുഹൂര്‍ത്തം ചാര്‍ത്തിക്കൊടുത്തും കുറ്റിവെക്കാന്‍ സമയം കാണിച്ചും നല്ലവരുമാനം നേടിയിരുന്നു ദേവി.
അതുകൊണ്ടുമാത്രം വിവാഹം കഴിപ്പിക്കരുതെന്ന് കാരണവന്മാര്‍ നിശ്ചയിച്ചു. അനുജത്തിയുടെ വിവാഹത്തിനുള്ള ഒരുക്കം നടക്കുന്നതിനിടെ ചേച്ചി പുരനിറഞ്ഞുനില്‍ക്കുന്നത് കാരണവന്മാരില്‍ നിന്ന് അറിഞ്ഞതോടെ അനിയത്തിക്കൊപ്പം ചേച്ചിയുടേയും വിവാഹവും നടത്താന്‍ അവര്‍ ശ്രമിച്ചു. എന്നാല്‍ അതൊന്നും വിജയിച്ചില്ല. സ്വന്തം ജ്യോതിഷം നോക്കി കാരണവന്മാരോട് ദേവി പറഞ്ഞു. എന്റെ വിവാഹം നടക്കും. അതൊരു രണ്ടാം സ്വയംവരക്കാരനാകും. അദ്ദേഹം ഒരു ബ്രാഹ്മണകുടുംബത്തിലെ നമ്പൂതിരിയുമായിരിക്കും.
മടങ്ങര്‍ളി മനയില്‍ ഭവദാസന്‍ നമ്പൂതിരി രണ്ടാം വിവാഹത്തിന് ശ്രമിക്കുകയായിരുന്നു. വിവാഹാലോചന പലതും ദേവി പത്രദ്വാര അപേക്ഷിച്ചിരുന്നു. അതില്‍ വരുന്ന കത്തുകളൊക്കെ അച്ഛന്റെ പേരിലായിരുന്നു. അച്ഛന്‍ അതൊക്കെ അഗ്നിയില്‍ ഹോമിച്ചു. ദേവി അങ്ങനെ വീട്ടില്‍ നിന്നു. കുറെ കാലത്തിന് ശേഷമാണ് ഇതെല്ലാം മനസ്സിലായത്. ഒടുവില്‍ യൂണിവേഴ്സിറ്റികോളേജിലെ പ്രിന്‍സിപ്പല്‍ മാത്യു ചെമ്മണ്ണൂരിന്റെ വിലാസത്തില്‍ കത്തുകള്‍ അയക്കാന്‍ തുടങ്ങി. അക്കൂട്ടത്തിലാണ് ഭവദാസന്‍ നമ്പൂതിരിയുടെ കത്തും കിട്ടുന്നത്. അങ്ങനെ ജീവിതപങ്കാളിയായി നമ്പൂതിരിയെ തിരഞ്ഞെടുത്തു. അടുക്കും ചിട്ടയുമുള്ള ഒരു ജീവിതത്തിന് തിരിതെളിഞ്ഞു.
പാലക്കാട് ജില്ലയിലുള്ള സ്വന്തം കുടുംബം ഏതാണ്ട് അന്യം പോലെയായി. ഒരു ദിവസം അവിടെ കണ്ടകാഴ്ച ഭീകരമായിരുന്നു. പരമ്പരാഗതമായി സൂക്ഷിച്ചിരുന്ന ഗ്രന്ഥക്കെട്ടുകള്‍ അച്ഛന്‍ കൂട്ടിയിട്ട് കത്തിക്കരിക്കുന്നു. അച്ഛന് എന്തും അഗ്നിയില്‍ ഹോമിക്കുന്ന സ്വഭാവമായിരുന്നു. പിന്നീട് അനുജത്തി ഭര്‍ത്താവിനോടൊപ്പം ഗുജറാത്തിലേക്ക് യാത്രയായപ്പോള്‍ അച്ഛനേയും അമ്മയേയും ഒപ്പം കൂട്ടിക്കൊണ്ടുപോയി. പിന്നീട് യാതൊരു വിവരവും ആരെപ്പറ്റിയും ഇല്ലാതായി. അച്ഛന്റെ ഓഹരിയില്‍പ്പെട്ട സ്ഥലങ്ങള്‍ ചെറിയച്ഛന്മാര്‍ കൈക്കലാക്കി. എന്നോ ഏതോ സമയത്താണ് അച്ഛനും അമ്മയും മരിച്ച കഥതന്നെ ദേവി അറിയുന്നത്. പിതൃകര്‍മ്മങ്ങള്‍ ചെയ്യാനൊന്നും മനസ്സുവന്നില്ല. കുട്ടിക്കാലത്ത് തന്നോട് ചെയ്തത് അപ്രകാരമായിരുന്നു. പ്രതികാരാഗ്നി ഇപ്പോഴും ദേവിയുടെ മനസ്സില്‍ എരിയുകയാണ്.
കോട്ടപ്പുറത്തുള്ള വീട്ടില്‍ ജ്യോതിഷകാര്യങ്ങള്‍ അറിയുന്നതിന് വേണ്ടി ധാരാളം പേര്‍ എത്താറുണ്ട്. ചേരാത്ത ജാതകങ്ങള്‍തമ്മില്‍ കൂട്ടിച്ചേര്‍ക്കാന്‍ കുടുംബക്കാരും പ്രണയിനികളായ യുവതീയുവാക്കളും വിദ്യാര്‍ത്ഥികളും എത്തുമ്പോഴൊക്കെ അവരോട് അതേ നാണയത്തില്‍ കയര്‍ക്കുകയും ഇറങ്ങിപ്പോകാന്‍ ശഠിക്കുകയും ചെയ്യുന്ന സ്വഭാവം ദേവിയ്‌ക്കുണ്ട്. അതുകൊണ്ട് പലപ്പോഴും പലരോടും പൊട്ടിത്തെറിക്കേണ്ടിവരും. മനസ്സ് കുളിര്‍ക്കുന്നത് ശനിയും ഞായറും ദിവസങ്ങളില്‍ ഉച്ചക്കുശേഷം തൃശൂര്‍ വടക്കെ ബ്രഹ്മസ്വം മഠത്തില്‍ വേദവിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷനെടുക്കുമ്പോഴാണെന്നു ദേവി പറയുന്നു. ആ ബ്രഹ്മചാരികളോടൊത്ത് സമയം കളയുമ്പോള്‍ മനസ്സില്‍ അമ്മയെപ്പോലെ വാത്സല്യം ചൊരിയും. കുട്ടികള്‍ക്ക് വേണ്ടതെല്ലാം കൊടുക്കും. വായിക്കാന്‍ പ്രസിദ്ധീകരണങ്ങളും ബാലസാഹിത്യങ്ങളും നല്‍കും. അവരുടെ സന്തോഷം കണ്ണുകളില്‍ കാണുമ്പോള്‍ മനസ്സ് നിറയും.
ഭാവിയറിയുന്നതിനുവേണ്ടി രാഷ്‌ട്രീയക്കാരുടെ വെപ്രാളം കാണുമ്പോഴാണ് ദേവയുടെ മനസ്സില്‍ ചിരിയൂറുന്നത്. ഈശ്വരനില്ല എന്നെല്ലാം പറഞ്ഞ് വാദിക്കുന്ന രാഷ്‌ട്രീയക്കാരെല്ലാവരും കവിടി പലകയ്‌ക്ക് മുന്നില്‍ ക്ഷമയോടെ ഇരിക്കും. പറയുന്നതെല്ലാം സത്യമാവാറുണ്ടെന്ന് എല്ലാവരും പറയാറുണ്ട്. എന്നും തിരക്ക് തന്നെയാണ്. ബാല്യകാലം മുതല്‍ തന്നെ ജ്യോതിഷത്തിന്റെ കയ്യും കണക്കും മനസ്സില്‍ നിറഞ്ഞതിനാല്‍ ഇടതടവില്ലാതെ അതേപ്പറ്റി പറയാന്‍ ദേവിയ്‌ക്കാവുന്നു. ഭര്‍ത്താവിന്റെ ആദ്യഭാര്യയിലുള്ള കുട്ടികള്‍ വിദേശത്താണ്. വര്‍ഷത്തിലൊരിക്കലാണ് അവര്‍ നാട്ടില്‍ വരിക. കുട്ടികളെപ്പോലെ നിത്യേന സ്നേഹിക്കുന്ന പക്ഷിക്കൂട്ടങ്ങള്‍ ഇവരുടെ അടുക്കളവാതിലിനരികില്‍ എന്നും വരും. പഴങ്ങളും മറ്റും നല്‍കി കുട്ടികളെപ്പോലെ ഇവര്‍ പരിചരിക്കും. ഭാര്യയും ഭര്‍ത്താവും അവരോട് കിന്നരിക്കും. നേരം പോകാന്‍ മറ്റൊന്നും വേണ്ട. വൈകുന്നേരങ്ങളില്‍ ക്ഷേത്രദര്‍ശനവും മറ്റും ഒരുമിച്ച്. പഴയ ദുരിതങ്ങള്‍ക്ക് പകരം ഇപ്പോള്‍ ആഹ്ലാദങ്ങളുടെ ആഘോഷം…
പാലേലി മോഹന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: