തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കാമെന്ന് സിപിഎം വാഗ്ദാനം ചെയ്തെന്ന കെ.ആര്. ഗൗരിയമ്മയുടെ പ്രസ്താവന വസ്തുതാ വിരുദ്ധമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. നല്ല ഓഫര്‍ ലഭിച്ചാല്‍ അപ്പോള്‍ ആലോചിക്കാമെന്ന് ഗൗരിയമ്മ പറഞ്ഞ സാഹചര്യത്തില്‍ അത്തരത്തില്‍ ആലോചനയുണ്ടോ എന്ന ചോദ്യത്തിന് ഓഫര്‍ കൊടുക്കുന്നെങ്കില്‍ ആരെങ്കിലും പരസ്യമായി പറയുമോ എന്നും പിണറായി മറുപടി നല്കി. താന്‍ അറിഞ്ഞുകൊണ്ട് അത്തരത്തില്‍ യാതൊരു ചര്‍ച്ചകളും നടക്കുന്നില്ലെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
പാചകവാതക വിലവര്‍ധനയ്ക്കെതിരെ ഈ മാസം 15 മുതല്‍ സിപിഎം നിരാഹാര സമരം നടത്തുമെന്ന് പിണറായി പറഞ്ഞു. ഗ്യാസ് സബ്സിഡിക്ക് ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കണമെന്ന നിബന്ധന ഉപേക്ഷിക്കണം. റിലയന്‍സ്, എസ്സാര്‍ തുടങ്ങിയ കോര്‍പറേറ്റുകളെ സഹായിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ വില കുത്തനെ വര്‍ധിപ്പിച്ചത്. എന്ത് സംഭവിച്ചാലും വില കുറയ്ക്കില്ലെന്നാണ് കേന്ദ്രമന്ത്രി വീരപ്പമൊയ്ലി പറയുന്നത്. ജനതാത്പര്യമല്ല, കുത്തകകളുടെ താത്പര്യമാണു കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംരക്ഷിക്കുന്നത്.
ദേശാഭിമാനിയുടെ ഭൂമി വില്പനയുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് കള്ളപ്രചരണമാണ് നടത്തുന്നതെന്ന് പിണറായി വിജയന് ആരോപിച്ചു. ദേശാഭിമാനി ഭൂമി വില്പന ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളും പാര്‍ട്ടി അറിഞ്ഞു തന്നെയാണ് നടത്തിയതെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടു പിണറായി പ്രതികരിച്ചു.
ദേശാഭിമാനി പുതിയ കെട്ടിടത്തിലേക്കു മാറിയതിന്റെ ഭാഗമായാണു പഴയ കെട്ടിടവും സ്ഥലവും വിറ്റത്. ദേശാഭിമാനി തീരുമാനിച്ചു എന്ന് പറയുമ്പോള്‍ അത് പാര്‍ട്ടി തീരുമാനിച്ചു എന്ന് തന്നെയാണ്. ഏഷ്യാനെറ്റിനെതിരെ നിയമനടപടി സ്വീകരിക്കുമോ എന്ന ചോദ്യത്തിന് നിയമനടപടിക്കില്ലെന്നും ഇതുപോലെ വിളിച്ചു പറയാനാണ് ഉദ്ദേശിക്കുന്നതെന്നും പിണറായി പറഞ്ഞു.
തിരുവഞ്ചൂരിനെ മാറ്റി ചെന്നിത്തലയെ ആഭ്യന്തരമന്ത്രിയാക്കിയതിലൂടെ കോണ്‍ഗ്രസ് പുതിയ പ്രശ്നങ്ങളിലേക്കു നീങ്ങുകയാണ്. തിരുവഞ്ചൂരിനുപകരം ചെന്നിത്തലയുടെ ഛായാചിത്രം വന്നുവെന്ന മാറ്റം മാത്രമേ ഈ പുനസംഘടനയിലൂടെ ഉണ്ടായിട്ടുള്ളൂവെന്നും പിണറായി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: