ഖര്‍ത്തും: ആഭ്യന്തര കലാപം രൂക്ഷമായ ദക്ഷിണ സുഡാനില്‍ വീണ്ടും സംഘര്‍ഷ സാധ്യത. വിമതര്‍ പിടിച്ചടക്കിയ പ്രദേശങ്ങള്‍ തിരിച്ചു പിടിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്. സൈനിക അട്ടിമറി ശ്രമമാരോപിച്ച് 11 പേരെ ജയിലിലടച്ച സര്‍ക്കാര്‍ നടപടിയെത്തുടര്‍ന്ന് സമാധാന ചര്‍ച്ചകളും വഴിമുട്ടി. വിമതരുടെ കൈവശമുള്ള എണ്ണസമ്പുഷ്ടമായ പ്രദേശങ്ങള്‍ തിരിച്ചു പിടിക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. വിമതര്‍ക്ക് ഏറെ സ്വാധീനമുള്ള ബെന്ദിയു നഗരത്തില്‍ നിന്നും വിമതരെ തുരത്താനാണ് സര്‍ക്കാര്‍ നീക്കം. നഗരത്തിന് 25 കിലോമീറ്റര്‍ അകലെയായി സൈന്യം നിലയുറപ്പിച്ചു കഴിഞ്ഞു.
ഏറ്റുമുട്ടല്‍ ഭീതിയെത്തുടര്‍ന്ന് നഗരത്തില്‍ നിന്നും സുരക്ഷിത സ്ഥാനങ്ങള്‍ തേടി ജനങ്ങള്‍ പലായനം ചെയ്യുകയാണ്. ഐക്യരാഷ്ട്ര സംഘടനയുടെ ബെന്ദിയുവിലെ പുനരധിവാസ ക്യാമ്പില്‍ പതിനായിരക്കണക്കിന് പേര് അഭയം തേടി. സൈനിക അട്ടിമറിശ്രമം ആരോപിച്ച് 11 പേരെ ജയിലിലടച്ച സര്‍ക്കാര്‍ നടപടിയെത്തുടര്‍ന്നാണ് സമാധാന ചര്‍ച്ചകള്‍ വഴിമുട്ടിയത്. ഇവരെ വിട്ടയക്കണമെന്ന വിമതരുടെ ആവശ്യം സര്‍ക്കാര്‍ നിരസിച്ചതോടെയാണ് സമാധാന ചര്‍ച്ചകള്‍ പ്രതിസന്ധിയിലായത്. ചര്‍ച്ചകള്‍ എത്യോപ്യയില്‍ നിന്നും ദക്ഷിണ സുഡാനിലെ ജൂബയിലേക്ക് മാറ്റുകയാണെങ്കില്‍ മാത്രമേ തടവിലുള്ളവരെ വിട്ടയക്കുകയുള്ളൂ എന്നാണ് സര്‍ക്കാര്‍ നിലപാട്. ബെന്ദിയു, ബോര് തുടങ്ങി വന്‍തോതില്‍ എണ്ണ ശേഖരമുള്ള സ്ഥലങ്ങള്‍ ഇപ്പോഴും വിമതരുടെ പിടിയിലാണ്. ബോറില്‍ സൈന്യവും വിമതരുമായുള്ള ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.
നിലവിലെ പ്രസിഡന്റ് സാല്വാ കിറും മുന്‍ വൈസ്പ്രസിഡന്റ് റൈക്ക് മാക്കറും തമ്മിലുള്ള അധികാര വടംവലിയാണ് സുഡാനില്‍ ആഭ്യന്തര കലാപത്തിന് കാരണമായത്. ഇരു വ്യക്തികളുമുള്പ്പെട്ട ഗോത്ര വിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രാജ്യത്ത് ഇതുവരെ 1000ത്തില്‍ ഏറെപ്പേര്‍ കൊല്ലപ്പെടുകയും 20000ല്‍ അധികം ജനങ്ങള്‍ അഭയാര്‍ത്ഥികളാകുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: