കൊളംബോ: സമുദ്രാതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയ 22 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക അറസ്റ്റു ചെയ്തു. വടക്കന്‍ സമുദ്രാതിര്‍ത്തിയില്‍ വെച്ച് ശ്രീലങ്കന്‍ നാവിക ഉദ്യോഗസ്ഥരാണ് മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത ഇവരെ പിന്നീട് പോലീസിനു കൈമാറി.
സമുദ്രാതിര്‍ത്തി ലംഘിച്ച മത്സ്യത്തൊഴിലാളികള്‍ മടങ്ങിപ്പോകാന്‍ തയ്യാറാകാതിരുന്നതിനാലാണ് അറസ്റ്റ് ചെയ്തതെന്ന് നേവി ഉദ്യോഗസ്ഥര്‍ പറയുന്നു. ഈ മാസം 100 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെയാണ് ഈ കാരണത്താല്‍ ശ്രീലങ്ക അറസ്റ്റ് ചെയ്തത്. നാഷണല്‍ ഫിഷറീസ് സോളിഡാറിറ്റി മൂവ്മെന്റിന്റെ കണക്കനുസരിച്ച് 213 ശ്രീലങ്കന്‍ മത്സ്യത്തൊഴിലാളികളെയും, 43 ബോട്ടുകളും ഇന്ത്യ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ്.
ശ്രീലങ്കന്‍ സമുദ്രാതിര്‍ത്തിയില്‍ നിന്ന് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനം നടത്തുന്നത് തങ്ങള്‍ക്ക് വന്‍ തോതിലുള്ള സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുണ്ടെന്നാണ് ലങ്കന്‍ മത്സ്യത്തൊഴിലാളികളുടെ വാദം. എന്നാല്‍ ശ്രീലങ്കന്‍ വാദം തെറ്റാണെന്നും 1974ല്‍ അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് ശ്രീലങ്ക ഇന്ത്യക്ക് കൈമാറിയ സമുദ്ര മേഖലയിലാണ് മത്സ്യബന്ധനം നടത്തുന്നതെന്ന് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതിന് അടുത്തമാസം ചര്‍ച്ച നടത്താനുള്ള ശ്രമം തുടരുന്നതിനിടെയാണ് വീണ്ടും ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക അറസ്റ്റ് ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: