ബാങ്കോക്ക്: തായ്ലന്റ് പ്രധാനമന്ത്രി യിംഗ്ലക്ക് ഷിനവത്രെ രാജിവെക്കണമെന്നാവശ്യപ്പെട്ട് രണ്ട് മാസത്തിലധികമായി നടത്തുന്ന പ്രക്ഷോപം ശക്തമായി തുടരുന്നു. ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ രാജ്യ തലസ്ഥാനത്തേക്ക് റാലി നടത്തി. തെരഞ്ഞെടുപ്പില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയില്ലെങ്കില് ബാങ്കോക്ക് സ്തംഭിപ്പിക്കുമെന്ന് പ്രതിഷേധകര്‍ മുന്നറിയിപ്പും നല്കി.
സഹോദരനും, മുന്‍ പ്രധാനമന്ത്രിയുമായ താക്സിന് ഷിനവത്രെയുടെ കളിപ്പാവയാണ് യിംഗ്ലക്ക് ഷിനവത്രെയെന്ന് പ്രക്ഷോഭകര്‍ ആരോപിച്ചു. ഭാവിയില്‍ ഏതെങ്കിലും തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പായി ജനകീയ സമിതി രൂപീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ആഴ്ചകളായി തുടരുന്ന പ്രക്ഷോഭം തായ്ലന്റിന്റെ സാമ്പത്തിക മേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഈ മാസം 13ന് ബാങ്കോക്ക് അടച്ചിടുന്നതിനു മുന്നോടിയായി രണ്ട് മാര്‍ച്ചുകള്‍ കൂടി നടത്തുമെന്ന് പ്രതിഷേധകര്‍ അറിയിച്ചു.
നവംബറില്‍ സര്‍ക്കാരിനെതിരെ 200,00ത്തിലധികം പ്രതിഷേധകരാണ് തായ്ലന്റിലെ തെരുവിലിറങ്ങിയത്. 2010-ല്‍ തായ് സര്‍ക്കാരിനെതിരെ നടത്തിയ പ്രക്ഷോഭത്തിനു ശേഷമുള്ള വലിയ പ്രതിഷേധമാണ് നവംബറില്‍ നടന്നത്. പ്രതിഷേധകരും പോലീസും ചേര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര് കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി രാജിവെക്കുന്നതുവരെ പ്രതിഷേധം തുടരാനാണ് പ്രക്ഷോഭകരുടെ തീരുമാനം. സര്‍ക്കാര്‍ ഓഫീസുകളും വിമാനത്താവളങ്ങളും അടച്ചിട്ടുകൊണ്ടുള്ള പ്രക്ഷോഭ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ആഴ്ചകളായി പ്രക്ഷോഭം തുടരുമ്പോഴും രാജിക്കില്ലെന്നാണ് ഷിനവത്രെയുടെ പ്രതികരണം. തെരഞ്ഞെടുപ്പ് പിന്‍വലിക്കാനാവില്ലെന്നും, നിശ്ചയിച്ച ദിവസം തന്നെ തെരഞ്ഞെടുപ്പ് നടത്തുമെന്നും തങ്ങളുടെ പോ-തായ് പാര്‍ട്ടി വിജയിക്കുമെന്നും ഷിനവത്രെ പറഞ്ഞു. പ്രക്ഷോപകരെ നേരിടാന്‍ 2000 പോലീസ് സേനയേയും 20 കമ്പനി സൈന്യത്തേയും വിന്യസിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. പോ-തായ് പാര്‍ട്ടിയുടെ പ്രചാരണത്തിനായി ആയിരക്കണക്കിന് പ്രവര്‍ത്തകരും ബാങ്കോക്കില്‍ തമ്പടിച്ചിട്ടുണ്ട്.
യിംഗ്ലക്കിന്റെ സഹോദരനും മുന്‍ പ്രധാനമന്ത്രിയുമായ താക്സിന് ഷിനവത്ര ഭരണത്തില്‍ സ്വാധീനം ചെലുത്തുന്നുവെന്നാരോപിച്ചാണ് സര്ക്കാരിത്രെ പ്രതിപക്ഷം സമരം തുടങ്ങിയത്. സൈന്യം പുറത്താക്കിയ താക്സിന് വിദേശത്തു പ്രവാസജീവിതം നയിക്കുകയാണ്. സമരം ശക്തമായതോടെയാണ് പാര്‍ലമെന്റ് പിരിച്ചുവിട്ട് പൊതുതെരഞ്ഞെടടുപ്പ് പ്രഖ്യാപിച്ചത്. ഇതിനിടെ ഷിനവത്രെക്കെതിരായ അവിശ്വാസപ്രമേയത്തില്‍ അവര്‍ വിജയച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: