ന്യൂദല്‍ഹി: സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷ മുന്‍നിര്‍ത്തി സംസ്ഥാനത്ത് നിര്‍ഭയ കേരള പദ്ധതി ആരംഭിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഫെബ്രുവരി മാസം ആദ്യം കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിക്കും. ഭയരഹിതമായ സഞ്ചാരസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതുള്‍പ്പെടെ പദ്ധതിയുടെ ഭാഗമായി നടപ്പാക്കും.
സംസ്ഥാന പോലീസ് സേനയിലെ സ്ത്രീ സാന്നിധ്യം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികളാണ് ആദ്യഘട്ടമായി നടപ്പാക്കുന്നത്. നിലവില്‍ 3 ശതമാനമാണ് പോലീസ് സേനയിലെ സ്ത്രീ സാന്നിധ്യം. ഇതു പത്തു ശതമാനമാക്കി വര്‍ദ്ധിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതിന്റെ ഭാഗമായി ആയിരം വനിതകളെ ഉടന്‍ പോലീസിലേക്ക് നിയമിക്കും. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പൂര്‍ണ്ണമായും സ്ത്രീകള്‍ ചുമതല വഹിക്കുന്ന പോലീസ് സ്റ്റേഷനുകള്‍ സ്ഥാപിക്കും. ആദ്യഘട്ടമായി കൊല്ലം,ആലപ്പുഴ,കോട്ടയം,തൃശൂര്‍,മലപ്പുറം,കണ്ണൂര്‍ എന്നിവിടങ്ങളിലാണ് പുതിയ വനിതാ സ്റ്റേഷനുകള്‍ വരുന്നത്. ഇതിനു പുറമേ തിരുവനന്തപുരം,കൊച്ചി,കോഴിക്കോട് എന്നിവിടങ്ങളിലെ വനിതാ സ്റ്റേഷനുകളുടെ ചുമതല പൂര്‍ണ്ണമായും വനിതാ ഉദ്യോഗസ്ഥര്‍ക്ക് കൈമാറും.
സംസ്ഥാനത്ത് ഗുണ്ടാ ആക്ടില്‍ ഭേദഗതികള്‍ വരുത്തി ശക്തമായി നടപ്പാക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ക്വട്ടേഷന്‍,മാഫിയാ സംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകും. പോലീസ് സേനയുടെ നവീകരണത്തിന്റെ ഭാഗമായി 56.22 കോടി രൂപ കൂടി കേന്ദ്രവിഹിതം നല്‍കണമെന്ന് കേന്ദ്രആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്റെ ഒരു യൂണിറ്റ് കൂടി കേരളത്തില്‍ ആരംഭിക്കണമെന്ന ആവശ്യവും മുന്നോട്ട് വെച്ചിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒന്നിലധികം ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനുകളുണ്ട്. വര്‍ഷംതോറും 1500 പേരെ വീതമാണ് പോലീസ് സേനയിലേക്ക് ആവശ്യമായി വരുന്ന സാഹചര്യത്തിലാണ് പുതിയ യൂണിറ്റ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട ഇടപാടുകള്‍ സംസ്ഥാനത്ത് ശക്തമായ സാഹചര്യത്തില്‍ കേരളാ ആന്റി നര്‍ക്കോട്ടിക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സ് രൂപീകരിക്കാനും തീരുമാനിച്ചു. സംസ്ഥാനത്തെ നാലു ജില്ലകളിലെ മാവോയിസ്റ്റ് സാന്നിധ്യം നേരിടുന്നതിനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയവുമായി ബന്ധപ്പെട്ട് ഫലപ്രദമായ നടപടികള്‍ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
ജയില്‍,ഫയര്‍ഫോഴ്സ് നവീകരണ പദ്ധതികള്‍ പാതിവഴിയില്‍ കുടുങ്ങിക്കിടക്കാന്‍ കാരണമായിരിക്കുന്നത് ടെണ്ടര്‍ നടപടികളിലെ കാലതാമസമാണ്. ഇത് പരിഹരിക്കുന്നതിനും കൃത്യമായ മാര്‍ഗ്ഗരേഖകളോടെ ടെണ്ടറുകള്‍ നടപ്പാക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: