കയ്റോ: സൈനിക അട്ടിമറിയിലൂടെ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ഈജിപ്ഷ്യന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിക്കെതിരേയുള്ള കേസ് വിചാരണ ഫെബ്രുവരി ഒന്നിലേക്കു നീട്ടിവച്ചു. അലക്സാണ്ഡ്രിയയിലെ ജയിലില്‍ കഴിയുന്ന മുര്‍സിയെ ബുധനാഴ്ച കയ്റോയിലെ കോടതിയില്‍ എത്തിക്കാനായി ഹെലികോപ്റ്റര്‍ അയച്ചെങ്കിലും മൂടല്‍മഞ്ഞുകാരണം യാത്ര റദ്ദാക്കിയതായി അധികൃതര്‍ വിശദീകരിച്ചു.
എന്നാല്‍ കോടതിയുടെ നിയമസാധുത ചോദ്യം ചെയ്ത മുര്‍സി വിചാരണ ബഹിഷ്കരിക്കുകയായിരുന്നുവെന്ന് ഇസ്ലാമിസ്റ്റ് രാഷ്ട്രീയക്കാരനായ എസാം അല്‍ ഏരിയന്‍ പറഞ്ഞു. 2012 ഡിസംബറില്‍ തന്റെ കൊട്ടാരത്തിനുവെളിയില്‍ പ്രകടനം നടത്തിയവരെ ആക്രമിക്കാന്‍ എതിരാളികള്‍ക്ക് പ്രേരണ നല്‍കിയെന്നാണു മുര്‍സിയുടെ പേരിലുള്ള കുറ്റം. മുര്‍സിക്കു പുറമേ 14 ബ്രദര്‍ഹുഡുകാരും പ്രതികളാണ്. ആക്രമണത്തില്‍ പത്തു പ്രക്ഷോഭകര്‍ക്കു ജീവഹാനി നേരിടുകയുണ്ടായി. ഇതിനിടെ ഈജിപ്തിലെ പുതിയ കരടുഭരണഘടന സംബന്ധിച്ച ഹിതപരിശോധനയ്ക്കു തുടക്കം കുറിച്ചു. ഇന്നലെ പ്രവാസികള്‍ വോട്ടു ചെയ്തു. ഈജിപ്തിലെ വോട്ടിംഗ് 14ന് ആരംഭിക്കും. മുര്‍സിയെ പുറത്താക്കിയ ഈജിപ്ഷ്യന്‍ സൈനിക മേധാവി അല്‍സിസിയുടെ രാഷ്ട്രീയ പദ്ധതി പ്രകാരമാണു ഹിതപരിശോധന നടത്തുന്നത്. ഒരു വര്‍ഷം മുമ്പ് മുഹമ്മദ് മുര്‍സിയും മുസ്ലിം ബ്രദര്‍ഹുഡുമാണ് അധികാരം കൈയാളിയിരുന്നത്. ഇന്നു ബ്രദര്‍ഹുഡ് നിരോധിത സംഘടനയാണ്.
മുര്‍സിയും സംഘടനയുടെ പ്രമുഖ നേതാക്കളും വിവിധ കേസുകളില്‍ ജയിലിലും. ഈജിപ്തിനെതിരേ ഗൂഢാലോചന നടത്തി, തീവ്രവാദി സംഘടനകളുമായി കൂട്ടുചേര്‍ന്നു തുടങ്ങി വധശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണ് മുര്സിക്കും ബ്രദര്‍ഹുഡ് നേതാക്കള്‍ക്കുമെതിരേ ചുമത്തിയിട്ടുള്ളത്. ബ്രദര്‍ഹുഡിനെ ഒഴിവാക്കിയുള്ള രാഷ്ട്രീയ സംവിധാനമാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ജനങ്ങളുടെ പിന്തുണയുള്ളതിനാല്‍ കരടു ഭരണഘടനയ്ക്ക് അംഗീകാരം കിട്ടുമെന്നു രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. ഇതേസമയം കയ്റോയിലെ നിയമവിരുദ്ധ ഭരണകൂടത്തിനെതിരേ ശക്തമായ സമരം തുടരാന്‍ ബ്രദര്‍ഹുഡ് ആഹ്വാനം ചെയ്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: