കൊച്ചി: മകരവിളക്കിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ കോടിക്കണക്കിന് തീര്‍ത്ഥാടകര്‍ എത്തുന്ന ശബരിമലയില്‍ വേണ്ട മുന്‍കരുതലുകളോ തിരക്ക് നിയന്ത്രിക്കാനുള്ള ശാസ്ത്രീയ സംവിധാനങ്ങളോ ഒരുക്കാത്തത് പ്രതിഷേധാര്‍ഹവും തികഞ്ഞ അനാസ്ഥയും ആണെന്ന് ഹിന്ദുഐക്യവേദി സമ്പൂര്‍ണ്ണ സംസ്ഥാന സമിതി വ്യക്തമാക്കി. പതിനായിരം കോടിയിലധികം രൂപയുടെ റവന്യൂ വരുമാനം ശബരിമല തീര്‍ത്ഥാടന വേളയില്‍ സര്‍ക്കാരിലേക്ക് ലഭിച്ചിട്ടും ഒരു ശതമാനം പോലും തീര്‍ത്ഥാടകരുടെ ക്ഷേമത്തിനുവേണ്ടി ചിലവഴിക്കാത്തത് തികഞ്ഞ മതവിവേചനമാണ്. കുടിവെള്ളമോ, ആഹാരമോ മറ്റു പ്രാഥമിക സൗകര്യങ്ങളോ ഇല്ലാത്ത സ്ഥലങ്ങളില്‍ അയ്യപ്പന്മാരെ തടഞ്ഞുനിര്‍ത്തി മണിക്കൂറുകളോളം പീഡിപ്പിക്കുന്നത് മനുഷ്യാവകാശലംഘനവും ഭക്തന്മാരോടുള്ള ക്രൂരതയുമാണ്. വിവിധ സംസ്ഥാനങ്ങളിലെ പോലീസും കേന്ദ്രസേനയും സംയുക്തമായി തിരക്ക് നിയന്ത്രണത്തിന്റെ ചുമതല ഏറ്റെടുത്ത് തീര്‍ത്ഥാടനം സുഗമമാക്കണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.
ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളെ അട്ടിമറിക്കുന്നതും പശ്ചിമഘട്ടത്തെ ഖാനന മാഫിയകള്‍ക്ക് വിട്ടുകൊടുക്കുന്നതുമായ ഡോ. ഉമ്മന്‍ വി. ഉമ്മന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയുടെ ശുപാര്‍ശകള്‍ സര്‍ക്കാര്‍ തള്ളിക്കളയണം. പശ്ചിമഘട്ടത്തെ സംരക്ഷിക്കുന്നതിനെ സംബന്ധിച്ച സര്‍ക്കാര്‍ നിലപാട് തികഞ്ഞ ഇരട്ടത്താപ്പും പശ്ചിമഘട്ടസംരക്ഷണത്തെ തുരങ്കം വയ്ക്കുന്നതുമാണ്. പശ്ചിമഘട്ടത്തെ സംരക്ഷിക്കുന്നതിനല്ല പ്രതിഷേധക്കാരെ പ്രീണിപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ താല്പര്യം കാണിക്കുന്നത്. പശ്ചിമഘട്ട സംരക്ഷണ ഏകോപനസമിതി ജനുവരി 8ന് തിരുവനന്തപുരത്ത് നടത്തുന്ന നിയമസഭ മാര്‍ച്ചിന് ഹിന്ദുഐക്യവേദി പിന്തുണ നല്‍കും.
പതിനൊന്ന് ന്യൂനപക്ഷ എയ്ഡഡ് കോളേജുകള്‍ക്ക് സ്വയംഭരണ പദവി നല്കിയ സര്‍ക്കാര്‍ നടപടി ഭൂരിപക്ഷ സമുദായത്തെ വിദ്യാഭ്യാസരംഗത്തുനിന്ന് തുടച്ചു നീക്കുന്നതാണ്. വിദ്യാഭ്യാസരംഗത്ത് മതവിവേചനം സൃഷ്ടിക്കുന്ന ഈ തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കണം.
ആറന്മുള വിമാനത്താവള വിരുദ്ധ ഏകോപനസമിതിയുടെ നേതൃത്വത്തില്‍ ഫെബ്രുവരി ആദ്യവാരം ആറന്മുളയില് ആരംഭിക്കുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരം വിജയിപ്പിക്കാന്‍ എല്ലാ ദേശസ്നേഹികളോടും ഹിന്ദുഐക്യവേദി ആഹ്വാനം ചെയ്തു. സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന അനധികൃത അറവുശാലകള്‍ക്കെതിരെ സര്‍ക്കാര്‍ നിയമനടപടി സ്വീകരിക്കണം. വഴിയോരങ്ങളില്‍ പരസ്യമായി പ്രദര്‍ശിപ്പിച്ച് മാംസവില്പന നടത്തുന്നത് നിയമവിരുദ്ധമാണെന്നിരിക്കേ ഇത് സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുകയാണ്. കന്നുകാലികളെ വാഹനങ്ങളില്‍ കുത്തിനിറച്ച് പട്ടിണിക്കിട്ട് കൊല്ലാക്കൊല ചെയ്തുകൊണ്ടാണ് അറവുശാലകളിലെത്തിക്കുന്നത്.
ഹിന്ദു ജാഗരണ മഞ്ച് അഖിലഭാരതീയ സംയോജക് അശോക് പ്രഭാകര്‍ ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ. പി. ശശികല, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കുമ്മനം രാജശേഖരന്, വി. ആര്. സത്യവാന്, കെ. ടി. ഭാസ്കരന്, ആര്. വി. ബാബു, ബ്രഹ്മചാരി ഭാര്‍ഗവറാം, സംഘടനാ സെക്രട്ടറിമാരായ കെ. പി. ഹരിദാസ്, എം. രാധാകൃഷ്ണന്, സി. ബാബു, മഹിള ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബിന്ദു മോഹന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: