കൊച്ചി: ക്ഷീരകര്‍ഷകരുടെ ഉറക്കം കെടുത്തുന്ന കുളമ്പുരോഗത്തിന് ചെലവു കുറഞ്ഞതും പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതുമായ നാടന്‍ ചികിത്സാ പദ്ധതിയുടെ പ്രചരണത്തിനുവേണ്ടി ബംഗളൂരുവിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ട്രാന്‍സ്ഡിസിപ്ലിനറി ഹെല്‍ത്ത് സയന്‍സ് ആന്റ് ടെക്നോളജിയിലെ ശാസ്ത്രജ്ഞന് ഡോ. എം. എന്‍. ബാലകൃഷ്ണന്‍നായര്‍ പെരുമ്പാവൂരിലെത്തി. മൃഗസംരക്ഷണവകുപ്പിലെ ഡോക്ടര്‍മാരെയും ക്ഷീരകര്‍ഷകരെയും നേരില്‍ കണ്ട് മാര്‍ക്ഷനിര്‍ദ്ദേശങ്ങള്‍ നല്കിയ അദ്ദേഹം നിരവധി നാട്ടറിവുകള്‍ പങ്കുവച്ചു. ദേശീയവും വിദേശീയവുമായ നിരവധി സര്‍വ്വകലാശാലകളും ശാസ്ത്ര ഗവേഷണസ്ഥാപനങ്ങളും സംസ്ഥാന സര്‍ക്കാരുകളും ഡോ.ബാലകൃഷ്ണന് നായരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി രംഗത്തുണ്ട്. കേരളത്തിലെ മൃഗസംരക്ഷണവകുപ്പ് തത്വത്തില്‍ ഈ പ്രവര്‍ത്തനങ്ങളെ അംഗീകരിച്ചിട്ടുണ്ടെങ്കിലും ഒരുവിഭാഗം ഡോക്ടര്‍മാര്‍ വിപ്ലവകരമായ ഈ നാടന്‍ ചികിത്സാ സംരംഭങ്ങളോട് മുഖം തിരിക്കുന്നതായി ഡോ. ബാലകൃഷ്ണന് നായര്‍ പറയുന്നു.
ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ട്രാന്‍സ്ഡിസിപ്ലിനറി ഹെല്‍ത്ത് സയന്‍സ് ആന്റ് ടെക്നോളജിയിലെ ഡോ. പുണ്യമൂര്‍ത്തി, ഡോ. കുമാര്‍, പി. കെ. നാരായണ കൈമള്‍ എന്നിവരടങ്ങുന്ന സംഘം ഡോ.ബാലകൃഷ്ണന് നായരോടൊപ്പം ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.
അടുക്കളയില്‍ ലഭ്യമായ വ്യഞ്ജനങ്ങളും മുറ്റത്തുനിന്നോ, തൊടിയില്‍നിന്നോ, പറിച്ചെടുക്കാവുന്ന പച്ചമരുന്നുകളും ഉപയോഗിച്ച് ലളിതമായി തയ്യാറാക്കാവുന്ന മരുന്നുകള്‍ ഫലപ്രദമാണെന്ന് നിരവധി കര്‍ഷകര്‍ ഇതിനോടകം പരീക്ഷിച്ചറിഞ്ഞുകഴിഞ്ഞു. കുളമ്പുരോഗം, അകിടുവീക്കം എന്നിവയ്ക്കുപുറമെ വയറിളക്കം, വയറുവീക്കം, പനി, പറങ്കിപ്പുണ്ണ്, പശുക്കള്‍ ഗര്ഭിണികളാവാതിരിക്കല് തുടങ്ങിയവയ്ക്കും വളരെ ഫലപ്രദമായ നാടന്‍ ചികിത്സകള്‍ ഡോ. ബാലകൃഷ്ണന്‍നായരുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇതുസംബന്ധിച്ച എല്ലാ സംശയങ്ങള്‍ക്കും 9447819255 (പി. കെ. നാരായണ കൈമള്‍, റീജിയണല്‍ കോ – ഓര്‍ഡിനേറ്റര്‍, ആലുവ) എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
മരുന്നുകളുടെ നിര്‍മ്മാണവും ഉപയോഗവും : കുളമ്പുരോഗത്തിന് (ഉള്ളില്‍ കൊടുക്കാന്‍) : ജീരകം, ഉലുവ, കുരുമുളക്, മഞ്ഞള്‍, വെളുത്തുള്ളി എന്നിവ 10 ഗ്രാം വീതം, ശര്‍ക്കര 100 ഗ്രാമും ഒരു നാളികേരവും.
ഉലുവയും ജീരകവും കുരുമുളകും വെള്ളത്തില്‍ കുതിര്‍ത്ത് മഞ്ഞളും വെളുത്തുള്ളിയും ചേര്‍ത്തരച്ച് ശര്‍ക്കരയും, ചുരണ്ടിയ നാളികേരവും കുഴച്ച് ഒരു നെല്ലിക്കാവലുപ്പത്തില്‍ ഉരുട്ടി എടുത്ത് ഉപ്പില്‍ തൊട്ട് പശുവിന്റെ കവിളുകളില്‍ ഇട്ട് അടക്കുക. ഒരുദിവസം കുറഞ്ഞത് മൂന്നുതവണ ഇതുചെയ്യാം.
കാലില്‍ പുരട്ടുന്നതിന്: കുപ്പമേനി, തുളസിയില, മെയിലാഞ്ചി, ആര്യവേപ്പില എന്നിവ 100 ഗ്രാം എടുത്ത് 20 ഗ്രാം മഞ്ഞളും 10 ചുള വെളുത്തുള്ളിയും നന്നായരച്ച് 250 ഗ്രാം നല്ലെണ്ണയിലോ, വെളിച്ചെണ്ണയിലോ ചാലിച്ച് പുരട്ടാം. ദിവസവും മരുന്നുകള്‍ പുതുതായി തയ്യാര്‍ ചെയ്യുന്നതിനാണ് ശ്രദ്ധിക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: