ഇസ്ലാമാബാദ്: ചികിത്സക്കായി വിദേശത്ത് പോകണമെന്നാവശ്യപ്പെട്ട് പാക് മുന്‍ പ്രസിഡന്റ് പര്‍വ്വേസ് മുഷറഫ് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. കോടതിയുടെ അനുമതി ഇല്ലാതെ രാജ്യം വിട്ട് പോകരുതെന്നും ഇസ്ലാമബാദ് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. മുഷറഫിനെതിരായ കേസുകളില്‍ പ്രത്യേക കോടതിയുടെ നിയമനടപടികളില്‍ ഇടപെടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. 2007-ല്‍ മുഷറഫിന്റെ ഭരണകാലത്തുണ്ടായ സൈനിക നടപടിയില്‍ നിരവധി പേര് കൊല്ലപ്പെട്ടിരുന്നു. ഈ കാലയളവിലെ ക്രിമിനല്‍ കേസുകളിലാണ് മുഷറഫ് ഇപ്പോള്‍ വിചാരണ നേരിടുന്നത്. സൈനിക നടപടിയില്‍ കൊല്ലപ്പെട്ടവരുടെ പ്രതിനിധികളുടെ സംഘടനയായ സുഹാദ ഫൗണ്ടേഷന് ഓഫ് പാക്കിസ്ഥാന് ട്രസ്റ്റ്, ലാല്‍ മസ്ജിദ് എന്നിവരാണ് മുഷറഫ് രാജ്യം വിട്ട് പോകുന്നതിനെതിരെ ഹര്‍ജി സമര്‍പ്പിച്ചത്.
ഹൃദയസംബന്ധമായ അസുഖത്തെതുടര്‍ന്ന് ആശുപത്രിയില്‍ ഹാജരാകാതിരുന്ന മുഷറഫിനെ വിദഗ്ധ ചികിത്സക്കായി വിദേശത്തേക്ക് പോകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യയും ഹര്‍ജി സമര്‍പ്പിച്ചിരുന്നു. കേസിന്റെ വിചാരണയ്ക്കായി കഴിഞ്ഞ നാല് തവണയും മുഷറഫ് കോടതിയില്‍ ഹാജരായിരുന്നില്ല. സുരക്ഷാ ഭീഷണിയെതുടര്‍ന്ന് രണ്ട് തവണ ഹാജരാകാതിരുന്ന മുഷറഫ് പിന്നീട് അസുഖമായതിനാല്‍ ഹാജരാകാനാവില്ലെന്ന് കോടതിയെ അറിയിച്ചിരുന്നു.
പാക്കിസ്ഥാന്റെ ഭരണ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു മുന്‍ പ്രസിഡന്റ് വിചാരണ നേരിടുന്നത്. വിചാരണ പൂര്‍ത്തിയാകുമ്പോള്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ മുഷറഫിന് ജീവപര്യന്തമോ, വധശിക്ഷയോ ലഭിച്ചേക്കാം. വിദേശത്തായിരുന്ന മുഷറഫ് കഴിഞ്ഞ മെയില്‍ പാക്കിസ്ഥാനില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് അറസ്റ്റിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: