ഐഎഎസ് പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ തിരുവനന്തപുരം സ്വദേശി ഹരിത.വി.കുമാര്‍ കേരളത്തിന്റെ അഭിമാനമായി മാറിയത് മെയ് മാസത്തിലാണ്. ആത്മവിശ്വാസവും അര്‍പ്പണബോധവും ഉണ്ടെങ്കില്‍ ജീവിതത്തില്‍ എന്തും സ്വന്തമാക്കാനാവും എന്ന് ഹരിത തെളിയിച്ചു. 2012ല്‍ലോകം ഉറ്റുനോക്കിയ പാക്കിസ്ഥാന്‍ സ്വദേശി മലാല യൂസഫ്സായി 2013ലും ഈ തിരിച്ചറിവിന്റെ പ്രതീകമായി മാറി. ഭീകരതയെ പേടിപ്പിച്ച മലാല എന്ന കൊച്ചു മിടുക്കി ഐക്യരാഷ്‌ട്രസഭയില്‍ പ്രസംഗിച്ചത് ജൂലൈയിലാണ്. മലാലയെപ്പോലെ കഴിവുള്ള ഒരായിരം കൊച്ചുകുട്ടികള്‍ നമുക്കുണ്ട്.
ദല്‍ഹിയില്‍ ഓടുന്ന ബസില്‍ പെണ്‍കുട്ടിയെ സംഘം ചേര്‍ന്ന് പീഡിപ്പിച്ചതിന്റെ ഒന്നാം വാര്‍ഷികത്തിനു മുമ്പുതന്നെ ഈ വര്‍ഷം നാലു പ്രതികള്‍ക്ക് കോടതി വധശിക്ഷ വിധിച്ചു. നിര്‍ഭയ എന്ന പേരില്‍ ലോകം ആ പെണ്‍കുട്ടിയെ ഓര്‍ക്കുമ്പോള്‍ നമ്മുടെ പിഞ്ചോമനകള്‍ മുതല്‍ എത്രയോ കുട്ടികള്‍ നിരന്തരം പീഡനത്തിനിരയാകുന്നു. കേരള മനസാക്ഷിയെ ഞെട്ടിച്ച സൗമ്യ വധക്കേസില്‍ പ്രതിയായ ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഹൈക്കോടതി ശരിവെച്ചത് ഈ വര്‍ഷത്തെ സുപ്രധാന സംഭവമായിരുന്നു. ഗോവിന്ദച്ചാമിക്ക് വധശിക്ഷ നല്‍കണമെന്ന് തന്നെയായിരുന്നു കേരളത്തിലെ മുഴുവന്‍ ആളുകളുടേയും അഭിപ്രായം.
ഇത്തരം അഭിപ്രായരൂപീകരണം നടക്കുമ്പോള്‍ തന്നെ മറുവശത്ത് സ്ത്രീകള്‍ നിരന്തരം ആക്രമിക്കപ്പപ്പെടുകയല്ലേ. സ്ത്രീസുരക്ഷക്കുവേണ്ടി പാര്‍ലമെന്റ് ക്രിമിനല്‍ ലോ ഭേദഗതി ചെയ്തത് 2013 മാര്‍ച്ചിലാണ്. നിയമം പാസാക്കിയിട്ടും പീഡനങ്ങള്‍ക്ക് ഒട്ടും കുറവില്ല. അമ്മയും കാമുകനും ചേര്‍ന്ന് മകളെ കൊന്ന് കുഴിച്ചുമൂടിയതുപോലുള്ള ഒട്ടേറെ സംഭവങ്ങളിലൂടെ കേരള മനസാക്ഷി 2013 പലതവണ ഞെട്ടി, പിന്നെ എപ്പോഴോ വിറുങ്ങലിച്ചു പോയി.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കണക്കുകളും വിവരങ്ങളും നല്‍കുന്ന അറിവ് ദിനംപ്രതി പീഡനങ്ങള്‍ വര്‍ധിക്കുന്നുവെന്നാണ്. നിയമം പ്രാബല്യത്തില്‍ വന്നിട്ടും എന്തുകൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത്?
2013ല്‍ കേരള രാഷ്‌ട്രീയത്തില്‍ സ്ത്രീകള്‍ക്ക് അത്രവലിയ പ്രാധാന്യം ലഭിച്ചില്ല. ദേശീയ രാഷ്‌ട്രീയത്തില്‍ സ്ത്രീ പ്രാതിനിധ്യം അത്രകണ്ട് മികച്ചതായിരുന്നില്ലെങ്കിലും വ്യക്തമായ ഭൂരിപക്ഷം സ്ത്രീകള്‍ക്കുണ്ടെന്ന് തെളിയിച്ച വര്‍ഷമായിരുന്നു 2013. ഇന്ത്യയിലെ പാര്‍ലമെന്റിലും തെരഞ്ഞൈടുപ്പുകളിലും വനിതാ പ്രാതിനിധ്യം കുറയുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത് 2013ലാണ്. ഈ വര്‍ഷമാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന രാജസ്ഥാനില്‍ നിന്ന് വസുന്ധര രാജെ സിന്ധ്യ ചരിത്രപരമായ ഉജ്ജ്വല വിജയം കൈവരിച്ചത്. ദല്‍ഹി ഭരണത്തില്‍ നാലാമതും മുഖ്യമന്ത്രിയാകാന്‍ മത്സരിച്ച വനിത ഷീലാ ദീക്ഷിതിനെ ജനങ്ങള്‍ തോല്‍പ്പിച്ചു പുറത്തിരുത്തിയ വര്‍ഷവുമാണ് 2013.
കേരളത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ വിവാദ സംഭവമാണ് സോളാര്‍ കേസ്. സരിത എസ്. നായരും, സീരിയല്‍ താരം ശാലു മേനോനും കവിതാ പിള്ളയും മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന വര്‍ഷമായിരുന്നു 2013. അഴിമതിയിലും തട്ടിപ്പിലും സംവരണം ബാധകമല്ലെന്നു തെളിയിച്ച് ഇവര്‍ വനിതാ ലോകത്തിനു കുപ്രസിദ്ധിയുണ്ടാക്കി.
കഴിവുണ്ടായിട്ടും അവസരങ്ങള്‍ ലഭിക്കാതെ അവഗണന നേരിടേണ്ടിവന്ന പല വനിതകളും 2013ല്‍ ഇടംപിടിച്ചു. അടുക്കളയില്‍ നിന്ന് അരങ്ങത്തെത്തിയ ചന്ദ്രലേഖ എന്ന അടൂര്‍സ്വദേശിയെ ആരും മറന്നിട്ടുണ്ടാകില്ല. ഈശ്വരാനുഗ്രഹം വേണ്ടുവോളം ലഭിച്ച അതുല്യ ഗായികയായിരുന്നു ചന്ദ്രലേഖ. ദാരിദ്ര്യം മൂലം ഗായിക ആകാനുള്ള മോഹം ഉപേക്ഷിച്ച വീട്ടമ്മയായി കഴിഞ്ഞ സ്ത്രീ. ഒറ്റപ്പാട്ട് യൂട്യൂബ് ഹിറ്റായതോടെ അവസരങ്ങളുടെ വാതില്‍ ഈ ഗായികയ്‌ക്കുമുമ്പില്‍ തുറന്നു. ഒരു പാട്ടായാലും മതിയല്ലോ ജീവിതം മാറ്റിമറിക്കാന്‍.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ പ്രതിഷേധ സമരം സംഘടിപ്പിച്ച ഇടതുപക്ഷത്തിനെതിരെ രംഗത്തുവന്ന സന്ധ്യ എന്ന വീട്ടമ്മ വാര്‍ത്തയിലെ സ്ത്രീയായി മാറിയതും 2013ന്റെ അവസാനത്തോടെയാണ്. പൊതുസമൂഹത്തിന് ഇനിയും പ്രതികരണശേഷി നഷ്ടപ്പെട്ടിട്ടില്ലെന്ന് തിരിച്ചറിയിച്ച വനിത.
പെണ്‍കുട്ടികള്‍ക്കു വിവാഹ പ്രായം 16 ആക്കി കുറയ്‌ക്കാനുള്ള നീക്കം ഏറെ വിവാദമുയര്‍ത്തി. സര്‍ക്കാര്‍ തലത്തില്‍ നടന്ന ഈ നീക്കം 2013 ലെ പ്രധാന ചര്‍ച്ചാവിഷയമായിരുന്നു. പെണ്‍കുട്ടികളെ നേരത്തെ കെട്ടിച്ചയക്കുന്നത് പീഡനങ്ങള്‍ കുറയ്‌ക്കുമെന്ന മുസ്ലിം നേതാക്കളുടെ അഭിപ്രായം ഭൂരിപക്ഷവും തള്ളിക്കളയുകയായിരുന്നു. സ്ത്രീകളുടെ അവകാശങ്ങള്‍ക്കും സംരക്ഷണത്തിനുവേണ്ടി അഖിലേന്ത്യാ തലത്തില്‍ സമരം നടത്താന്‍ ഒരുങ്ങുമ്പോള്‍ രാജ്യത്തെ ഉന്നത പദവിയില്‍ ഇരിക്കുന്ന വനിതപോലും അവകാശ നിഷേധത്തിന് ഇരകയാകുന്ന കാഴ്ചയും 2013ല്‍ നാം കണ്ടു. ഇന്ത്യയെ പ്രതിനിധീകരിക്കുന്ന നയതന്ത്ര ഉദ്യോഗസ്ഥക്ക് ഏറ്റുവാങ്ങേണ്ടി വന്ന അപമാനത്തിനെതിരേയുള്ള പ്രതിഷേധം ഇന്നും കെട്ടടങ്ങിയിട്ടില്ല. അമേരിക്കയിലെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി ദേവയാനി ഖോബ്രഗഡ അനുഭവിച്ചതും നീതി നിഷേധമാണ്. വര്‍ഷാവസാനത്തില്‍ പുറത്തുവന്ന ദേവയാനിപ്രശ്നം ഇന്നും പരിഹരിച്ചിട്ടില്ല.
ജനാധിപത്യത്തിന്റെ നാലം തൂണെന്ന് വിശേഷിപ്പിക്കപ്പെടുന്ന മാധ്യമലോകത്തുമുണ്ട് ചില കള്ള നാണയങ്ങള്‍. തെഹല്‍ക്ക എന്ന മാധ്യമത്തിന്റെ എഡിറ്ററായിരുന്ന തരുണ്‍ തേജ്പാലിന്റെ ആദര്‍ശ കാപട്യത്തെ തൊലിയുരിച്ചു കാണിച്ചുകൊടുത്തത് ഒരു മാധ്യമപ്രവര്‍ത്തകയാണ്. പരാതിയുടെ അടസ്ഥാനത്തില്‍ തെഹല്‍ക്കയുടെ എംഡിയായ ഷോമ ചൗധരി രാജിവെച്ചതും തേജ്പാല്‍ ജയിലിഴിക്കുള്ളിലായതും 2013ലെ പ്രധാന സംഭവങ്ങളിലൊന്നാണ്. നടന്‍ വിജയകാന്തിന്റെ ഡിംഎംഡികെയുടെ ടിവിചാനലായ ക്യാപ്റ്റന്‍ ടിവിയുടെ ന്യൂസ് എഡിറ്റര്‍ രാജിവെച്ചതും പീഡനക്കേസിന്റെ അടിസ്ഥാനത്തിലായിരുന്നു. ഇരകള്‍ വേട്ടക്കാരെ വലയില്‍ കുടുക്കുന്നതിനു ധൈര്യം കാണിച്ച പെണ്‍വര്‍ഷം.
ജനങ്ങള്‍ക്ക് നീതി ഉറപ്പാക്കേണ്ട നീതിന്യായ ഉദ്യോഗസ്ഥര്‍ പോലും പീഡിതരായ വാര്‍ത്തകള്‍ 2013 ല്‍ പുറത്തുവന്നു. സുപ്രീംകോടതി ജസ്റ്റീസായിരുന്ന എ.കെ. ഗാംഗുലിക്കെതിരെ ഉയര്‍ന്നുവന്ന പീഡനക്കേസ് അന്വേഷണത്തിന്റെ പാതയിലാണ്. വനിതകള്‍ക്കു തുറന്നുപറയാനുള്ള കരുത്തു കിട്ടിയിരിക്കുന്നുവെന്നതിനു തെളിവ്.
അഴിമതിക്കെതിരെ കാവല്‍ക്കരുത്താകാന്‍ പാര്‍ട്ടികള്‍ക്കതീതരായി ഒറ്റക്കെട്ടായി നിന്ന് ലോക്പാല്‍ നിയമമാക്കിയെങ്കിലും സ്ത്രീകള്‍ക്കുള്ള അവകാശങ്ങള്‍ നേടിയെടുക്കാനുള്ള വനിതാസംവരണ ബില്‍ ഇക്കൊല്ലവും നിയമമായില്ല.
കേരളത്തിന്റെ കുടുംബശ്രീ പദ്ധതി ലോകശ്രദ്ധയാകര്‍ഷിച്ചതാണ്. എന്നാല്‍ ഈ ആണ്ട് അവസാനിക്കുമ്പോള്‍ ഒന്നു ചിന്തിക്കൂ, കേരളത്തിലെ കുടുംബശ്രീകളുടെ പ്രവര്‍ത്തനം ഇപ്പോള്‍ എങ്ങനെയാണ് നടക്കുന്നത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വന്നതോടെ കുടുംബശ്രീകളുടെ പ്രവര്‍ത്തനം മന്ദഗതിയിലായിട്ടില്ലേ. വിലയിരുത്തപ്പെടേണ്ടതാണ്. അനുഭവ പാഠങ്ങള്‍തന്ന് 2013 കടന്നുപോകുമ്പോള്‍ വരും വര്‍ഷത്തേക്കുള്ള പ്രതീക്ഷകള്‍ ചെറുതല്ല. സ്ത്രീ പീഡനങ്ങള്‍ ഇല്ലാത്ത, സ്ത്രീകള്‍ക്ക് സംരക്ഷണവും അവകാശങ്ങളും ഉറപ്പാക്കുന്ന ഒരു പുതിയ വര്‍ഷമാകുമോ 2014…
ശ്യാമ ഉഷ
പ്രതികരിക്കാൻ ഇവിടെ എഴുതുക: