ധാക്ക: പ്രതിപക്ഷം ബഹിഷ്കരണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇന്ന് നിശ്ചയിച്ചിരിക്കുന്ന പൊതുതെരഞ്ഞെടുപ്പു റദ്ദാക്കുന്ന പ്രശ്നമില്ലെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേക്ക് ഹസീന വ്യക്തമാക്കി. ജനങ്ങളെ ബന്ദികളാക്കാനാണു പ്രതിപക്ഷ ബിഎന്‍പി നേതാവ് ബീഗം ഖാലിദ സിയയുടെ ശ്രമമെന്ന് ഭരണകക്ഷിയായ അവാമിലീഗിനു നേതൃത്വം നല്കുന്ന ഹസീന ആരോപിച്ചു. തെരഞ്ഞെടുപ്പിനു മുമ്പായി നിലവിലുള്ള സര്‍ക്കാര്‍ രാജിവയ്ക്കണമെന്നും ഇടക്കാല സര്‍ക്കാരായിരിക്കണം തെരഞ്ഞെടുപ്പിനു നേതൃത്വം നല്‍കേണ്ടതെന്നുമുള്ള കീഴ്വഴക്കം ഹസീന ഭരണകൂടം തെറ്റിച്ചതാണ് ബിഎന്‍പിയുടെ എതിര്‍പ്പിനു കാരണം. ഇതേത്തുടര്‍ന്നു രാജ്യവ്യാപകമായി അവര്‍ പ്രക്ഷോഭം സംഘടിപ്പിക്കുകയും അക്രമം നടത്തുകയും ചെയ്തു. നൂറോളം പേര് അക്രമങ്ങളില്‍ കൊല്ലപ്പെട്ടു. ഇന്നലെയും അക്രമങ്ങള്‍ നടന്നു.
ഖാലിദ സിയ വീട്ടുതടങ്കലിലാണ്. നിരവധി പ്രതിപക്ഷ നേതാക്കള്‍ ഒളിവിലും. വോട്ടര്‍മാരില്ലാത്ത തെരഞ്ഞെടുപ്പു നടത്തി രാജ്യത്തെ ആഭ്യന്തരയുദ്ധത്തിലേക്കു തള്ളിവിടാനാണു സര്‍ക്കാരിന്റെ ശ്രമമെന്ന് ബിഎന്‍പി പത്രസമ്മേളനത്തില്‍ ആരോപിച്ചു. ഈ പ്രഹസനം നിര്‍ത്താന്‍ ഇനിയും സമയമുണ്ടെന്നും എത്രയും വേഗം പ്രതിപക്ഷവുമായി ചര്‍ച്ച നടത്തി പ്രശ്നത്തിനു പരിഹാരം കാണണമെന്നും ബിഎന്‍പി വക്താവ് ഫറൂക്ക് പറഞ്ഞു. എന്നാല്‍ ബിഎന്‍പിയുടെ ആവശ്യം ഭരണഘടനാവിരുദ്ധമാണെന്നാണ് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടത്.
ഇതിനിടെ ഞായറാഴ്ചത്തെ വോട്ടെടുപ്പിനു വേണ്ട എല്ലാ സുരക്ഷാ ഏര്‍പ്പാടുകളും പൂര്‍ത്തിയായെന്ന് അധികൃതര്‍ അറിയിച്ചു. വോട്ടെടുപ്പില്‍ അവാമി ലീഗിനു വാക്കോവര്‍ കിട്ടുമെന്നു വ്യക്തമാണ്. അതിനുശേഷം എന്തു സംഭവിക്കുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്. 2007ലേതുപോലെ സൈന്യം ഭരണം ഏറ്റെടുത്തേക്കാമെന്ന് ആശങ്കയുണ്ട്. യൂറോപ്യന്‍ യൂണിയന്, യുഎസ്, കോമണ്‍വെല്‍ത്ത് എന്നിവ വോട്ടെടുപ്പിനു നിരീക്ഷകരെ അയയ്ക്കാന്‍ വിസമ്മതിച്ചിരിക്കുകയാണ്. ഇതിനിടെ, ഇപ്പോഴത്തെ തെരഞ്ഞെടുപ്പിനുശേഷം ഭരണഘടനാ ഭേദഗതിയെക്കുറിച്ചും തെരഞ്ഞെടുപ്പു പരിഷ്കാരത്തെക്കുറിച്ചും ചര്‍ച്ചയാവാമെന്നു ഷേക്ക് ഹസീന സൂചിപ്പിക്കുകയുണ്ടായി. ബംഗ്ലാദേശിന്റെ സ്വാതന്തത്തെ എതിര്‍ത്ത ജമാഅത്തുമായുള്ള ബന്ധം വിച്ഛേദിക്കാന്‍ ബിഎന്‍പി തയാറായാല്‍ ഇലക്ഷനുശേഷം നിലവില്‍വരുന്ന പത്താം പാര്‍ലമെന്റ് വൈകാതെ പിരിച്ചുവിട്ട് പതിനൊന്നാം പാര്‍ലമെന്റ് രൂപീകരിക്കാന്‍ പുതിയ വോട്ടെടുപ്പു നടത്താമെന്നു ഹസീന പറഞ്ഞു. ജമാഅത്തിന്റെ നിരവധി നേതാക്കളെ ഈയിടെ യുദ്ധക്കുറ്റ ട്രൈബ്യൂണല്‍ ശിക്ഷിക്കുകയുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: