ന്യൂദല്‍ഹി: മന്മോഹന് സിംഗിന് പ്രായമായി. മൂന്നാംവട്ടം പ്രധാനമന്ത്രിയാകാനില്ലെന്ന് പറഞ്ഞത് പക്ഷേ ശരീരം സമ്മതിക്കാത്തതുകൊണ്ടല്ല, മോഹിച്ചിട്ടും കാര്യമില്ലെന്നറിയാമായിരുന്നിട്ടുതന്നെയാണ്. പക്ഷേ, രണ്ടാമത്തെ പ്രധാനമന്ത്രി കാലാവധി കൂടി പൂര്‍ത്തിയാക്കാന്‍ അനുവദിക്കാമോ എന്നതാണ് പ്രശ്നം. കാരണം, 81 വയസ്സു കഴിഞ്ഞ സിംഗിന് ഓര്മപോയിരിക്കുന്നു. അതോ ഒരിക്കലും മറക്കരുതാത്തകാര്യത്തെക്കുറിച്ച്.
മന്മോഹന് സിംഗ് ഒരു വാശിപ്പുറത്തായിരിക്കാം നരേന്ദ്രമോദിയെ പഴിക്കാന്‍ ഗുജറാത്ത് തെരുവിലെ സംഭവങ്ങളെക്കുറിച്ച് പറഞ്ഞത്. സ്വാഭാവികം. ശിഷ്ടകാലം കൂടി അധികാരക്കസേരയിലിരിക്കാന്‍ അനുമതി കിട്ടണമെങ്കില്‍ അത്തരം ചില പരാമര്‍ശങ്ങള്‍ വേണ്ടി വരാം. പക്ഷേ തലമറന്നെണ്ണ തേച്ചാലും തലപ്പാവിനെ മറക്കാന്‍ പാടില്ലായിരുന്നു പ്രധാനമന്ത്രിയെന്നാണ് ഇപ്പോള്‍ ആക്ഷേപം.
ദല്‍ഹിയില്‍, താനിരിക്കുന്ന റയ്സാനാ കുന്നിനു ചുവട്ടില്‍ തലങ്ങും വിലങ്ങും തലപ്പാവു ചുറ്റിയ തലകള്‍ വേറേയും ഉടലുമറ്റൊരിടത്തുമായി സിഖ് ജഡങ്ങള്‍ കിടന്ന ചരിത്രം സിംഗ് മറന്നുപോയത് കടുത്ത അപരാധമായിപ്പോയെന്ന വിമര്‍ശനം ഉയരുന്നു. മന്മോഹന് സിംഗ് മറന്നുപോയെങ്കിലും രാജ്യം അത് മറന്നിട്ടില്ല, സിഖുകാര്‍ വാളും ശിഖയും താടിയും തൊട്ട് വര്‍ഷംതോറും മാത്രമല്ല ദിനംതോറും ആവര്ത്തിക്കുന്നതിങ്ങനെയാണ്, മറക്കില്ലൊരിക്കലും.
1984 ഒക്ടോബര്‍ 31 ന് ഇന്ദിരാഗാന്ധി വെടിയേറ്റു വീണതു മുതല്‍ നവംബര്‍ ആറ് വരെ ഒരാഴ്ച രാജ്യത്തെമ്പാടും നടന്ന സിഖ് കൂട്ടക്കൊലയില്‍ 8000 പേരെങ്കിലും കൊല്ലപ്പെട്ടു. 3000 സിഖുകാര്‍ ദല്‍ഹിയില്‍ മാത്രം മരിച്ചുവെന്ന് ഔദ്യോഗികമായിത്തന്നെ സമ്മതിച്ചിട്ടുള്ളതാണ്. കുത്തിക്കൊന്ന, വെട്ടിക്കൊന്ന, തലയുറത്ത, ചുട്ടുകൊന്ന, ബലാത്സംഗം ചെയ്തുകൊന്ന സിഖ് ജനതയുടെ ജഡങ്ങള്‍ തെരുവുകളില്‍ അഴുകിക്കിടന്നു ദിവസങ്ങളോളം.
അന്ന് പ്രധാനമന്ത്രി കോണ്‍ഗ്രസ് നേതാവ് രാജീവ് ഗാന്ധിയായിരുന്നു, ഇന്നത്തെ രാഹുല്‍ഗാന്ധിയുടെ പിതാവ്. ആഭ്യന്തരമന്ത്രി പില്ക്കാലത്ത് പ്രധാനമന്ത്രിയായിരുന്ന പി.വി.നരസിംഹറാവു. ഈ പ്രധാനമന്ത്രി സാക്ഷാല്‍ മന്മോഹന് സിംഗ് അന്ന് റിസര്‍വ് ബാങ്കിന്റെ ഗവര്‍ണറായിരുന്നു.
മറക്കാനിടയില്ല സിംഗ് അതൊന്നും. രാജ്യത്തെ തെരുവു മുഴുവന്‍ സിഖ് രക്തം വീഴ്ത്തിയതു കണ്ടിട്ടും ആ കൊലകള്‍ക്കു കൂട്ടുനിന്നവര്‍ക്ക് ഓശാന പാടിയ സിംഗ് പ്രധാനമന്ത്രിയായപ്പോള്‍ ആരും പക്ഷേ സിഖ് ചരിത്രം പറഞ്ഞു വിലക്കിയില്ല. ഒരിക്കല്‍ പോലും ജനവിധി തേടാതെ രാജ്യസഭയില്‍ കൂടി പിന്നാമ്പുറം വഴി കടന്നിരുന്നയാള് ഗുജറാത്തിലെ കാര്യം പറയുമ്പോള്‍ പലരും മൂക്കത്ത് വിരല്വക്കുകയാണ്. കാരണം സിംഗ് മറന്നാലും സിഖുകാര്‍ മറക്കില്ലല്ലൊ.
സ്വന്തം സീറ്റ് ഏതാനും മാസങ്ങള്‍ കൂടി മാത്രം ഉറപ്പിക്കാന്‍ പക്ഷേ മന്മോഹന് തേടിയ വഴി പഴയ ചരിത്രം ഓര്‍മിപ്പിക്കാനും മുറിവില്‍ മുളകു തേക്കാനുമേ സഹായിച്ചൂവെന്നത് വേറെ കാര്യം. മന്മോഹന് ചക്കിന് വച്ചതാണോ കോണ്‍ഗ്രസിന് കൊണ്ടത്. അതോ പ്രധാനമന്ത്രിയാകാന്‍ യോഗ്യതയുണ്ടെന്ന് സിംഗ് പരസ്യമായി സമ്മതിച്ച പയ്യനെ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലെറിയാനുള്ള ബോധപൂര്‍വമായ രാഷ്ട്രീയം അതിന് പിന്നിലുണ്ടോ എന്നും രാഷ്ട്രീയ നിരീക്ഷകര്‍ സംശയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: